സൈന്യത്തെ പിൻവലിക്കാതെ തന്നെ ബന്ദികളെ മോചിപ്പിക്കണമെന്നായിരുന്നു ഇസ്രയേലിന്റെ ആവശ്യം
ഒന്നാം ഘട്ട വെടിനിർത്തൽ അവസാനിച്ചതോടെ ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾക്ക് തടയിട്ട് ഇസ്രയേൽ. ഭക്ഷണവുമായെത്തുന്ന ട്രക്കുകളും മറ്റ് അവശ്യസാധനങ്ങളുടെ വിതരണവും ഇസ്രയേൽ തടഞ്ഞു. സൈന്യത്തെ പിൻവലിക്കാതെ തന്നെ ബന്ദികളെ മോചിപ്പിക്കണമെന്നായിരുന്നു ഇസ്രയേലിന്റെ ആവശ്യം. ഹമാസ് ഇത് അംഗീകരിക്കാൻ വിസമ്മതിച്ചതോടെ ഗാസയിൽ ഉപരോധം ഏർപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
അമേരിക്കയുടെ വെടിനിർത്തൽ കാലാവധി നീട്ടാൻ ഹമാസ് സമ്മതിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് വെടിനിർത്തൽ പദ്ധതി മുന്നോട്ടുവച്ചത്. വെടിനിർത്തലിന്റെ ഒന്നാം ഘട്ടം നീട്ടുകയും ബന്ദികളെ മോചിപ്പിക്കുന്നത് തുടരുകയും ചെയ്യണം. ഗാസ മുനമ്പിൽ നിന്ന് ഇസ്രായേൽ സൈന്യം പിൻവാങ്ങുന്നത് ലക്ഷ്യമിട്ട രണ്ടാം ഘട്ടം മാറ്റിവയ്ക്കണമെന്നുമാണ് പദ്ധതിയിൽ പറയുന്നത്. എന്നാൽ പദ്ധതി അംഗീകരിക്കില്ലെന്നാണ് ഹമാസ് പറഞ്ഞത്.
ALSO READ: ഉഷ്ണതരംഗം അപകടകരമായ നിലയിൽ; സ്കൂളുകള്‍ക്ക് കൂട്ട അവധി പ്രഖ്യാപിച്ച് ഫിലിപ്പീന്‍സ്
സഹായം നിർത്തിവച്ചത് യുദ്ധക്കുറ്റമാണെന്നും വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഹമാസ് പ്രതികരിച്ചു. മാനുഷിക സഹായം നിർത്തിവയ്ക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനം വിലകുറഞ്ഞ ഭീഷണിയാണ്. വെടിനിർത്തൽ കരാറിന്മേലുള്ള അട്ടിമറിയാണിതെന്നും ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. അതസമയം, മാനുഷിക സഹായം ഉടൻ ഗാസയിലേക്ക് തിരികെ എത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും വ്യക്തമാക്കി. ഇസ്രയേലിൻ്റെ നടപടിയെ നിരവധി നിരവധി അറബ് രാജ്യങ്ങളും അപലപിച്ചു. ഇസ്രയേലിന്റെ നീക്കം വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാണ് ഈജിപ്തും ഖത്തറും പ്രതികരിച്ചത്.
ജനുവരി 19ന് ആരംഭിച്ച വെടിനിർത്തലിന്‍റെ ആദ്യ ഘട്ടത്തിൽ, ബന്ദിമോചനത്തിന്‍റെ ഭാഗമായി, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ 33 ഇസ്രയേലി ബന്ദികളെയും- കരാറിന്‍റെ ഭാഗമല്ലാത്ത അഞ്ച് തായ് പൗരന്മാരെയുമാണ് ഹമാസ് മോചിപ്പിച്ചത്. പകരം, 2,000 പലസ്തീനിയന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയച്ചു. ഗാസയിലെ നിർണ്ണായകമായ റഫ, നത്‌സറാം അതിർത്തികളില്‍ നിന്ന് ഇസ്രയേല്‍ സെെന്യത്തെ പിന്‍വലിക്കുന്നതും - വടക്കന്‍ ഗാസയിലേക്കുള്ള പലസ്തീനിയന്‍ ജനതയുടെ മടക്കവും ഈ ഘട്ടത്തില്‍ സാധ്യമായി.
അവശേഷിക്കുന്ന 59 ബന്ദികളുടെ മോചനം, ഗാസയിൽ നിന്നുള്ള ഐഡിഎഫിന്‍റെ പൂർണ്ണമായ പിന്മാറ്റവും നിർദേശിക്കുന്ന സമ്പൂർണ്ണ വെടിനിർത്തലാണ് രണ്ടാംഘട്ടത്തില്‍ നടപ്പിലാകേണ്ടിയിരുന്നത്. എന്നാൽ പുതിയ സംഭവവികാസങ്ങൾ രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചകൾ തുടരാനുള്ള സാധ്യതയ്ക്കാണ് മങ്ങലേൽപ്പിച്ചത്.