നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനായി ഒരു അഫ്‌ഗാന്‍ പൗരനെ നിയോഗിച്ചെന്നായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്
ഡോണാൾഡ് ട്രംപിനെ വധിക്കാൻ പദ്ധതിയിട്ടുവെന്ന യുഎസ് ആരോപണം നിഷേധിച്ച് ഇറാൻ. പ്രചരിക്കുന്നത് കെട്ടിച്ചമച്ച വിവരങ്ങളാണെന്നും അങ്ങനെയൊരു കൊലയാളിയില്ലെന്നും എക്സ് പോസ്റ്റിലൂടെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്‌ചി പ്രതികരിച്ചു. ട്രംപിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്ത യുഎസിലെ ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും പരസ്പര ബഹുമാനത്തിൽ നിന്നാണ് രാജ്യങ്ങൾ മുന്നോട്ട് പോകേണ്ടതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
"ഇപ്പോൾ ... ഒരു പുതിയ സാഹചര്യം കെട്ടിച്ചമച്ചിരിക്കുന്നു... യഥാർഥത്തിൽ നിലവിലില്ലാത്ത ഒരു കൊലയാളിയെ വച്ച്, ഒരു മൂന്നാംതരം കോമഡി നിർമിക്കാൻ തിരക്കഥാകൃത്തുക്കളെ കൊണ്ടുവന്നിരിക്കുകയാണ്", അറാഖ്‌ചി എക്സില്‍ കുറിച്ചു.
നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കാനായി ഒരു അഫ്‌ഗാന്‍ പൗരനെ നിയോഗിച്ചെന്നായിരുന്നു അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഏഴു ദിവസത്തിനകം വധം നടപ്പിലാക്കണമെന്നായിരുന്നു നിർദേശമെന്നും ഏജൻസി വെളിപ്പെടുത്തി. ഈ വർഷം ജൂലൈയിലും സെപ്റ്റംബറിലുമായി രണ്ടുതവണ വധശ്രമം നേരിട്ട ഡൊണാള്‍ഡ് ട്രംപിനെ, ഒക്ടോബർ ഏഴിനകം വധിക്കാനായിരുന്നു ഇറാന്‍റെ പദ്ധതിയെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ ഇറാന്‍ റെവല്യൂഷണറി ഗാർഡിലെ ഒരു ഉദ്യോഗസ്ഥന്‍, ഫർഹാദ് ഷാക്കേരി എന്ന അഫ്‌ഗാന്‍ പൗരനെ സമീപിച്ചു. ട്രംപിനെ വധിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി, നടപ്പിലാക്കാനായിരുന്നു നിർദേശം.
Also Read: ഇസ്രയേൽ - ഹമാസ് മധ്യസ്ഥ ചർച്ചകളിൽ നിന്നൊഴിഞ്ഞ് ഖത്തർ; യുഎസിന്‍റെ ഇടപെടലെന്ന് റിപ്പോർട്ടുകള്‍
ഫർഹാദ് ഷാക്കേരി നിലവില്‍ ഇറാനിലെ ടെഹ്റാനില്‍ ഒളിവിലാണെന്നാണ് നിഗമനം. ഒക്ടോബറിലെ വധശ്രമം സമയപരിധിക്കുള്ളില്‍ നടപ്പിലാക്കാനാകാതെ വന്നതോടെ, ഇറാന്‍ താത്ക്കാലികമായി പിന്മാറി. പകരം തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുമെന്നും ആ സാഹചര്യത്തില്‍ വധിക്കാൻ എളുപ്പമാകുമെന്നും, ഇറാന്‍ സർക്കാരുദ്യോഗസ്ഥർ തന്നെ അറിയിച്ചതായി ഷാക്കേരി കുറ്റസമ്മതം നടത്തിയെന്ന് അമേരിക്കയുടെ റിപ്പോർട്ട് പറയുന്നു. യുഎസിനെ ഇറാനെതിരാക്കാനുള്ള ഇസ്രയേലിന്‍റെയും ഇതര ശക്തികളുടെയും ഗൂഢാലോചനയാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായി അറിയിച്ചിരുന്നു.