fbwpx
EXPLAINER | എന്താണ് സിന്ധു ജല ഉടമ്പടി? ഇന്ത്യക്ക് പിന്മാറാനാകുമോ?
logo

എസ് ഷാനവാസ്

Last Updated : 27 Apr, 2025 11:18 PM

സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പാകിസ്ഥാനുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യയുടെ ഏതൊരു തീരുമാനത്തിനും സാധിക്കും

WORLD


പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ചേര്‍ന്ന സുരക്ഷാകാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗത്തിൽ ഒരു കൂട്ടം കർശന നടപടികളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം, അതിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ഏറ്റെടുക്കണമെന്ന ശക്തമായ സന്ദേശമായിരുന്നു സമിതി നിര്‍ദേശങ്ങള്‍. അതില്‍ ഏറ്റവും പ്രധാനം, 1960ലെ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) മരവിപ്പിക്കാനുള്ള തീരുമാനമായിരുന്നു. പ്രാദേശിക ജലരാഷ്ട്രീയത്തിന് വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇന്ത്യയുടെ തീരുമാനം.

ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 സെപ്റ്റംബർ 19ന് കറാച്ചിയിൽ വെച്ച് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് ഫീൽഡ് മാർഷൽ അയൂബ് ഖാനും ഒപ്പുവച്ചതാണ് സിന്ധു ജല ഉടമ്പടി. ഏറ്റവും ശാശ്വതവും വിജയകരവുമായ അന്താരാഷ്ട്ര ജല പങ്കിടൽ കരാറുകളിലൊന്ന് എന്ന വിശേഷണവുമുണ്ട് ഉടമ്പടിക്ക്. ഇന്ത്യയിലും പാകിസ്ഥാനിലും ചൈനയിലുമായി ഒഴുകുന്ന സിന്ധു നദിക്ക് ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിങ്ങനെ അഞ്ച് പോഷക നദികളുണ്ട്. സിന്ധു നദി തിബറ്റിലെ മാനസസരോവറിൽ നിന്നാരംഭിച്ച് ലഡാക്കിലൂടെയാണ് പാകിസ്താനിലേക്ക് ഒഴുകിയെത്തുന്നത്. ഝലം കശ്മീരിൽ ആരംഭിച്ച് പാകിസ്താനിലേക്ക് എത്തുന്നു. ചെനാബും രവിയും ബിയാസും ഹിമാചൽ പ്രദേശിൽ നിന്നാണ് ആരംഭിക്കുന്നത്. സത്ലെജ് തിബറ്റിൽ തുടങ്ങി ഇന്ത്യയിലൂടെ പാകിസ്താനിലേക്ക് ഒഴുകുന്നു. ബിയാസ് സത്ലജിലാണ് ചെന്നു ചേരുന്നത്. ഈ ആറ് നദികളും ഉള്‍പ്പെടുന്ന സിന്ധു നദീജല വ്യവസ്ഥയുടെ വിതരണവും കൈകാര്യവുമാണ് ഉടമ്പടിയില്‍ ഉള്‍ക്കൊള്ളുന്നത്. ഉടമ്പടി വ്യവസ്ഥകൾ അനുസരിച്ച്, കിഴക്കൻ നദികളായ രവി, ബിയാസ്, സത്‌ലജ് എന്നിവയുടെ മേൽ ഇന്ത്യയ്ക്ക് പ്രത്യേക അവകാശങ്ങളുണ്ട്. പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലാണ് പാകിസ്ഥാന് അവകാശം.

നാല് യുദ്ധങ്ങളും നയതന്ത്ര പ്രതിസന്ധികളും ഉണ്ടായിട്ടും, ശത്രുതയിലുള്ള രണ്ട് അയൽരാജ്യങ്ങള്‍ തമ്മിലുള്ള സുസ്ഥിരമായ ഉഭയകക്ഷി സഹകരണത്തിന്റെ അപൂർവ ഉദാഹരണമായാണ് സിന്ധു ജല ഉടമ്പടി വിശേഷിപ്പിക്കപ്പെടുന്നത്. പാകിസ്ഥാനിലെ ജലസേചനം ആവശ്യമായ കൃഷിഭൂമിയുടെ 80 ശതമാനം, അതായത് ഏകദേശം 160 ലക്ഷം ഹെക്ടര്‍ വെള്ളത്തിനായി ആശ്രയിക്കുന്നത് സിന്ധു നദീതടത്തെയാണ്. അതിനാല്‍ തന്നെ, ന്യായമായ ജല വിതരണവും, ദീര്‍ഘകാല ജല സുസ്ഥിരതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഉടമ്പടി. ജല ഉപയോഗം, അടിസ്ഥാന സൗകര്യ വികസനം, തർക്ക പരിഹാരത്തിനുള്ള സംവിധാനം എന്നിങ്ങനെ നിയമപരവും സാങ്കേതികവുമായ ചട്ടക്കൂട് തീര്‍ക്കുന്നതാണ് ഉടമ്പടി. ആ ഉടമ്പടി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം, അതിർത്തി കടന്നുള്ള ജലം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കാലങ്ങളായി തുടരുന്ന നയത്തില്‍ നിന്നുള്ള വ്യക്തമായ വ്യതിയാനം കൂടിയാണ്. സംഘര്‍ഷഭരിതമായ ഇന്ത്യ-പാക് ബന്ധത്തെ നിര്‍ണായക ഘട്ടത്തിലേക്ക് നയിക്കുന്നതിനൊപ്പം, ദക്ഷിണേഷ്യന്‍ നയതന്ത്രത്തിലും അത് പ്രതിഫലിക്കും. ഇതുവരെയും പരസ്പര സഹകരണത്തിന്റെ ഭാഗമായാണ് ജലം കൈകാര്യം ചെയ്തിരുന്നതെങ്കില്‍, ഇനി മുതല്‍ അത് കൂടുതല്‍ തന്ത്രപരമായിരിക്കും.

പാകിസ്ഥാനെ കാത്തിരിക്കുന്നത്
സിന്ധു ജല ഉടമ്പടി റദ്ദാക്കുന്നത് പാകിസ്ഥാന് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളാകും സമ്മാനിക്കുക. കാരണം, പാക് കാർഷിക സമ്പദ്‌വ്യവസ്ഥയും, ജലസുരക്ഷയും സിന്ധു നദീജല സംവിധാനവുമായി അത്രയേറെയാണ് ബന്ധപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയില്‍ ജലവൈദ്യുത പദ്ധതികൾ നിർമിക്കാൻ ഉടമ്പടി ഇന്ത്യയെ അനുവദിക്കുന്നുണ്ടെങ്കിലും, താഴ്‌വരയിലെ ജലപ്രവാഹത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനായി കർശനമായ രൂപകൽപ്പനയും പ്രവർത്തന പ്രോട്ടോക്കോളുകളും പറയുന്നുണ്ട്. വ്യവസ്ഥകൾ ലംഘിക്കാൻ സാധ്യതയുള്ളതായി കരുതുന്ന ഏതൊരു പദ്ധതിയും നിരീക്ഷിക്കാനും എതിർക്കാനും ഉടമ്പടി പാകിസ്ഥാന് അധികാരം നല്‍കുന്നുമുണ്ട്. സിന്ധു നദീതടത്തിലെ ജലപ്രവാഹത്തിന്റെ 80 ശതമാനവും ആശ്രയിക്കുന്ന പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ നിലപാട് കനത്ത തിരിച്ചടിയാണ്. സിന്ധു നദീ സംവിധാനമാണ് പാകിസ്ഥാന്റെ ശുദ്ധജല വിതരണത്തിന്റെ നട്ടെല്ല്. ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇത്തരത്തില്‍ കുടിവെള്ളം ലഭിക്കുന്നത്. കൂടാതെ, രാജ്യത്തെ കാർഷിക ജല ആവശ്യത്തിന്റെ 23 ശതമാനവും, കൃഷിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഗ്രാമീണ ജനതയുടെ ജല ആവശ്യത്തിന്റെ 68 ശതമാനവും ഇതിലൂടെയാണ് നിറവേറപ്പെടുന്നത്. അതിനാല്‍, ഈ സംവിധാനത്തിനുണ്ടാകുന്ന താല്‍ക്കാലികമോ സ്ഥിരമോ ആയ ഏതൊരു തടസവും പാകിസ്ഥാന്റെ സാമുഹിക-സാമ്പത്തിക പരാധീനതകളെ വര്‍ധിപ്പിക്കും. ജലലഭ്യത കുറയുന്നത് കാർഷിക ഉൽപ്പാദനക്ഷമതയെ സാരമായി ബാധിക്കും. അത് ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും, പിന്നാലെ സാമ്പത്തിക പ്രതിസന്ധിക്കുമൊക്കെ വഴിതെളിക്കും. ദാരിദ്ര്യവും സാമ്പത്തിക നയങ്ങളുടെ സമ്മര്‍ദവും പേറുന്ന ഗ്രാമീണ ജനതയെയാവും അത് കൂടുതല്‍ ബാധിക്കുക. പൊടുന്നനെയുണ്ടാകുന്ന ജല ദൗര്‍ലഭ്യതയെ പ്രതിരോധിക്കാന്‍ പാകത്തിനുള്ള ജലസംഭരണ സംവിധാനങ്ങളോ, അടിസ്ഥാന സൗകര്യങ്ങളോ പാകിസ്ഥാനില്ല.




സിന്ധു നദീജലത്തെച്ചൊല്ലി പാകിസ്ഥാനില്‍ ആഭ്യന്തര പ്രതിസന്ധിയും ഉടലെടുത്തിട്ടുണ്ട്. സിന്ധ്, പഞ്ചാബ് പ്രവിശ്യകൾക്കിടയിലെ ജലസ്രോതസ്സുകളെച്ചൊല്ലിയുള്ള തർക്കമാണ് സമീപ ആഴ്ചകളിൽ രൂക്ഷമായത്. ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്കും, റോഡ് ഉപരോധങ്ങള്‍ക്കും ഉള്‍പ്പെടെ കാരണമായിരുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന ഗ്രീൻ പാകിസ്ഥാൻ ഇനിഷ്യേറ്റീവ് ആണ് പ്രശ്നങ്ങള്‍ക്ക് കാരണം. സിന്ധു നദിയിൽ നിന്ന് പഞ്ചാബിലെ, പ്രത്യേകിച്ച് ചോളിസ്ഥാൻ മേഖലയിലെ ജലസേചനത്തിനായി ആറ് പുതിയ കനാലുകൾ നിർമിക്കുന്നത് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സിന്ധ് ഭരണനേതൃത്വവും പൗരസമൂഹവും പദ്ധതിക്കെതിരെ രംഗത്തെത്തി. ജല വിതരണത്തിന് ഭീഷണിയാണെന്നും, 1991ലെ ജല വിഭജന കരാറിന്റെ ലംഘനമാണെന്നുമാണ് പ്രധാന വാദം. സിന്ധു ഡെൽറ്റയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ അപകടത്തിലാക്കുന്ന പദ്ധതി ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. കനാൽ പദ്ധതിയെ എതിർത്ത് സിന്ധ് അസംബ്ലി ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) അംഗങ്ങള്‍ സെനറ്റിൽ വാക്ക്ഔട്ടും നടത്തി. ഇതോടെ, പാക് സര്‍ക്കാര്‍ അനുരജ്ഞന മാര്‍ഗം സ്വീകരിച്ചു. ഭരണഘടനാപരമായും പരസ്പര കൂടിയാലോചനയിലൂടെയും പരിഹാരം തേടുമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. അതിനിടെയാണ്, സിന്ധു ജല ഉടമ്പടിയില്‍ ഇന്ത്യ നിര്‍ണായക നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഉടമ്പടിയിൽ നിന്ന് ഇന്ത്യക്ക് പിന്മാറാൻ കഴിയുമോ?
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ചതാണെങ്കിലും സിന്ധു ജല ഉടമ്പടി, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കരാറാണ്. 1969ലെ ഉടമ്പടി നിയമങ്ങൾ സംബന്ധിച്ച വിയന്ന കണ്‍വെന്‍ഷന്‍ പോലുള്ള ചട്ടക്കൂടുകളാൽ നിയന്ത്രിക്കപ്പെടുന്ന ഉഭയകക്ഷി ഉടമ്പടികളിൽ നിന്ന് വ്യത്യസ്തമായി, സിന്ധു ജല ഉടമ്പടി അതില്‍ ഒപ്പുവെച്ച രണ്ട് രാജ്യങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂ. ഉടമ്പടിയില്‍ ലോകബാങ്ക് നിയമപരമായ ഒരു കക്ഷിയല്ല. ഫെസിലിറ്റേറ്റര്‍ അല്ലെങ്കില്‍ ഗ്യാരന്റര്‍ എന്ന പങ്ക് മാത്രമേ ലോക ബാങ്കിനുള്ളൂ. അതിനാല്‍, ഉഭയകക്ഷി കൺവെൻഷനുകളുടെ അതേ രീതിയിൽ അന്താരാഷ്ട്ര നിയമപ്രകാരം ഉടമ്പടി നടപ്പാക്കാൻ കഴിയില്ല. ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കാനോ, ഭേദഗതി ചെയ്യാനോ, റദ്ദാക്കാനോ ഉള്ള ഏതൊരു തീരുമാനവും ഇന്ത്യയുടെയും പാകിസ്ഥാന്റെയും പരമാധികാരപരിധിയിലും നയതന്ത്ര വിവേചനാധികാരത്തിലും നിക്ഷിപ്തമാണ്. ഇത്തരമൊരു ദ്വിരാഷ്ട്രീയ സ്വഭാവം കണക്കിലെടുത്താല്‍, ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത അല്ലെങ്കിൽ, അതിർത്തി കടന്നുള്ള ആക്രമണം പോലുള്ള ശത്രുതാപരമായ നടപടികൾക്കുള്ള രാഷ്ട്രീയമോ തന്ത്രപരമോ ആയ പ്രതികരണമായി ഉടമ്പടി വ്യവസ്ഥകള്‍ പുനഃപരിശോധിക്കാനോ താൽക്കാലികമായി നിർത്തിവയ്ക്കാനോ ഉള്ള നയതന്ത്രപരമായ വിവേചനാധികാരം ഇന്ത്യക്കുണ്ട്.


ALSO READ: Chernobyl Nuclear Disaster | ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ കഥ


പാകിസ്ഥാൻ തുടർച്ചയായി ഉഭയകക്ഷി, അന്താരാഷ്ട്ര പ്രതിബദ്ധതകൾ ലംഘിക്കുന്നതിനാൽ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം പോലുള്ള കാര്യങ്ങളില്‍ ഇന്ത്യക്ക് കടുത്ത നടപടികള്‍ സ്വീകരിക്കാവുന്നതാണ്. റദ്ദാക്കുമെന്ന് പാകിസ്ഥാന്‍ പറയുന്ന ഷിംല കരാര്‍ പോലും, അവര്‍ തുടര്‍ച്ചയായി ലംഘിക്കുന്നുണ്ട്. എല്ലാ തർക്കങ്ങളും ഉഭയകക്ഷിപരമായി പരിഹരിക്കണമെന്ന കരാറിലെ വ്യവസ്ഥ, രാജ്യാന്തര വേദികളില്‍ പാകിസ്ഥാന്‍ സൗകര്യപൂര്‍വം മറക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയുടെ ഇപ്പോഴത്തെ നടപടി ന്യായയുക്തവും തന്ത്രപരമായി വിവേകപൂർണവുമാണ്. കാരണം, പാകിസ്ഥാനുമേല്‍ കടുത്ത സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഏറ്റവും ശക്തമായ സൈനികേതര ആയുധമാണ് സിന്ധു ജല ഉടമ്പടി. അപ്പോഴും ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നീരൊഴുക്ക് തടഞ്ഞ്, കോടിക്കണക്കിന് ക്യൂബിക്ക് മീറ്റര്‍ ജലം തടഞ്ഞുവയ്ക്കാന്‍ ആവശ്യമായ ജലസംഭരണികളോ, സൗകര്യങ്ങളോ ഇന്ത്യക്കില്ല. ഇത്രയും നദീജലം വഴിതിരിച്ച് വിടാന്‍ പറ്റുന്ന കനാലുകളും ഇല്ല. ഇതൊക്കെ നിര്‍മിക്കണമെങ്കില്‍ കാലങ്ങള്‍ വേണ്ടിവരും. ജലപ്രവാഹം നിയന്ത്രിച്ച് നീരൊഴുക്ക് കുറച്ചാലും, പാകിസ്ഥാനെ പ്രതിസന്ധിയിലാക്കാന്‍ ഇന്ത്യക്ക് കഴിയും. പക്ഷേ, അതിനുള്ള സംവിധാനങ്ങള്‍ ഇന്ത്യ അടിയന്തരമായി നിര്‍മിക്കേണ്ടിവരും. പ്രളയ മുന്നറിയിപ്പ് കൈമാറാതിരിക്കുക എന്നത് മാത്രമാണ് അവശേഷിക്കുന്ന മാര്‍ഗം. മണ്‍സൂണില്‍ മഴയും വെള്ളപ്പൊക്കം പലപ്പോഴും പാകിസ്ഥാന് വെല്ലുവിളിയാകാറുണ്ട്. ഇന്ത്യയില്‍ നിന്ന് ലഭിക്കാറുള്ള മുന്നറിയിപ്പ് മുടങ്ങിയാല്‍ വലിയൊരു ദുരന്തമാകും പാകിസ്ഥാനെ തേടിയെത്തുക.

ഇന്ത്യയുടെ തന്ത്രം
സിന്ധു ജല ഉടമ്പടി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പ്രതീകാത്മകമായ നയതന്ത്ര ശാസന മാത്രമല്ല, മറിച്ച് മേഖലയുടെ തന്ത്രപരമായ ഭൂപ്രകൃതിയെ പുനർനിർമിക്കാൻ കെല്‍പ്പുള്ള ഒരു നീക്കമാണ്. ഇരു രാജ്യങ്ങളും ചേര്‍ന്ന് ഉടമ്പടി ഒഴിവാക്കുന്നതിനപ്പുറം, ഏകപക്ഷീയമായി അത് റദ്ദാക്കുന്നത് മറ്റൊരു സൂചന കൂടിയാണ് നല്‍കുന്നത്. അതിര്‍ത്തി കടന്നുള്ള ഭീഷണികളും പ്രകോപനങ്ങളും വര്‍ധിക്കുന്നതിനിടയിലും, ദീര്‍ഘകാലമായി തുടര്‍ന്നിരുന്ന സഹകരണ സംവിധാനങ്ങള്‍ പുനഃപരിശോധിക്കാനുള്ള ഇന്ത്യയുടെ നീക്കമായും അതിനെ വിലയിരുത്താം. ഇന്ത്യയുടെ ഏതൊരു തീരുമാനവും ഭൗമരാഷ്ട്രീയത്തെയും ദക്ഷിണേഷ്യന്‍ നയതന്ത്ര സ്വഭാവത്തെയും ബാധിക്കുന്നതാണ്. അതിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഉണ്ടാകും. സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പാകിസ്ഥാനുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്താന്‍ ഇന്ത്യയുടെ ഏതൊരു തീരുമാനത്തിനും സാധിക്കും. അത് തന്നെയാകും ഇന്ത്യയുടെയും ലക്ഷ്യം. സമാധാനപരമായ ചര്‍ച്ചകളിലേക്കും ഊഷ്മളമായ ദ്വികക്ഷി ബന്ധത്തിലേക്കും പാകിസ്ഥാന്‍ തിരിച്ചെത്തിയാല്‍, പരസ്പര സഹകരണം പുനഃസ്ഥാപിക്കാമെന്ന സാധ്യത തുറന്നിടുന്നതിനൊപ്പം, ദേശീയ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഇന്ത്യ നടത്തുന്നത്.

KERALA
മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി
Also Read
user
Share This

Popular

KERALA
KERALA
9 വര്‍ഷം കൊണ്ട് ജനങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ വികസനം ഉണ്ടായോ എന്ന് വിലയിരുത്തേണ്ട സമയം: മുഖ്യമന്ത്രി