ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക
ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബ് വഴി ചോര്‍ന്ന സംഭവത്തില്‍ എഡ്യുക്കേഷന്‍ ടെക് സ്ഥാപനമായ സൈലത്തിനെതിരെയും അന്വേഷണം. പ്രത്യേക അന്വേഷണ സംഘം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും നല്‍കിയ പരാതിയിലാണ് നടപടി.
കേസില്‍ രേഖകളും മൊഴികളും പരിശോധിക്കുകയാണ്. അന്വേഷണം അതിവേഗം പുരോഗമിക്കുകയാണെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ഇതുവരെ എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയാണ് സൈലത്തിനെതിരെ പരാതി നല്‍കിയത്. 18 ആം തിയതി നടന്ന പത്താം ക്ലാസ്സ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങള്‍ സൈലത്തിന്റെ യൂട്യൂബ് ചാനലില്‍ വന്നതായാണ് പരാതി. 7 ആം തിയതിയാണ് യൂട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തത്. 50 ല്‍ 46 മാര്‍ക്കിന്റെ ചോദ്യങ്ങളും പരീക്ഷയ്ക്ക് വന്നിരുന്നു.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേക്കും വ്യാപിപ്പിക്കും. സംഭവത്തില്‍ മൂന്ന് എയിഡഡ് സ്‌കൂളുകളിലെ അധ്യാപകരെ നിലവില്‍ ചോദ്യം ചെയ്തു. ഏഴ് പേരുടെ മൊഴിയാണ് എടുത്തുത്. കൊടുവള്ളി ചകാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകരുടെ മൊഴിയും രേഖപെടുത്തി. മൂന്ന് അധ്യാപകര്‍, എഇഒ, ടിഇഒ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. ബിആര്‍സി കോഡിനേറ്റര്‍ മഹര്‍അലിയുടെ മൊഴിയും എടുത്തു.
എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലൂടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നത്. ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ ഒരു വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിട്ടുമുണ്ട്.