ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ജിംനാസ്റ്റിക്സിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതെന്നും, ഈ തീരുമാനം എനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു
ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരിയായ ദിപ കർമാക്കർ വിരമിക്കൽ പ്രഖ്യാപനം നടത്തി. തൻ്റെ പ്രസ്താവനയിലൂടെയാണ് കായികതാരം തൻ്റെ തീരുമാനം പുറത്തു വിട്ടത്. എൻ്റെ യാത്രയുടെ ഭാഗമായ എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് ദിപ തൻ്റെ പ്രസ്താവന ആരംഭിച്ചത്.
ഒരുപാട് ആലോചിച്ചതിന് ശേഷമാണ് ജിംനാസ്റ്റിക്സിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതെന്നും, ഈ തീരുമാനം എനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. പക്ഷേ ഇതാണ് ശരിയായ സമയമെന്ന് മനസിലായതായും, ജിംനാസ്റ്റിക്സ് എൻ്റെ ജീവിതത്തിൻ്റെ ഒരു വലിയ ഭാഗമാണെന്നും അതിൽ ചെലവഴിച്ച ഓരോ നിമിഷത്തിനും ഞാൻ നന്ദിയുള്ളവളാണെന്നും ദിപ പറഞ്ഞു.
ALSO READ: 'വേദനാജനകം, അനിയന്ത്രിതമായ ഒത്തുചേരലുകൾ ഒഴിവാക്കണം'; വ്യോമസേന എയർഷോ അപകടത്തില്‍ കനിമൊഴി
പരന്ന പാദങ്ങൾ കാരണം തനിക്ക് ഒരിക്കലും ജിംനാസ്റ്റിക് താരമാകാൻ കഴിയില്ലെന്ന കാര്യം പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്നാൽ ഇന്ന് എൻ്റെ നേട്ടങ്ങൾ കാണുമ്പോൾ അഭിമാനം തോന്നുന്നുവെന്നും അവർ കുറിച്ചു. ലോക വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡലുകൾ നേടിയതും റിയോ ഒളിമ്പിക്‌സിൽ പ്രൊഡുനോവ വോൾട്ട് നടത്തിയതും എൻ്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ നിമിഷമാണ്. എൻ്റെ ശരീരത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് എനിക്ക് തോന്നി, പക്ഷേ ചിലപ്പോൾ വിശ്രമിക്കാനുള്ള സമയമാണെന്ന് നമ്മുടെ ശരീരം നമ്മോട് പറയുയുമെന്നും കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ 25 വർഷമായി എന്നെ നയിച്ച എൻ്റെ ഏറ്റവും വലിയ ശക്തിയായ എൻ്റെ പരിശീലകരായ ബിശ്വേശ്വർ സാറിനും സോമ മാമിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് നൽകിയ പിന്തുണയ്ക്ക്, ത്രിപുര സർക്കാർ, ജിംനാസ്റ്റിക് ഫെഡറേഷൻ, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഗോസ്‌പോർട്‌സ് ഫൗണ്ടേഷൻ, മെരാകി സ്‌പോർട് ആൻഡ് എൻ്റർടൈൻമെൻ്റ് എന്നിവയ്‌ക്ക് എൻ്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവസാനമായി, എൻ്റെ നല്ലതും ചീത്തയുമായ ദിവസങ്ങളിൽ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്ന എൻ്റെ കുടുംബത്തിനും ഈ സമയം നന്ദി പറയുന്നതായി ദിപ കർമാക്കർ കൂട്ടിച്ചേർത്തു.