സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ തുടങ്ങിയ മുംബൈയും മഹേന്ദ്ര സിങ് ധോണിയില്‍ തുടരുന്ന ചെന്നൈയും ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ കണക്ക് തീര്‍ക്കാനുള്ളത് മുംബൈക്കാണ്. സീസണിലെ നേര്‍ക്കുനേര്‍ പോരില്‍ ചെപ്പോക്കില്‍ മുംബൈയെ നാണംകെടുത്തിയ ചെന്നൈക്ക് മറുപടി നല്‍കണം ഹാര്‍ദിക്കിനും സംഘത്തിനും. തുടര്‍ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയിലെത്തിയ ചെന്നൈക്കാകട്ടെ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.
7 മത്സരങ്ങളില്‍ അഞ്ചിലും തോറ്റാണ് ചെന്നൈ വരുന്നത്. അവസാന മത്സരത്തില്‍ പക്ഷേ ലഖ്‌നൗവിനെ തോല്‍പ്പിച്ച ആവേശമാണ് ചെന്നൈക്ക് കരുത്ത്. നായകന്‍ ധോണിയുടെ വെടിക്കെട്ടാണ് കഴിഞ്ഞ മത്സരത്തില്‍ ചെന്നൈക്ക് ജയമൊരുക്കിയത്. 11 പന്തില്‍ 26 റണ്‍സെടുത്ത നായകന്‍ തന്നെയായിരുന്നു കളിയിലെ താരവും.
നാല് മത്സരങ്ങളില്‍ തോറ്റ മുംബൈയാകട്ടെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് ഇത്തവണ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ ഹാര്‍ദിക്കാകട്ടെ ഉജ്വലഫോമിലും. ടീമിന് ജയിക്കാനുള്ള ആവേശംതിരിച്ചെത്തിയതോടെ ഇരട്ടിക്കരുത്തിലാണ് മുംബൈ.
ഇന്ന് മുംബൈ വാങ്കഡെയില്‍ ചെന്നൈയെ വരവേല്‍ക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രം ഡെവാള്‍ഡ് ബ്രെവിസാണ്. ഗുര്‍ജപ്നീത് സിംഗിന് പകരം ചെന്നൈ ദക്ഷിണാഫ്രിക്കന്‍ യുവതാരത്തെ ടീമിലെത്തിച്ചതില്‍ ഞെട്ടലിലാണ് മുംബൈ ആരാധകര്‍. കൗമാര കാലം മുതല്‍ മുംബൈ വളര്‍ത്തിയെടുത്ത എന്റെ ചോരയുടെ നിറം നീലയെന്ന് പ്രഖ്യാപിച്ച താരത്തെ മഞ്ഞ ജേഴ്സിയിലെത്തിച്ച് മുള്ളിനെ മുള്ളുകൊണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് ചെന്നൈ. മെഗാതാരലേലത്തില്‍ 75 ലക്ഷം വിലയുണ്ടായിരുന്ന താരത്തെ ആരും ടീമിലെടുത്തിരുന്നില്ല. 2.2കോടി നല്‍കിയാണ് ചെന്നൈ ബ്രവിസിനെ ടീമിലെത്തിച്ചത്.
എസ്എ ട്വന്റി 20 ടൂര്‍ണമെന്റില്‍ മിന്നും ഫോമില്‍ കളിച്ച് MI CAPE TOWNനെ കിരീടത്തിലെത്തിച്ചാണ് ബ്രെവിസ് ചെന്നൈയിലെത്തുന്നത്. 12 കളികളില്‍ നേടിയത് 291 റണ്‍സ്. 25 സിക്‌സറാണ് 21കാരന്‍ അടിച്ചത്. 184 സ്‌ട്രൈക്ക് റേറ്റിലാണ് ബ്രെവിസിന്റെ വെടിക്കെട്ട്. ബാറ്റിങ്ങില പരീക്ഷണങ്ങള്‍ തുടരുന്ന ചെന്നൈക്ക് ബ്രെവിസ് ടീമിലെത്തുന്നതോടെ കൂടുതല്‍ കരുത്താകും. റണ്‍മഴ പെയ്ത ടൂര്‍ണമെന്റില്‍ ചെന്നൈ 200 റണ്‍സ് പിന്നിട്ടത് ഒരേയൊരു തവണ മാത്രമാണ്. ബാറ്റര്‍മാര്‍ കളംനിറഞ്ഞാല്‍ മുംബൈക്കും വെല്ലുവിളിയാകും.
ഒരു ദിവസത്തെ ഇടവേളയില്‍ പഞ്ചാബിനോട് പകരം വീട്ടാനിറങ്ങുകയാണ് ആര്‍സിബി. ചിന്നസ്വാമിയിലെ മഴ കളിച്ച മത്സരത്തില്‍ 5 വിക്കറ്റിനാണ് പഞ്ചാബ് ആര്‍സിബിയെ തകര്‍ത്തത്. ഇന്ന് ആര്‍സിബിക്ക് ജയിച്ചേ തീരു. ചിന്നസ്വാമിയിലെ നാണക്കേടിന് മൊഹാലിയില്‍ മറുപടി നല്‍കണം കോലിക്കും കൂട്ടര്‍ക്കും. സീസണിലെ പ്രകടനം പരിശോധിച്ചാല്‍ എവേ മത്സരത്തില്‍ എതിരാളികളുടെ പേടിസ്വപ്നമാണ് ആര്‍സിബി. ചിന്നസ്വാമിയില്‍ മത്സരിച്ച മൂന്നില്‍ മൂന്നിലും തോറ്റെങ്കിലും എവേ മത്സരത്തിലെല്ലാം ആര്‍സിബി ജയിച്ചു. കൊല്‍ക്കത്തയെ ഈഡന്‍ഗാര്‍ഡന്‍സിലും ചെന്നൈയെ ചെപ്പോക്കിലും മുംബൈയെ വാങ്കഡെയിലും രാജസ്ഥാനെ ജയ്പൂരിലും തകര്‍ത്താണ് ആര്‍സിബി അഞ്ചാം എവേ പോരിന് ഇറങ്ങുന്നത്.
ശ്രേയസ് അയ്യരുടെ പഞ്ചാബും രജത് പട്ടിദാറിന്റെ ആര്‍സിബിയും ഈ ഐപിഎല്ലിലെ ഏറ്റവും സന്തുലിതമായ സംഘമാണ്. ബാറ്റിംഗിലും ബൗളിംഗിലും ക്യാപ്റ്റന്മാര്‍ക്ക് ആശങ്കയില്ല. പകരംവീട്ടുമോ ബെംഗളൂരു, ജയം തുടരുമോ പഞ്ചാബ് എന്നത് മാത്രമാണ് ഇനിയറിയേണ്ടത്.