പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നൽകിയ നിർദേശം
ഷീലാ സണ്ണി
ചാലക്കുടി സ്വദേശിനിയായ ഷീലാ സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ മുൻ എക്സൈസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. എക്സൈസ് സിഐ കെ. സതീഷിനെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ വി.കെ. രാജുവിന്റെ ഓഫീസിൽ ചോദ്യം ചെയ്തത്. സംഭവത്തിൽ ഒളിവിൽ പോയ പ്രതി നാരായണ ദാസിനെയും ഷീലയുടെ മരുമകളുടെ അനുജത്തിയെയും കണ്ടെത്താൻ പൊലീസ് നീക്കങ്ങൾ ആരംഭിച്ചു. ചെന്നൈയിൽ ജോലിചെയ്യുന്ന ഷീലയെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.
എക്സൈസിൽ നിന്ന് കേസ് ഏറ്റെടുക്കാൻ ഹൈക്കോടതിയാണ് പൊലീസിന് നിർദേശം നൽകിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നൽകിയ നിർദേശം. ഇതിനെ തുടർന്നാണ് പൊലീസ് കേസ് ഏറ്റെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചത്.
ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയാണ് ഷീലാ സണ്ണി. ഇവരുടെ സ്കൂട്ടറിൽ ലഹരി മരുന്നിനോട് സമാനമായ വസ്തുവച്ച ശേഷം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് 72 ദിവസമാണ് ഷീലയ്ക്ക് ജയിലിൽ കഴിയേണ്ടിവന്നത്. ഷീലയുടെ വാഹനത്തിൽ ലഹരി വസ്തു ഒളിപ്പിച്ചത് നാരായണദാസ് എന്ന വ്യക്തി ആണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരിയും ബെംഗളൂരുവിലെ വിദ്യാർഥിനിയുമായ ലിവിയ ജോസിൻ്റെ സുഹൃത്തായിരുന്നു നാരായണ ദാസ്.