പഞ്ചാബിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഇവർ മയക്കുമരുന്ന് പ്രധാനമായും എത്തിച്ചിരുന്നത്
ഡേവിഡ് എൻടമിയെ കേരളത്തില്‍ എത്തിച്ചപ്പോള്‍
കുന്ദമംഗലം ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ രണ്ട് ടാൻസാനിയക്കാരില്‍ ഒരാൾ ജഡ്ജിയുടെ മകൻ. ടാൻസാനിയയിലെ ജഡ്ജിയുടെ മകന്‍ ഡേവിഡ് എൻടമിയാണ് ലഹരിക്കേസിൽ അറസ്റ്റിലായത്. പഞ്ചാബിലെ പഗ്വാരയിലെ ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെ ബിടെക് വിദ്യാര്‍ഥി കലഞ്ചന ഡേവിഡ് എൻടമി (22), ബിബിഎ വിദ്യാര്‍ഥിനി മയോങ്ക അറ്റ്ക ഹരുണ (22) എന്നിവരെ ഹരിയാനയിൽ വച്ചാണ് കോഴിക്കോട് കുന്ദമംഗലം പൊലീസ് പിടികൂടിയത്. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘത്തിലെ മുഖ്യകണ്ണികളാണ് ഇവർ എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പഞ്ചാബിൽ നിന്നും കൊഴിക്കോട് എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികൾക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകും.
Also Read: ഇഡിയില്‍ അഴിച്ചുപണി; കരുവന്നൂര്‍ കള്ളപ്പണക്കേസ് ചുമതലയുണ്ടായിരുന്ന യൂണിറ്റില്‍ നിന്ന് പി. രാധാകൃഷ്ണനെ നീക്കി
പഞ്ചാബിൽ നിന്നാണ് സംസ്ഥാനത്തേക്ക് ഇവർ മയക്കുമരുന്ന് പ്രധാനമായും എത്തിച്ചിരുന്നത്. കേരളത്തിൽ നിന്നും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിയിരുന്നു. പണം അയച്ചവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. നോയിഡയിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതിൽ പ്രധാനികളാണ് ടാൻസാനിയൻ പൗരത്വമുള്ള യുവതിയും യുവാവും.
Also Read: അതിർത്തി തർക്കം; പട്ടാമ്പിയിൽ അച്ഛനും മകനും വെട്ടേറ്റു
ജനുവരി 21ന് കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത ലഹരി കേസിന്റെ അന്വേഷണമാണ് ടാൻസാനിയക്കാരിലേക്ക് എത്തിയത്. കുന്ദമംഗലം കേസിൽ അറസ്റ്റിലായ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി ഇബ്രാഹിം മുസമില്‍ (27) കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി അഭിനവ് (24) എന്നിവര്‍ക്ക് രാസലഹരി ലഭിച്ച ഉറവിടം തേടിയായിരുന്നു പൊലീസ് അന്വേഷണം.