വിവിധ വകുപ്പുകള്‍ ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും യോഗത്തിൽ അറിയിച്ചു
വയനാട് പുനരധിവാസം സംബന്ധിച്ച് കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. വിവിധ വകുപ്പുകള്‍ ഒരാഴ്ചയ്ക്കകം പദ്ധതി നടത്തിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും യോഗത്തിൽ അറിയിച്ചു.
വയനാട് പുനരധിവാസത്തിന് അപ്രായോഗിക വ്യവസ്ഥകളോടെയാണ് കേന്ദ്രസര്‍ക്കാര്‍ വായ്പ അനുവദിച്ചത്. അമ്പത് വര്‍ഷത്തെ തിരിച്ചടവ് കാലയളവിലേക്ക് 529 കോടി രൂപയാണ് കേരളത്തിന് വായ്പയായി അനുവദിച്ചത്. തുക ഒന്നര മാസത്തിനുള്ളില്‍ ചെലവഴിച്ച് കണക്ക് ഹാജരാക്കണമെന്നും വ്യവസ്ഥയുണ്ട്.
ALSO READ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: ധനസഹായമില്ല; 529.50 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്രം
മാര്‍ച്ച് 31 നകം തുക ചെലവഴിച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. കെഎസ്ഡിഎംഎ വഴി വിവിധ വകുപ്പുകളിലൂടെയാണ് പുനരധിവാസത്തിനായി തുക ചെലവഴിക്കേണ്ടത്. ക്യാപക്‌സ് വായ്പയായി 529.50 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
ടൗണ്‍ഷിപ്പ് അടക്കം സംസ്ഥാനം നല്‍കിയ 15 പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചത്. ഫെബ്രുവരി പകുതിയോടെ അനുവദിച്ച തുക മാര്‍ച്ച് അവസാനത്തോടെ പതിനഞ്ച് പദ്ധതികള്‍ക്കായി ചെലവഴിച്ച് രേഖകള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദേശം സംസ്ഥനത്തിന് വെല്ലുവിളിയാകും. ടൗണ്‍ഷിപ്പില്‍ റോഡ്, പാലം, സ്‌കൂള്‍ തുടങ്ങി ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പണം വിനിയോഗിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.