ന്യൂസിലൻഡ് രണ്ടാമിന്നിങ്സിൽ 43.3 ഓവറിൽ 171/9 എന്ന നിലയിൽ തകർച്ച നേരിടുകയാണ്
വാംഖഡെയിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആധിപത്യം. രണ്ടാം ദിനം ഇന്ത്യ ഒന്നാമിന്നിങ്സിൽ 28 റൺസിൻ്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിൻ്റെ ഒന്നാമിന്നിങ്സ് സ്കോറായ 235 റൺസിന് മറുപടിയായി ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 263ൽ അവസാനിച്ചു. അജാസ് പട്ടേലിൻ്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ മുന്നൂറിൽ താഴെ സ്കോറിൽ പിടിച്ചുകെട്ടിയത്.
രണ്ടാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് രണ്ടാമിന്നിങ്സിൽ 43.3 ഓവറിൽ 171/9 എന്ന നിലയിൽ തകർച്ച നേരിടുകയാണ്. 143 റൺസിൻ്റെ ലീഡാണ് കീവീസിനുള്ളത്. ഒന്നാമിന്നിങ്സിൽ അഞ്ചു വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജ രണ്ടാമിന്നിങ്സിലും തിളങ്ങി. ജഡേജ നാലും അശ്വിൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, വാഷിങ്ടൺ സുന്ദറും ആകാശ് ദീപും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ 90 റൺസെടുത്ത ഗില്ലും 60 റൺസെടുത്ത റിഷഭ് പന്തും 38 റൺസെടുത്ത വാഷിങ്ടൺ സുന്ദറും ചേർന്നാണ് ഇന്ത്യയെ ലീഡിലേക്ക് നയിച്ചത്. രണ്ടാം ദിനം ന്യൂസിലൻഡ് വിക്കറ്റുകൾ തുരുതുരെ വീഴുന്നത്, വാംഖഡെയിൽ ടേണർ പിച്ചൊരുക്കി ജയം പിടിച്ചെടുക്കാനുള്ള ഇന്ത്യൻ ശ്രമം വിജയം കാണുന്നതിൻ്റെ തെളിവാണ്.
ALSO READ: മുംബൈ ഇന്ത്യൻസിലെ 'പാളയത്തിൽ പട' ഒതുക്കിയത് രോഹിത് ശർമയുടെ മാസ്റ്റർ പ്ലാൻ!
ന്യൂസിലൻഡ് നിരയിൽ ഫിഫ്റ്റി നേടിയ വിൽ യങ് (51), ഡെവോൺ കോൺവേ (22), ഡാരിൽ മിച്ചൽ (21), ഗ്ലെൻ ഫിലിപ്സ് (26) എന്നിവരും മികച്ച രീതിയിൽ തുടങ്ങിയെങ്കിലും ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ അധികം നേരം പിടിച്ചുനിൽക്കാതെ പവലിയനിലേക്ക് മടങ്ങി. വിൽ യങ്ങിനെ അശ്വിനും ഡാരിൽ മിച്ചലിനെ ജഡേജയും പുറത്താക്കിയതാണ് ഇന്ത്യക്ക് നിർണായകമായത്.