"ഞാൻ ക്രിക്കറ്റിൽ നിന്ന് പിൻവാങ്ങുകയുമില്ല. ഇത് അത്തരമൊരു തീരുമാനമല്ല," രോഹിത് വിശദീകരിച്ചു
ഓസ്ട്രേലിയൻ പര്യടനത്തിലെ നിർണായകമായ അഞ്ചാം ടെസ്റ്റിൽ നിന്ന് പിന്മാറിയതിൻ്റെ കാരണം വിശദീകരിച്ച് നായകനായിരുന്ന രോഹിത് ശർമ. രണ്ടാം ടെസ്റ്റ് മുതൽ നാലാം ടെസ്റ്റ് വരെ രോഹിത്താണ് ഇന്ത്യയെ നയിച്ചത്. എന്നാൽ അതിന് മുമ്പ് പരമ്പരയിൽ 1-0ന് മുന്നിട്ട് നിന്നിരുന്ന ഇന്ത്യ, പിന്നീട് 2-1ന് പിന്നോട്ട് പോയതും, രോഹിത് ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ ബാറ്റിങ്ങിൽ താളം കണ്ടെത്താത്തതും ആരാധകർക്കിടയിൽ കടുത്ത അമർഷം ഉടലെടുക്കുന്നതിന് കാരണമായിരുന്നു.
നിർണായകമായ സിഡ്നി ടെസ്റ്റിൽ കളിക്കാത്തതിൻ്റെ കാരണം സ്റ്റാർ സ്പോർട്സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ രോഹിത് ശർമ തന്നെ വിശദീകരിച്ചിരിക്കുകയാണ് ഇപ്പോൾ. തൻ്റെ പിന്മാറ്റം വിരമിക്കലിന് മുന്നോടിയായല്ലെന്നും ക്രിക്കറ്റിൽ നിന്ന് ഉടനെയൊന്നും പിൻവാങ്ങുകയുമില്ലെന്നാണ് രോഹിത് വിശദീകരിക്കുന്നത്.
"ഞാൻ വളരെ ദൂരെ നിന്ന് വന്നതാണ്. കളത്തിന് പുറത്തിരിക്കാൻ വന്ന ആളല്ല. എനിക്ക് ഇന്ത്യയെ ജയിപ്പിക്കണം. അതിന് വേണ്ടിയാണ് എൻ്റെ ഹൃദയം വെമ്പുന്നത്. എന്നാൽ കുറേ നാളായി എൻ്റെ ബാറ്റിൽ നിന്ന് റൺസ് വരുന്നില്ല. അത് നിരാശപ്പെടുത്തുന്നതാണ്. അതാണ് ഞാൻ കളിക്കാതിരിക്കാൻ കാരണം. ഇത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ടീമിന് എന്താണോ വേണ്ടത്, അത് ചെയ്യുകയാണ് വേണ്ടത്," ഹിറ്റ്മാൻ പറഞ്ഞു.
ALSO READ: ഇന്ത്യക്ക് ഒന്നാമിന്നിങ്സ് ലീഡ്; ഓസീസിനെ 181 റൺസിന് എറിഞ്ഞിട്ടു
"എനിക്കിനിയും ഇന്ത്യക്കായി കളിക്കണം, ടീമിനെ ജയിപ്പിക്കുകയും ചെയ്യണം. 2007ൽ ടീമിലെത്തിയപ്പോൾ മുതൽ ഞാൻ ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്. ചിലപ്പോഴൊക്കെ ടീമിൻ്റെ ആവശ്യം എന്താണെന്ന് കൂടി നിങ്ങൾ മനസിലാക്കേണ്ടി വരും. ടീമിനെ നിങ്ങൾ മുന്നോട്ട് നയിക്കുന്നില്ലെങ്കിൽ വെറുതെ കളിച്ചിട്ട് കാര്യമൊന്നുമില്ല. ഫോമില്ലാത്ത താരങ്ങൾക്ക് ടീമിൽ ഏറെ നാൾ അവസരം ലഭിക്കില്ല. ഞാൻ സിഡ്നി ടെസ്റ്റിൽ കളിക്കാത്തതിന് കാരണം ഫോമില്ലായ്മയാണ്. ഈ തീരുമാനം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു," രോഹിത് പറഞ്ഞു.
"ഇപ്പോൾ ടീമിന് എന്താണ് ആവശ്യമെന്ന് മനസിലാക്കുകയാണ് പ്രധാനം. അടുത്ത അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. ഞാനതിൽ വിശ്വസിക്കുന്നില്ല. ഇപ്പോഴത്തെ ഈ പിൻവാങ്ങൽ വിരമിക്കൽ തീരുമാനമല്ല. ഞാൻ ക്രിക്കറ്റിൽ നിന്ന് പിൻവാങ്ങുകയുമില്ല. ഇത് അത്തരമൊരു തീരുമാനമല്ല," രോഹിത് വിശദീകരിച്ചു.
ALSO READ: വിരമിക്കാൻ തയ്യാറെടുത്ത് രോഹിത് ശർമ; കോഹ്‌ലിക്കും എക്സിറ്റ് പ്ലാൻ ഒരുക്കണമെന്ന് മുൻ താരം