ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ 38 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗാസയിലെ ആക്രമണത്തിൽ പരിക്കേറ്റ പലസ്തീൻ പൗരനെ ഇസ്രായേൽ മിലിട്ടറി ജീപ്പിന്റെ മുന്നിൽ കെട്ടിയിട്ട് കൊണ്ടുപോയതായി സ്ഥിരീകരണം . സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിച്ചതിനെ തുടർന്ന്, അത് തങ്ങളുടെ ഭാഗത്ത് നിന്ന് വന്ന പിഴവാണെന്ന് ഇസ്രായേൽ പ്രതിരോധസേന അംഗീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. റെയ്ഡിനിടെയുണ്ടായ വെടിവയ്പിലാണ് ഇയാൾക്ക് പരിക്കേറ്റത്. ഇയാളെ ചികിത്സയ്ക്കായി റെഡ് ക്രസൻ്റിലേക്ക് മാറ്റിയതായും ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഐഡിഎഫ് അറിയിച്ചു.
അതിനിടെ ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളിൽ 38 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് .ഹമാസിൻ്റെ സൈനിക ഇൻഫ്രാസ്ട്രക്ചർ സൈറ്റുകളിൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് നൽകുമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ഗാസയിലെ ചരിത്ര പ്രസിദ്ധമായ അഭയാർത്ഥി ക്യാമ്പുകളിലൊന്നായ അൽ-ഷാതി മേഖലയിലെ ഒരു റെസിഡൻഷ്യൽ ബ്ലോക്കിൽ നിരവധി തവണ ആക്രമണമുണ്ടായതായി ഗാസയുടെ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.
അൽ-തുഫ ജില്ലയിലെ വീടുകൾക്ക് നേരെയും അക്രമണമുണ്ടായതായി ഹമാസിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. നേരത്തെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 42 ആയി. ഹമാസിൻ്റെ മുതിർന്ന ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇപ്പോഴും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. ആംബുലൻസിന്റെയും ഇന്ധനത്തിന്റെയും കുറവ് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
ഗാസയിലെ ഇൻ്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) ഓഫീസുകൾക്ക് നേരെ വെള്ളിയാഴ്ച നടന്ന ഷെല്ലാക്രമണത്തെ യൂറോപ്യൻ യൂണിയൻ അപലപിച്ചതായി യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു. സ്വതന്ത്രമായ അന്വേഷണം വേണമെന്നും അക്രമിച്ചവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ബോറെൽ ആവശ്യപ്പെട്ടു.തെക്കൻ ഗാസയിലെ അൽ-മവാസി മേഖലയിൽ നടന്ന വെടിവെപ്പിനെ കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ "ഒരു റെഡ് ക്രോസ് സ്ഥാപനത്തിന് നേരെയും ഐഡിഎഫ് നേരിട്ട് ആക്രമണം നടത്തിയിട്ടില്ല" എന്ന് ഐഡിഎഫ് പറഞ്ഞു. സംഭവത്തിൽ ഉടൻ തന്നെ അന്വേഷണം പൂർത്തിയാക്കുമെന്നും അവർ അറിയിച്ചു.