ആസിഡ് ആക്രമണത്തിൽ നരസിംഗറാവുവിന്റെ മുഖത്തും കഴുത്തിലും പുറകിലും കൈകളിലും പൊള്ളലേറ്റിട്ടുണ്ട്
തെലങ്കാനയിൽ ക്ഷേത്ര ജീവനക്കാരന് നേരെ ആസിഡ് ആക്രമണം. ക്ഷേത്രത്തിലെ അക്കൗണ്ടൻ്റായ നരസിംഗറാവുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സൈദാബാദിലെ ഭൂലക്ഷമി മാതാ ക്ഷേത്രത്തിലാണ് സംഭവം. ആക്രമണത്തിൻ്റെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. ജോലിക്കിടെ അജ്ഞാതനായ ആക്രമി എത്തി അക്കൗണ്ടൻ്റിൻ്റെ തലയിൽ ആസിഡ് ഒഴിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ, പ്രതി ഒരു കുപ്പിയുമായി ക്ഷേത്രത്തിലേക്ക് കയറി പോകുന്നതായി കാണാം. അക്കൗണ്ടന്റ് കസേരയിൽ ഇരിക്കുമ്പോൾ അക്രമി തലയിൽ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
ആസിഡ് ആക്രമണത്തിൽ നരസിംഗറാവുവിന്റെ മുഖത്തും കഴുത്തിലും പുറകിലും കൈകളിലും പൊള്ളലേറ്റിട്ടുണ്ട്. നരസിംഗറാവുവിനെ ഉടൻ തന്നെ മലക്പേട്ടിലെ യശോദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം ഇയാൾ ഹാപ്പി ഹോളിയെന്ന് പറഞ്ഞതായി ദൃക്സാക്ഷികൾ മൊഴി നൽകി. സംഭവത്തിൽ സൈദാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ക്ഷേത്രത്തിൽ പൊലീസ് സുരക്ഷയും ശക്തമാക്കി.