വെടിനിര്‍ത്തല്‍ എന്ന ആവശ്യങ്ങളോട് മുഖം തിരിച്ചുനില്‍ക്കുകയാണ് ഇസ്രയേല്‍
പശ്ചിമേഷ്യന്‍ രാഷ്ട്രീയസാഹചര്യം കൂടുതല്‍ കലുഷിതമാകുകയാണ്. ഹമാസിനെതിരായ ആക്രമണങ്ങള്‍ അവസാനിക്കുംമുമ്പേ, ഹിസ്ബുള്ളയ്ക്കെതിരെ പോര്‍മുഖം തുറന്നിരിക്കുകയാണ് ഇസ്രയേല്‍. ഗാസയിലെ ആക്രമണം പോലെ ലബനനിലേക്ക് ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ കാണാനാകില്ല. ഹിസ്ബുള്ളയുടെ തിരിച്ചടികള്‍ക്ക് മറ്റു രാഷ്ട്രീയ മാനങ്ങളുണ്ട്. സുന്നി, ഷിയാ വിഭാഗങ്ങളായി വിഭജിച്ചു നിൽക്കുന്ന അറബ് രാജ്യങ്ങൾ ഇസ്രയേലിനെതിരെ പോര്‍മുഖം തുറന്നാല്‍, ഇസ്രയേലിന് പിടിച്ചുനില്‍ക്കാന്‍ യുഎസിന്റെ പിന്തുണ മാത്രം മതിയാകില്ല. മാത്രമല്ല, പാശ്ചാത്യവിരുദ്ധരായ ചൈനയും റഷ്യയും ഇസ്രയേല്‍ ആക്രമണങ്ങളെ അപലപിച്ചും, ലബനന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നിലവിലെ സംഘര്‍ഷങ്ങള്‍ തുടരുന്നത് ആശാസ്യമല്ല.
ചെറുത്തുനില്‍പ്പിന്റെ ചരിത്രമുള്ള ഹിസ്ബുള്ള
ഇസ്രയേല്‍ അധിനിവേശത്തെ എതിര്‍ത്തുകൊണ്ട് പിറവിയെടുത്ത സംഘടനയാണ് ഹിസ്ബുള്ള. ആഭ്യന്തര യുദ്ധകാലത്ത്, തെക്കന്‍ ലബനന്‍ ഇസ്രയേലിന്റെ അധിനിവേശത്തിലായിരുന്നു. അതില്‍ പ്രതിരോധം തീര്‍ത്തുകൊണ്ടാണ്, ഷിയ മുസ്ലീം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ 1982ല്‍ ഹിസ്ബുള്ള ഉദയംകൊള്ളുന്നത്. ഇസ്രയേൽ അധിനിവേശത്തിനെതിരായ ചെറുത്തുനിൽപ്പ് പ്രസ്ഥാനമെന്ന നിലയിലാണ് ആദ്യ ദശകങ്ങളിൽ ഹിസ്ബുള്ള അടയാളപ്പെടുത്തപ്പെട്ടത്. ബെയ്റൂട്ട് അധിനിവേശത്തിനെതിരെ തുടക്കമിട്ട ചെറുത്തുനില്‍പ്പ് 1990കളുടെ അവസാനത്തോടെ കൂടുതല്‍ ശക്തി പ്രാപിച്ചു. വെറുമൊരു സംഘടനയ്ക്കപ്പുറം രാജ്യത്തെ നിര്‍ണായക സ്വാധീനശക്തിയായി ഹിസ്ബുള്ള മാറി. 2000ല്‍ ഇസ്രയേല്‍ ലബനനില്‍നിന്ന് പിന്‍വാങ്ങിയതോടെ, ഹിസ്ബുള്ള കൂടുതല്‍ അംഗീകരിപ്പെട്ടു. ഇസ്രയേലിന്റെ പിന്മാറ്റം ഹിസ്ബുള്ളയുടെ വിജയമായി ആഘോഷിക്കപ്പെട്ടു. അത് ലബനനിനപ്പുറം, അറബ്-മുസ്ലീം രാജ്യങ്ങളിലേക്കും ഹിസ്ബുള്ളയ്ക്ക് ജനപ്രീതി വാങ്ങിക്കൊടുത്തു. ഇസ്രയേലിനെതിരായ അറബ് ദേശീയതയുടെ ചെറുത്തുനില്‍പ്പിന്റെ അടയാളമായിപ്പോലും ഹിസ്ബുള്ള വിശേഷിപ്പിക്കപ്പെട്ടു. ഇന്ന് ലബനനിലെ ഏറ്റവും പ്രബലമായ സായുധ സംഘടനയാണ് ഹിസ്ബുള്ള. രാജ്യത്തെ ഭരണകൂടത്തേക്കാള്‍ ശക്തിയും സ്വാധീനവുമുണ്ട് അതിന്. വിദേശനയങ്ങളിലും പോലും ഇടപെടുന്ന ഹിസ്ബുള്ളയ്ക്ക് ഇറാന്റെ പൂര്‍ണ പിന്തുണയുമുണ്ട്.
മൊസാദിന്റെ ഇടപെടല്‍
ചെറുത്തുനില്‍പ്പിന്റെ ദീര്‍ഘകാല ചരിത്രമുള്ള ഹിസ്ബുള്ളയോടാണ് ഇസ്രയേല്‍ വീണ്ടും കൊമ്പുകോര്‍ക്കുന്നത്. ഇസ്രയേലില്‍നിന്നുള്ള ആക്രമണങ്ങള്‍ മറ്റൊരു തലത്തില്‍ എത്തിനില്‍ക്കുകയാണ്. ഗാസയിലേക്കും വെസ്റ്റ്ബാങ്കിലേക്കും നടത്തുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഇസ്രയേല്‍ പക്ഷേ, ലബനനിലെ പേജര്‍, വാക്കി ടോക്കി സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഈ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആണെന്നാണ് ഉയരുന്ന ആരോപണം. ശത്രുക്കളെ കൊന്നൊടുക്കുന്നതില്‍ ഇസ്രയേല്‍ സേനയേക്കാള്‍ മുന്നിലാണ് മൊസാദ് എന്നാണ് പരക്കെയുള്ള വിമര്‍ശനം. സ്ഫോടനം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍, നോർവെ, ബൾഗേറിയ, തായ്‌വാൻ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൃത്യമായ തെളിവുകൾ പുറത്തുവരുമ്പോള്‍ ഹിസ്ബുള്ളയ്ക്കൊപ്പം അറബ് രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കൂടി കാക്കുകയാണ് ലോകം.
ലബനനൻ ആക്രമണത്തിൽ ഇസ്രയേലിനെതിരെ ഇതിനകം പല കോണുകളിൽ നിന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഇസ്രയേലിൻ്റെ സഖ്യകക്ഷിയായ യുഎസ് പോലും അനിഷ്ടം പ്രകടമാക്കി. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, പശ്ചിമേഷ്യ കലുഷിതമാകുന്നത് അത്ര നല്ല ലക്ഷണമായി ആരും കാണുന്നില്ല. സുന്നി, ഷിയ വിഭാഗങ്ങളായി വിഭജിച്ചു നിൽക്കുന്ന ഖത്തർ, ജോർദാൻ, തുർക്കി, ഈജിപ്ത്, ഇറാൻ, ഇറാഖ്, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങൾ അറബ് രാജ്യമായ ലബനനെ പൊതുശത്രുവായ ഇസ്രയേൽ ആക്രമിക്കുമ്പോൾ ഒന്നിച്ചുനിന്നേക്കില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. ചൈനയും റഷ്യയും ലബനന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലബനൻ്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഉറച്ച പിന്തുണയുണ്ടാകുമെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. ലബനനിൽ നടന്ന പേജർ ആക്രമണത്തിൽ അപലപിച്ച റഷ്യ മേഖല കൂടുതൽ പിരിമുറുക്കത്തിലേക്ക് പോകുകയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. യുഎസ് ഇസ്രയേലിനെ പിന്തുണയ്ക്കാനെത്തിയാൽ ചൈനയും റഷ്യയും അറബ് രാജ്യങ്ങൾക്കൊപ്പം ചേരാൻ മടി കാണിച്ചേക്കില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ഇത്തരം മാറ്റങ്ങള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിനൊപ്പം, സാമ്പത്തിക സാഹചര്യങ്ങളെക്കൂടി ബാധിക്കും. അത് ലോകത്താകെ പ്രതിഫലിക്കാവുന്ന സാഹചര്യവുമുണ്ട്.
ഇസ്രയേലിന്റെ ലക്ഷ്യം
സംഘര്‍ഷങ്ങള്‍ക്ക് നയതന്ത്ര മാര്‍ഗത്തില്‍ പരിഹാരം കാണുന്നതിനായി, 21 ദിവസത്തെ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് യുഎസും ഫ്രാന്‍സും യുഎന്നില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. യുകെ, ഓസ്ട്രേലിയ, യൂറോപ്യന്‍ യൂണിയന്‍, അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തു. എന്നാല്‍, വെടിനിര്‍ത്തല്‍ എന്ന ആവശ്യങ്ങളോട് മുഖം തിരിച്ചുനില്‍ക്കുകയാണ് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകളിലൊന്നും യാഥാര്‍ത്ഥ്യമില്ലെന്നും ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം തുടരണമെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനിടെ, ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇസ്രയേൽ സൈനിക മേധാവിയെ ഉദ്ധരിച്ചുകൊണ്ടാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹമാസിനെതിരായ യുദ്ധം തുടരുന്നതിനിടെ, മേഖലയില്‍ മറ്റൊരു യുദ്ധമുഖം കൂടി തുറക്കാന്‍ ഇസ്രയേല്‍ തയ്യാറാകുമോ എന്നുറപ്പില്ല. ലോകരാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും വാക്കുകളെ എതിര്‍ത്തുകൊണ്ട് അത്തരമൊരു സാഹസത്തിന് ഇസ്രയേല്‍ മുതിര്‍ന്നാല്‍ വലിയ വിനാശത്തിലായിരിക്കും അത് അവസാനിക്കുക.