കഴിഞ്ഞ വർഷം ഒക്ടോബർ 24നാണ് കേസിന് ആസ്പദമായ സംഭവം
കോഴിക്കോട് ചെക്യാട് പതിമൂന്ന് വയസ്സുകാരനായ മകന് കാറോടിക്കാൻ നൽകിയ പിതാവിനെതിരെ കേസെടുത്ത് പൊലീസ്. ചെക്യാട് വേവം സ്വദേശി തേർക്കണ്ടിയിൽ നൗഷാദ് (37) നെതിരെയാണ് വളയം പൊലീസ് കേസെടുത്തത്. പതിമൂന്ന് വയസുകാരന് ഓടിക്കാൻ നൽകിയ കാർ, വളയം പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വർഷം ഒക്ടോബർ 24 നാണ് കേസിന് ആസ്പദമായ സംഭവം. വീടിന് മുൻവശത്തെ റോഡിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടി കാർ ഓടിച്ച് പോകുന്ന റീൽസ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മകനൊപ്പം നൗഷാദും വാഹനത്തിലുള്ളതായി വീഡിയോയിൽ കാണാം. ഈ വീഡിയോ കേരള പൊലീസിൻ്റെ ശുഭയാത്ര പോർട്ടലിൽ പരാതിയായി വന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.