ഇറാൻ്റെ തലസ്ഥാനമായ തെഹ്രാനിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേൽ വൻ സ്ഫോടനം നടത്തിയത്
ഇറാനെതിരെ കനത്ത വ്യോമാക്രമണവുമായി ഇസ്രയേൽ. ഇറാൻ്റെ തലസ്ഥാനമായ തെഹ്റാനിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേൽ വൻ സ്ഫോടനം നടത്തിയത്. ഇന്ന് പുലർച്ചയോടെയാണ് തെഹ്റാനിലെ ഇസ്രയേൽ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. കറാജിലെ ആണവോർജ നിലയത്തിന് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. ഏഴ് തവണയോളം സ്ഫോടന ശബ്ദം കേട്ടുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ഇറാനിയൻ സ്റ്റേറ്റ് ടിവിയടക്കം റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ ഒന്നിന് ഇരുനൂറിലേറെ മിസൈലുകൾ ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തിരുന്നു. ഒക്ടോബർ ഒന്ന് മുതൽ ഇറാനും ഇറാൻ്റെ സംഘടനകളും നടത്തിയിട്ടുള്ള മിസൈൽ അപ്രതീക്ഷിത ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ആക്രമണത്തെ വിശദീകരിച്ചു. തിരിച്ചടിക്കാൻ അവകാശമുണ്ടെന്നും ഇസ്രയേൽ അറിയിച്ചു. ഇറാൻ സൈനിക സൈറ്റുകളെ ലക്ഷ്യമാക്കി നിരവധി സ്ട്രൈക്കർ ജെറ്റുകൾ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പബ്ലിക് ബ്രോഡ്കാസ്റ്റർ സ്ഥിരീകരിച്ചു.
തെഹ്റാനിലേക്ക് മാത്രം മൂന്ന് തവണ ഇസ്രയേൽ ആക്രമണം നടത്തി. ഇസ്രയേൽ ആക്രമണം നടത്തുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധമന്ത്രി യോവ് ഗാലൻ്റ് എന്നിവർ ടെൽ അവീവിലെ മിലിട്ടറി ഹെഡ്ക്വാട്ടേഴ്സിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ ആക്രമണത്തിന് തയ്യാറെടുക്കുന്നതായുള്ള ഇൻ്റലിജൻസ് രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ALSO READ: അന്താരാഷ്ട്രനിയമങ്ങള്‍ അനുസരിച്ച് റഷ്യയെ പിന്തുണക്കും; സെെനിക സഹകരണം തള്ളാതെ ഉത്തരകൊറിയ
ആക്രമണത്തെ തങ്ങൾ പ്രതിരോധിച്ചുവെന്നും ചില പ്രദേശങ്ങളിൽ മാത്രമാണ് കേടുപാടുകൾ സംഭവിച്ചതെന്നും ഇറാൻ പ്രതികരിച്ചു. വ്യോമാക്രമണമുണ്ടായ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. മേഖല കൂടുതൽ സംഘർഷഭരിതമായതോടെ ഇറാഖും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് അറിയിച്ചു.
ഇറാനുനേരെയുള്ള ആക്രമണം ഇസ്രയേൽ അമേരിക്കയെ നേരത്തെ അറിയിച്ചിരുന്നു. യു.എസ് പ്രസിഡൻ്റ് ജോ ബൈഡനെ വിവരം ധരിപ്പിച്ച ശേഷമായിരുന്നു ആക്രമണമെന്ന് യുഎസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ ആക്രമണത്തിൽ തങ്ങൾക്ക് പങ്കാളിത്തമില്ലെന്ന് യുഎസ് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ALSO READ: പാകിസ്ഥാനിൽ ഭീകരാക്രമണം; പത്ത് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
അതേസമയം, തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കമാൽ അദ്വാൻ ആശുപത്രിയും തകർത്തു. വെടിനിർത്തലിനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രയേലിൻ്റെ ആക്രമണം. ഗാസയിലെ ഖാൻ യുനിസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 38 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ജബാലിയയിലെ കമാൽ അദ്വാൻ ആശുപത്രിയും ഇസ്രയേൽ സൈന്യം തകർത്തു. ആശുപത്രിയിലെ ഓക്സിജൻ പ്ലാൻ്റുകൾ തകർത്ത ശേഷമായിരുന്നു ആക്രമണം. സൈന്യം പിന്മാറിയ ശേഷം ലോകാരോഗ്യ സംഘടനയുടെ പ്രവർത്തകരെത്തി രോഗികളെ ആശുപത്രിയിൽ നിന്ന് മാറ്റി. ഏറ്റുമുട്ടലിൽ മൂന്ന് സൈനികരും കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. വെടിനിർത്തലിനായി അമേരിക്കയുടെ നേതൃത്വത്തിൽ വീണ്ടും ശ്രമങ്ങൾ ആരംഭിച്ചതിനിടെയാണ് ഇസ്രയേലിൻ്റെ ആക്രമണം. ഹമാസ് നേതാക്കളുടെ ഒരു സംഘം ചർച്ചകൾക്കായി കെയ്റോയിൽ എത്തിയിട്ടുണ്ട്. ദോഹയിൽ വരും ദിവസങ്ങളിൽ സമാധാന ചർച്ചകൾ പുനരാരംഭിക്കും. ഗാസയിൽ ഇതുവരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 42,000ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.