ഗായകന്‍ അലോഷിയായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ പാട്ടുകളാണ് പരിപാടിയില്‍ പാടിയത്.
കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദത്തില്‍ അന്വേഷണം തുടങ്ങി ദേവസ്വം വിജിലന്‍സ്. വീഴ്ച ഉണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും ദേവസ്വം വിജിലന്‍സ് അറിയിച്ചു. അതേസമയം വിവാദത്തില്‍ ക്ഷേത്ര ഉപദേശക സമിതിയോട് വിശദീകരണം തേടിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി.
ക്ഷേത്രത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടി പാടില്ല. ദേവസ്വം വിജിലന്‍സ് എസ്.പി അന്വേഷണം ആരംഭിച്ചു. വീഴ്ച ഉണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നുമാണ് ദേവസ്വം പ്രസിഡന്റ് അറിയിച്ചത്.
കടയ്ക്കല്‍ ദേവീ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ചുള്ള ഗാനമേളയിലാണ് സിപിഐഎമ്മിന്‍റെ വിപ്ലവ ഗാനങ്ങള്‍ ആലപിച്ചത്. ഗായകന്‍ അലോഷിയായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ പാട്ടുകളാണ് പരിപാടിയില്‍ പാടിയത്.
പാട്ടിനൊപ്പം സ്‌ക്രീനില്‍ ഡിവൈഎഫ്‌ഐ പതാകകളും സിപിഐഎം ചിഹ്നങ്ങളും കാണിച്ചു. എന്നാല്‍ പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് പാട്ട് പാടിയതെന്നാണ് ഉത്സവക്കമ്മിറ്റിയുടെ വിശദീകരണം.
സംഭവം വിവാദമായതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ രംഗത്തെത്തി. പാര്‍ട്ടി ഗാനങ്ങള്‍ പാടേണ്ടത് ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങള്‍ നടക്കുമ്പോഴാണോ എന്നായിരുന്നു വി.ഡി. സതീശന്‍ പ്രതികരിച്ചത്. നടപടി അപലപനീയമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും പ്രതികരിച്ചിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപടി എടുക്കണമെന്നും ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു.