ശ്വാസകോശ സംബന്ധമായ എല്ലാ അണുബാധകൾക്കെതിരെയും പൊതുവായ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശം
ചൈനയില്‍ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ് (HMPV) വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും, പരിഭ്രാന്തരാകേണ്ട, പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ഉദ്യോഗസ്ഥൻ ഡോ. അതുൽ ഗോയൽ പറഞ്ഞു.
ശ്വാസകോശ സംബന്ധമായ എല്ലാ അണുബാധകൾക്കെതിരെ പൊതുവായ മുൻകരുതലുകൾ സ്വീകരിക്കാനും അദ്ദേഹം നിർദേശം നൽകി. എച്ച്എംപിവിക്ക് പ്രത്യേക ആൻറിവൈറൽ ചികിത്സയൊന്നുമില്ലെന്നും, അതിനാൽ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. പ്രായമായവരിലും ചെറുപ്പക്കാരിലും ഇത് പടർന്നുപിടിച്ചേക്കാമെന്നും ഡോക്ടർ വ്യക്തമാക്കി. രാജ്യത്തിനകത്ത് 2024 ഡിസംബറിലെ ശ്വാസകോശ സംബന്ധമായ അസുഖ ബാധിതരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ പ്രകടമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാർ വിശദീകരിച്ചു.
ALSO READ: ചൈനയില്‍ വീണ്ടുമൊരു വൈറസ് വ്യാപനം? ഭീതി പരത്തി ഹ്യൂമണ്‍ മെറ്റാപ്ന്യൂമോവൈറസ്
"ചുമയും ജലദോഷവും ഉള്ളവരാണെങ്കിൽ, ആളുകളുമായി സമ്പർക്കം പുലർത്തുന്നത് നിയന്ത്രിക്കണം. ചുമയ്ക്കും തുമ്മലിനും ഒരു പ്രത്യേക തൂവാലയോ ഉപയോഗിക്കുക, ജലദോഷമോ പനിയോ ഉള്ളപ്പോഴെല്ലാം ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ കഴിക്കുക, അല്ലാത്തപക്ഷം നിലവിലെ അവസ്ഥയെക്കുറിച്ച്പരിഭ്രാന്തരാകേണ്ടതില്ല", ഡോ. അതുൽ ഗോയൽ കൂട്ടിച്ചേർത്തു. ശ്വാസകോശ, സീസണൽ ഇൻഫ്ലുവൻസ കേസുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) പരിശോധിക്കുന്നുണ്ടെന്നും, അന്താരാഷ്ട്ര ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ടെന്നും മെഡിക്കൽ വിഭാഗം അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
പുതിയ രോഗവ്യാപനത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ചൈനയോ ലോകാരോഗ്യ സംഘടനയോ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷം മുമ്പാണ് എച്ച്എംപിവി വൈറസ് കണ്ടെത്തുന്നത്. എന്നാല്‍, വൈറസിനെ ചെറുക്കാനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍ പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജാഗ്രത പുലര്‍ത്താനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.