വെടിനിർത്തൽ കരാർ യാഥാർഥ്യമായി എന്ന വാർത്ത വന്നതിനു പിന്നാലെ മാത്രം കുറഞ്ഞത് 86 പേരാണ് ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്
ഗാസ മുനമ്പിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച കരാറിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകാത ഇസ്രയേൽ. എന്നാൽ കരാർ ഞായറാഴ്ചയോടെ പ്രാബല്യത്തിൽ വരുമെന്ന പ്രതീക്ഷയാണ് യുഎസ് പങ്കുവയ്ക്കുന്നത്. അതേസമയം, ഗാസയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ തീവ്രമായ ആക്രമണങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച വൈകിട്ടോടെ വെടിനിർത്തൽ കരാർ യാഥാർഥ്യമായി എന്ന വാർത്ത വന്നതിനു പിന്നാലെ മാത്രം കുറഞ്ഞത് 86 പേരാണ് ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
ഗാസ വെടിനിർത്തൽ കരാർ വ്യാഴാഴ്ച ഇസ്രയേൽ പാർമെന്‍റില്‍ വോട്ടിനുവയ്ക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ ഹമാസ് വെടിനിർത്തൽ വ്യവസ്ഥകൾ അംഗീകരിക്കുന്നതു വരെ ഗാസ വെടിനിർത്തലിനു വോട്ട് ചെയ്യില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട്. പലസ്തീൻ തടവുകാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ഹമാസിന്‍റെ ആവശ്യത്തെത്തുടർന്നാണ് ഇരുപക്ഷത്തിനുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായത്. മധ്യസ്ഥരുമായും ഇസ്രയേലുമായും ഉണ്ടാക്കിയ കരാറിന്റെ ചില ഭാഗങ്ങൾ ഹമാസ് ബഹിഷ്കരിച്ചുവെന്നും അവസാന നിമിഷം ഇളവുകൾ നേടാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നുമാണ് നെതന്യാഹുവിന്റെ ഓഫീസിന്റെ ആരോപണം. എന്നാൽ ഹമാസ് ഈ ആരോപണങ്ങൾ നിഷേധിച്ചു. വെടിനിർത്തൽ കരാറിൽ ഹമാസ് പ്രതിജ്ഞാബദ്ധമാണെന്ന് ഹമാസ് മുതിർന്ന ഉദ്യോഗസ്ഥൻ ഇസാത്ത് എൽ-റെഷിഖ് വ്യക്തമാക്കി.
ഖത്തർ, ഈജിപ്ത്, യുഎസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ബുധനാഴ്ചയാണ് വെടിനിർത്തൽ കരാറിന് രൂപം നൽകിയത്. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു എന്നാണ് ആദ്യം പുറത്തുവന്നിരുന്ന വാർത്തകൾ. ഇസ്രയേൽ സൈന്യത്തെ ക്രമേണ പിൻവലിക്കുന്ന ആറ് ആഴ്ചത്തെ പ്രാരംഭ വെടിനിർത്തൽ കരാറാണ് രൂപീകരിച്ചതെന്നാണ് സൂചന. ഇസ്രയേലിൽ തടവിലാക്കപ്പെട്ട നൂറുകണക്കിന് പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവരുൾപ്പെടെ ഹമാസ് ബന്ദികളാക്കിയ ഡസൻ കണക്കിന് ആളുകളെ മോചിപ്പിക്കും എന്നായിരുന്നു കരാർ വ്യവസ്ഥ.
വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മന്ത്രിസഭ ഈ വിഷയത്തിൽ വോട്ടെടുപ്പ് നടത്തുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ സമയക്രമത്തെക്കുറിച്ച് പ്രതികരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചു. നെതന്യാഹു സർക്കാരിലെ തീവ്രവലതുകക്ഷികളുടെ സമ്മർദമാണ് കരാർ അംഗീകരിക്കുന്നത് വൈകാൻ കാരണം എന്നും നിരീക്ഷണമുണ്ട്. ഹമാസിനെ തുടച്ചുനീക്കുക എന്ന ലക്ഷ്യം യുദ്ധം നേടിയിട്ടില്ലെന്നും അങ്ങനെ ചെയ്യുന്നത് വരെ അത് അവസാനിപ്പിക്കരുതെന്നുമാണ് ഇവരുടെ വാദം. കരാർ അംഗീകരിച്ചാൽ സഖ്യം വിടുമെന്ന് ധനമന്ത്രി ബെസലേൽ സ്മോട്രിക്കും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമർ ബെൻ-ഗ്വിർ ഭീഷണിമുഴക്കിയിരുന്നു. നെതന്യാഹുവിന്‍റെ പാർട്ടിയില്‍ നിന്നുള്ള പ്രവാസികാര്യ മന്ത്രി അമിഹായ് ചിക്ലിയും രാജി ഭീഷണി മുഴക്കുന്നുണ്ട്. ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് ഇസ്രയേൽ പിൻവാങ്ങിയാൽ രാജിവെയ്ക്കുമെന്നാണ് ഭീഷണി.
Also Read: നേറ്റ് ആൻഡേഴ്‌സൺ: ഒരു ഹിന്‍ഡന്‍ബർഗ് കഥ...
2023 ഒക്ടോബർ 7ന് തുടങ്ങിയ ഇസ്രയേലിന്റെ ഗാസ ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,00 കടന്നുവെന്നാണ് റിപ്പോർട്ടുകൾ. യുദ്ധത്തിൽ ഇതുവരെ 46,788 പലസ്തീനികൾ കൊല്ലപ്പെടുകയും 110,453 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.