ഭക്ഷ്യവിതരണത്തിലെ ഇടിവ് മൂലം ഗാസയിലെ കുട്ടികളില്‍ പോഷകാഹാരക്കുറവ് വർധിക്കുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്
ഗാസയിലെ വർധിച്ചുവരുന്ന മാനുഷിക പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. ഇസ്രയേലിന്‍റെ ഉപരോധത്തെ തുടർന്ന് ഗാസാ മുനമ്പിലേക്കുള്ള സഹായം മുടങ്ങിയിട്ട് ഒൻപത് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഭക്ഷ്യശേഖരങ്ങള്‍ കാലിയായതോടെ ഗാസയിലെ കുട്ടികള്‍ ഗുരുതര പോഷകാഹാരക്കുറവാണ് നേരിടുന്നത്. അവശ്യവസ്തുക്കളുടെ ക്ഷാമം ഗാസയിലെ ജനതയെ ഇഞ്ചിഞ്ചായി കൊല്ലുന്നുവെന്നും യുഎന്‍ ഏജന്‍സി അറിയിച്ചു.
'വെടിയുണ്ടകളും മിസെെലുകളും കൊല്ലാത്തവരെ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊല്ലുകയാണ് യുദ്ധം'- ഐക്യരാഷ്ട്രസഭയുടെ സഹായ ഏകോപന വിഭാഗമായ OCHA - തലവന്‍ ജോനാഥൻ വിറ്റാൽ ഗാസയിലെ ഇപ്പോഴത്തെ സാഹചര്യത്തെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. മാർച്ച് രണ്ടിനാണ് അതിർത്തി കവാടങ്ങളടച്ച ഇസ്രയേല്‍ ഗാസയിലേക്കുള്ള സഹായ വിതരണം പൂർണമായി വിച്ഛേദിച്ചത്. ഇത് ഗാസാ മുനമ്പിലെ 2.3 ദശലക്ഷം വരുന്ന നിവാസികളെ കടുത്ത ക്ഷാമത്തിലേക്കാണ് തള്ളിവിട്ടത്.
ഭക്ഷ്യ സംഭരണശാലകൾ ശൂന്യമാണ്. ജനുവരിയിലെ വെടിനിർത്തലിന്‍റെ സമയത്ത് ശേഖരിച്ച ഭക്ഷ്യവസ്തുക്കളെല്ലാം കാലിയായി. ശുദ്ധജലമില്ല. കിണറുകള്‍ ഉപയോഗശൂന്യമാണ്. തെരുവുകളിൽ കെട്ടിടാവശിഷ്ടങ്ങള്‍ കുന്നുകൂടുന്നു. ഇന്ധനവും യന്ത്രങ്ങളുമില്ലാതെ മൃതദേഹങ്ങള്‍ പോലും നീക്കംചെയ്യാനാവില്ല. കുടിയിറക്കപ്പെട്ട കുടുംബങ്ങൾ ടെന്‍റുകളില്ലാതെ ഈ അവശിഷ്ടങ്ങള്‍ക്കിടയില്‍ താമസിക്കേണ്ട ഗതിയിലാണ്. ആശുപത്രികൾ നിറഞ്ഞിരിക്കുന്നു. എന്നാല്‍ മരുന്നുകളോ ചികിത്സാ ഉപകരണങ്ങളോ ഇല്ല. ഗാസയിലെവിടെയും ഇന്ന് അതിജീവനം സാധ്യമല്ല- യുഎന്നിന്‍റെ അഭയാർഥി ഏജന്‍സിയായ യുഎൻആർഡബ്യൂഎ റിപ്പോർട്ട് ചെയ്യുന്നു.
ഭക്ഷ്യവിതരണത്തിലെ ഇടിവ് മൂലം ഗാസയിലെ കുട്ടികളില്‍ പോഷകാഹാരക്കുറവ് വർധിക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. അടുത്തിടെ വടക്കന്‍ ഗാസയിലെ ആയിരം കുട്ടികളില്‍ നടത്തിയ പരിശോധനയില്‍ ഗുരുതര പോഷകാഹാരക്കുറവുള്ള 80 കേസുകള്‍ കണ്ടെത്തി. വിവിധ സഹായ സംഘടനകളില്‍ നിന്നും സൂപ്പ് കിച്ചനുകളില്‍ നിന്നുമുള്ള ഭക്ഷണവിതരണത്തെ ആശ്രയിച്ചാണ് ഗാസയിലെ ജനങ്ങൾ ഇന്ന് പട്ടിണിയോട് പൊരുതുന്നത്. ദിവസങ്ങളുടെ പട്ടിണിക്കൊടുവില്‍ ഭക്ഷണത്തിനായി കെെനീട്ടുന്നവരില്‍, കുഞ്ഞുങ്ങളുടെ വലിയ നിരയുണ്ട്. പാത്രത്തിലെ അവസാനവറ്റുവരെ അവർ അന്നമാക്കുന്നു. ഗാസയിലെ ജനതയുടെ ജീവനുനേർക്ക് മാത്രമല്ല, അന്തസിനുനേർക്കുള്ള ആക്രമണം കൂടിയാണിതെന്ന് യുഎന്‍ വിമർശിക്കുന്നു.
Also Read: പാകിസ്ഥാന് ചൈനയുടെ പിന്തുണ; സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി
അതേസമയം, ഗാസയിലെ ഭക്ഷ്യപ്രതിസന്ധി കള്ളക്കഥയാണെന്നാണ് ഇസ്രയേലിന്‍റെ വാദം. 42 ദിവസത്തെ വെടിനിർത്തല്‍ കാലയളവില്‍ 25,000 സഹായ ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചെന്നും, ഹമാസ് ഈ സഹായം ദുരുപയോഗം ചെയ്തുവെന്നും ഇസ്രയേൽ പറയുന്നു. എന്നാല്‍ ഈ വാദം നിഷേധിക്കുന്ന ഹമാസ് ഇസ്രയേല്‍ പട്ടിണി ആയുധമാക്കുന്നുവെന്ന് ആരോപിക്കുന്നു.