ഭരണകൂടത്തിന്റെയും സമുദായത്തിന്റെയും അപചയങ്ങൾ തുറന്നുകാട്ടിയതിനാണ് പനാഹിയെ 'നിശബ്ദനാക്കാൻ' സർക്കാർ തീരുമാനിച്ചത്
തെഹ്റാനിലെ ഒരു ഇടത്തരം അപ്പാർട്ട്മെന്റ്. ജനാലയിലൂടെ സൂര്യ പ്രകാശം ഉള്ളിലേക്ക് കടന്നുവരുന്നതേയുള്ളൂ. ഹാളിലെ സോഫയിൽ ഇരുന്ന് രാവിലത്തെ ചായ കുടിക്കുകയാണ് ജാഫർ പനാഹി. ആ മുറിയും പനാഹിയേയും ഏറെ പരിചയമുള്ള മട്ടിൽ അദ്ദേഹത്തെ ഫോക്കസ് ചെയ്ത് ഒരു ക്യാമറയും അവിടെയുണ്ട്. എങ്ങും നിശബ്ദത. പെട്ടെന്ന് തെരുവിൽ നിന്നും ഒരു വെടിശബ്ദം. അതിന്റെ തുടർച്ച എന്നപോലെ ഒരു സൈറണും. ആംബുലൻസാകാം, പൊലീസുമാകാം. സെൻസർ ചെയ്യപ്പെട്ട, അറസ്റ്റ് ചെയ്യപ്പെട്ട, ആ ഇറാനിയൻ സംവിധായകന്റെ ഒരു ദിവസം തുടങ്ങുകയായി.
2010ലാണ് സിനിമാസ്വാദകരെ ഞെട്ടിച്ചുകൊണ്ട് ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ജാഫർ പനാഹിയെ ഇറാൻ സർക്കാർ അറസ്റ്റ് ചെയ്തത്. കോടതി പനാഹിക്ക് ആറ് വർഷം തടവ് വിധിച്ചു. ജയിലിലായി രണ്ട് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഉപാധികളോടെ ലഭിച്ച ജാമ്യം. 12 വർഷത്തെ നിശബ്ദതയാണ് ആ കലാകാരന് മുന്നിൽ കോടതിവെച്ച ഉപാധി. ഇനിയങ്ങോട്ട് സിനിമകളില്ല, എഴുത്തില്ല, യാത്രകളില്ല...
Also Read: VIDEO | AI ആർട്ട് മാത്രമല്ല GHIBLI; ഹയാവോ മിയാസാക്കിയുടെ മാന്ത്രിക വരകള്‍
ഭരണകൂടത്തിന്റെയും സമുദായത്തിന്റെയും അപചയങ്ങൾ തുറന്നുകാട്ടിയതിനാണ് പനാഹിയെ 'നിശബ്ദനാക്കാൻ' സർക്കാർ തീരുമാനിച്ചത്. എന്നാൽ അവർ ഒരു കാര്യം മറന്നുപോയി. ശബ്ദമുയർത്താൻ പനാഹി അവരുടെ അനുവാദം തേടിയിട്ടില്ല. പിന്നിപ്പോൾ അത്തരത്തിൽ ഒരു അനുമതിയുടെ ആവശ്യമില്ലല്ലോ?
പനാഹിയുടെ സിനിമകൾക്ക് വലിയ ലൈറ്റിങ്ങിന്റെയോ സെറ്റുകളുടെയോ ആവശ്യമില്ല. ചെറിയ, യഥാതഥമായ സംഭവങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ സിനിമകൾ ശ്വസിക്കുന്നത്. ഗോൾഡ് ഫിഷ് വാങ്ങാൻ നടക്കുന്ന ഒരു കുട്ടി, ഫുട്ബോൾ കളി കാണാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ, അതുമല്ലെങ്കിൽ ഒരു ടാക്സിയിലേക്ക് കയറുന്ന അജ്ഞാതർ....കഥ പറയാൻ അദ്ദേഹത്തിന് മനുഷ്യർ തന്നെ ധാരാളമാണ്.
പുറംലോകം തനിക്ക് മുന്നിൽ കൊട്ടിയടച്ചപ്പോൾ പനാഹി ഉള്ളിലേക്ക് നോക്കി. അതാ ഇരിക്കുന്നു... പുതിയ ഭാവത്തിൽ, രൂപത്തിൽ, സിനിമ. തന്നെയും കുടുംബത്തെയും കഥാപാത്രങ്ങളാക്കി പനാഹി സിനിമ എടുത്തു. പക്ഷേ സിനിമയ്ക്ക് ഒരു പ്രശ്നമുണ്ട്. അത് ശരിക്കും പറഞ്ഞാൽ സിനിമയുടെ അല്ല, സിനിമാക്കാരുടെ പ്രശ്നമാണ്. കാണികൾ. അവരിലേക്ക് എത്തണം. പനാഹിക്കും ആ വീർപ്പുമുട്ടലുണ്ടായി. അപ്പോഴാണ് ഒരു പെൻഡ്രൈവുമായി ഒരു സുഹൃത്ത് അദ്ദേഹത്തെ കാണാനെത്തുന്നത്. ആ നമിഷം തന്റെ കാണികളിലേക്കുള്ള വഴി അദ്ദേഹത്തിന് തെളിഞ്ഞുകിട്ടി. ആ പെൻഡ്രൈവ് ഒരു ബർത്ത് ഡേ കേക്കിലൊളിപ്പിച്ച് പനാഹി ഇറാന് വെളിയിലെത്തിച്ചു. This is not a film എന്ന ആ ചിത്രം 100 ശതമാനം കലാകാരന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. പേര് സൂചിപ്പിച്ചപോലെ ആ സിനിമ സിനിമ മാത്രമായിരുന്നില്ല, പനാഹിയുടെ പോരാട്ടമായിരുന്നു.
Also Read: 'സ്വയം' റദ്ദാക്കപ്പെടുന്ന ആവിഷ്കാര സ്വാതന്ത്ര്യം; എമ്പുരാന് നിർമാതാക്കൾ കൊടുക്കുന്ന 24 വെട്ട്
ഇറാനിയൻ നിയോ റിയലിസ്റ്റിക് സിനിമകളുടെ വക്താവാണ് ജാഫർ പനാഹി. അദ്ദേഹത്തിന്റെ സിനിമാ ശൈലി രൂപപ്പെടുത്തിയതിൽ ഇറാനിയൻ സിനിമയിലെ ഇതിഹാസമായ അബ്ബാസ് കിയരോസ്തമിക്ക് വലിയ പങ്കുണ്ട്. കിയരോസ്തമിയുടെ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് പനാഹിയുടെ തുടക്കം. ഈ സ്കൂളിൽ നിന്നാണ് മിനിമലിസ്റ്റ് ശൈലി, ലോങ് ടേക്കുകൾ, സൂക്ഷ്മമായ സാമൂഹിക വ്യാഖ്യാനം എന്നിവ പനാഹി സ്റ്റൈലാകുന്നത്. ഇറാനിലെ സാമൂഹിക വിഷയങ്ങളിൽ, പ്രത്യേകിച്ച് വ്യക്തിസ്വാതന്ത്ര്യം, ലിംഗസമത്വം, സാധാരണക്കാരുടെ പോരാട്ടങ്ങൾ എന്നിവയിൽ ഈ രണ്ട് സംവിധായകരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. കിയരോസ്തമി അതിനെ ദാർശനികമായാണ് സമീപിച്ചതെങ്കിൽ പനാഹി അധികവും സംസാരിച്ചത് രാഷ്ട്രീയമായിരുന്നു.
പനാഹിയുടെ കഥാപാത്രങ്ങൾ പലപ്പോഴും സാമൂഹിക മാനദണ്ഡങ്ങളിലും ഭരണകൂടം ഒരുക്കുന്ന ദൃശ്യവും അദൃശ്യവുമായ നിയമങ്ങളിലും കുടുങ്ങിക്കിടക്കുന്നവരാണ്. എന്നിരുന്നാലും ഇവരുടെ മൗനം പോലും വാചാലമാണ്. ചോദ്യങ്ങളാണ്? പലരും ഇത്തരത്തിൽ സിനിമകളെടുക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ പരീക്ഷണവും പ്രതിഷേധവും ചേർന്ന് അവ പ്രസ് റിലീസുകളായി മാറുകയാണ് പതിവ്. പനാഹി അങ്ങനെയല്ല. അദ്ദേഹത്തിന് തന്റേതായ ശൈലിയുണ്ട്. ആ ശൈലിക്ക്, സിനിമയ്ക്ക്, ഒച്ച നൽകിയത് ഇറാനിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ്.
Also Read: ജെയിംസ് കാമറൂൺ: മുതലാളിത്തത്തെ തിരയില്‍ ചോദ്യം ചെയ്ത ഹോളിവുഡിലെ റെബല്‍
പുരുഷാധിപത്യവും സ്വേച്ഛാധിപത്യവും മതവും ഭരിക്കുന്ന ഇറാനിൽ ഏറ്റവും അധികം അസ്വാതന്ത്ര്യം അനുഭവിക്കുന്നത് സ്ത്രീകളാണ്. അവരുടെ നടപ്പും ഇരിപ്പും നോട്ടവും നിയമാനുസൃതമായിരിക്കണം. അല്ലെങ്കിൽ കൊടിയ പിഴയൊടുക്കേണ്ടി വരും. ജാഫർ പനാഹിയുടെ സിനിമ സംസാരിച്ചതും അവരെപ്പറ്റിയാണ്. 2000ൽ ഇറങ്ങിയ സർക്കിളും, 2006ൽ ഇറങ്ങിയ ഓഫ്സൈഡും ഇതിന് ഉദാഹരണമാണ്. ഈ രണ്ട് സിനിമകളും ഇറാനിൽ ബാൻ ചെയ്യപ്പെട്ടു. മുസ്ലീം സ്ത്രീകളെ തെറ്റായി ആവിഷ്കരിക്കുക വഴി അപമാനിച്ചു എന്നതായിരുന്നു ആരോപണം. എങ്ങനെയാണ് പനാഹി അവരെ അപമാനിച്ചത്? അവരുടെ ജീവിതം അനാവൃതമാക്കി. അവരുടെ പ്രതിസന്ധികൾ വിഷയമാക്കി. പനാഹി ജനങ്ങളെ വഴിതെറ്റിക്കുമെന്ന് ഭരണകൂടം ഭയന്നു. ശരിയാണ്, വഴിതെറ്റിക്കും. തിരിച്ചറിവിനപ്പുറം ഒരു ജനതയെ സർക്കാരിൽ നിന്നും വഴി തെറ്റിക്കാൻ മറ്റെന്തു വേണം. ആ തിരിച്ചറിവാണ് പനാഹി സിനിമകൾ പ്രദാനം ചെയ്തത്.
'ഓഫ് സൈഡിൽ' നമ്മൾ കാണുന്നത്, 2006 ഫുട്ബോൾ ലോകകപ്പിലേക്കുള്ള യോഗ്യതാ മത്സരത്തിൽ ഇറാനും ബെഹ്റിനും ഏറ്റുമുട്ടുന്നത് കാണാനായി ആൺകുട്ടികളെപ്പോലെ വേഷം മാറിയെത്തുന്ന പെൺകുട്ടികളെയാണ്. എന്നാൽ ഇവർ പിടിക്കപ്പെടുന്നു. കളി പിന്നങ്ങോട്ട് ആ പെൺകുട്ടികളെപ്പോലെ നമ്മളും കാണുകയല്ല, കേൾക്കുകയാണ്. പൊതുയിടങ്ങളിൽ സ്ത്രീ എവിടൊക്കെ ഉണ്ടാകരുതെന്നാണ് യാഥാസ്ഥിതിക പുരുഷൻ ആഗ്രഹിക്കുന്നതെന്ന് ഓഫ് സൈഡ് ചൂണ്ടികാണിക്കുന്നു. ഇറാനിലെ നിർബന്ധിത സൈനിക സേവനത്തിന്റെ വിയർപ്പുമുട്ടലും ഇതിനൊപ്പം പറഞ്ഞുവയ്ക്കുന്നുണ്ട് ഈ സിനിമ.
ഈ ചിത്രത്തിന്റെ ആശയം സംവിധായകന് ലഭിച്ചത് സ്വന്തം മകളിൽ നിന്നാണ്. ഒരിക്കൽ കളി കാണണമെന്ന് വാശിപിടിച്ച് ഒപ്പം വന്ന മകളെ, വിലക്ക് കാരണം പനാഹിക്ക് തിരികെ അയയ്‌ക്കേണ്ടി വന്നു. മാച്ച് കഴിഞ്ഞ് വിഷമത്തോടെ മകളെ തേടിച്ചെന്നപ്പോൾ, താനും കളി കണ്ടുവെന്ന് ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു. എങ്ങനെയെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഓഫ് സൈഡ്. ആൺ വിയർപ്പു നാറുന്ന ഗാലറികളിൽ, കളിയാവേശത്തിൽ അവരുടെ തെറിവിളികൾ മുഴങ്ങുന്ന അന്തരീക്ഷത്തില്‍ ഒരു സ്ത്രീ അവിടെ എന്തു ചെയ്യും? അവളും വിയർക്കും, ആവേശത്തിൽ കൂക്കി വിളിക്കും, തുള്ളിച്ചാടും, മടങ്ങും. ഇത് വിലക്കുന്ന ഭരണകൂടത്തിന്റെ സാദാചാരബോധത്തെ പരിഹസിക്കുകയായിരുന്നു പനാഹി.
Also Read: ആ മോഹൻലാൽ ചിത്രം കോപ്പിയായിരുന്നു! കൊമേഴ്ഷ്യൽ സിനിമ സംശയത്തോടെ വീക്ഷിച്ച കൾട്ട് ഫിലിം മേക്കർ സായ് പരാഞ്പെ
'സർക്കിൾ' നോക്കികഴിഞ്ഞാൽ, ആ പേര് പോലെ തന്നെ ഒരു വളയത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന സ്ത്രീ ജീവിതങ്ങളെപ്പറ്റിയാണ് ആ സിനിമ സംസാരിച്ചത്. സിനിമ തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴുമുള്ള സമാന ഇമേജുകൾ ഇത് വ്യക്തമാക്കുന്നു. ഓപ്പണിങ് ഷോട്ടിൽ ഒരു ലേബർ റൂമിലെ അടഞ്ഞ വാതിലിനിപ്പുറം സ്ലൈഡിങ് ഡോറിലൂടെ തന്റെ മകളുടെ പ്രസവ വിവരം ഒരു ഉമ്മ അറിയുന്നു. പെൺകുഞ്ഞാണ്. അവർ വിഷമിച്ചു പോകുന്നു. ആൺകുട്ടിയെ പ്രതീക്ഷിച്ചിരിക്കുന്ന മകളുടെ ഭർത്താവിന്റെ വീട്ടുകാരോട് എന്തു പറയും? ക്ലോസിങ് ഷോട്ടിലോ, ഒരു ജയിലിന്റെ വാതിലാണ് പ്രേക്ഷകർ കാണുന്നത്. അതിന്റെ സ്ലൈഡിങ് ഡോറിലൂടെ പാറാവുകാരൻ ഇതേ സ്ത്രീയുടെ പേരെടുത്തു അന്വേഷിക്കുന്നു. ഈ രണ്ട് ഇമേജുകൾക്കിടയിൽ പറയുന്ന രാഷ്ട്രീയമാണ് പനാഹിയുടെ സിനിമ. ജയിൽ ചാടുന്ന ഏതാനും സ്ത്രീകൾ, തിരിച്ചറിയൽ രേഖയോ പുരുഷന്റെ 'കൃപയോ' ഇല്ലാത്തത് അവരെ പ്രതിസന്ധിയിലാക്കുന്നു. ഗറില്ല സ്റ്റൈൽ ഫിലിം മേക്കിങ് ആണ് ഈ കഥ പറയാൻ പനാഹി സ്വീകരിച്ചത്. അങ്ങനെയല്ലാതെ ഇറാനിലെ തെരുവുകളിലും പൊതുവിടങ്ങളിലും ഈ കഥ ഷൂട്ട് ചെയ്യാൻ കഴിയുമായിരുന്നില്ല.
അറസ്റ്റിന് ശേഷം പനാഹി മെറ്റാ സിനിമകളാണ് നിർമിച്ചത്. നിങ്ങൾ പനാഹിയുടെ സിനിമ കണ്ടുകൊണ്ടിരിക്കുകയാണെന്ന് നിരന്തരം ഇവ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും. 2015ൽ നിർമിച്ച 'ടാക്സിയിൽ' പനാഹി തന്നെയാണ് കേന്ദ്ര കഥാപാത്രം. അയാൾ തെഹ്റാനിലെ തെരിവുകളിലൂടെ വണ്ടിയോടിക്കുന്നു. ആ ടാക്സിയിൽ കയറുന്നവരുടെ കഥ കേൾക്കുന്നു. അതിന്റെ ഭാഗമാകുന്നു. ഒരു തരത്തിൽ ഈ ടാക്സി തന്നെയാണ് ഇറാൻ. ഒളിഞ്ഞും തെളിഞ്ഞും യാത്രക്കാരിലേക്ക് എത്തുന്ന ക്യാമറ വെറും സാക്ഷി മാത്രം. എന്നാൽ ഇതിനിടയിൽ മറ്റൊരു നോട്ടവും പനാഹിക്ക് മേൽ പതിഞ്ഞിരുന്നു.
2022 ജൂൺ 11ന് ജാഫർ പനാഹി അപ്രതീക്ഷിതമായി വീണ്ടും അറസ്റ്റിലായി. രാജ്യത്തെ ഭരണവിരുദ്ധ വികാരം ശക്തമായതാണ് വിമതസ്വരങ്ങളെ ഒതുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പനാഹിക്ക് ഒപ്പം സംവിധായകരായ മഹമ്മൂദ് റസൂലോഫും മുസ്തഫ ആലിയഹ്മദും ജയിലിലായി. അതും വെളിച്ചം പോലും മടിച്ച് മാത്രം കടന്നുചെല്ലുന്ന എവിൻ തടവറയിൽ. ലോകം മുഴുവൻ പനാഹിക്കായി തുറന്ന കത്തുകൾ എഴുതി. അദ്ദേഹത്തിന്റെ 'നോ ബെയർ' എന്ന ചിത്രത്തിന് 79-ാമത് വെനീസ് ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ ജാമ്യ ഹർജി കോടതിയിൽ എത്തിയില്ല. അവസാനം നിരാഹാരം കിടന്നാണ് പനാഹി മോചനം നേടിയത്.
Also Read: സത്യജിത് റേ: ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം
ഒടുവിൽ 2023 ഏപ്രിലിൽ 14 വർഷത്തെ യാത്രാ വിലക്കിനൊടുവിൽ ഭാര്യ തഹെരെഹ് സയീദിക്കൊപ്പം പനാഹി ഇറാൻ അതിർത്തി കടന്ന് മറ്റൊരു രാജ്യത്തേക്ക് എത്തി. 'For a few days' എന്ന കുറിപ്പോടെ തഹെരെഹ് പങ്കുവെച്ച പനാഹിയുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സിനിമകൾ പോലെ സംസാരിക്കുന്നു. ആ ഫിലിം മേക്കർ ഒരു സിനിമയ്ക്കുള്ളിലാണ് എന്ന് ആ നിമിഷം നമുക്ക് തോന്നിപോകും. എവിടെയോ ക്യാമറ ഒളിഞ്ഞിരിപ്പുണ്ട്. വിലക്കുകളെ മറികടക്കാൻ അയാൾ സിനിമയ്ക്കുള്ളിൽ ഉണ്ടുറങ്ങുകയാണ്. അയാളെ ഉണർത്താതെ ആർക്കും ആ സിനിമയിൽ തൊടാൻ സാധിക്കില്ല. ഈ ജാഗ്രതയാണ് ഇന്ന് പലർക്കും നഷ്ടപ്പെടുന്നത്.
Also Read: ക്രിസ്റ്റഫർ നോളൻ: ദ ഡാർക്ക് നൈറ്റ് ഓഫ് ഹോളിവുഡ്
സൂക്ഷിച്ച് അടവെച്ച് വിരിയിച്ച്, കമ്പോളത്തിന് ചേരും വിധം ഇറക്കുന്ന വലിയ സിനിമകൾ രാഷ്ട്രീയം പറയരുതെന്നാണ് അലിഖിത നിയമം. പക്ഷേ സിനിമ നമ്മൾ ആഗ്രഹിച്ചില്ലെങ്കിലും രാഷ്ട്രീയം പറയും. അത് ദൃശ്യങ്ങളുടെ പ്രത്യേകതയാണ്. ഈ രാഷ്ട്രീയത്തെ വക്രീകരിക്കാനും പലരും ശ്രമിക്കും. എന്നാൽ ഒരു സിനിമ, ഒരോറ്റ ഫ്രെയിം...അതുമതി മതമൗലികശക്തികളെ വിറളിപിടിപ്പിക്കാൻ. ഇമേജുകൾ ആളുകളെ ഭൂതകാലത്ത് തങ്ങളാരായിരുന്നുവെന്ന് ഓർമിപ്പിക്കും. അവർ കത്രികകൾ നീട്ടും. സിനിമകളിലെ തങ്ങൾക്കുവേണ്ടാത്ത ഭാഗങ്ങൾ മുറിച്ചു നീക്കും. അല്ലെങ്കിൽ സിനിമ തന്നെ വിലക്കും. എന്നാൽ സംവിധായകരെ വിലക്കാൻ ഇവർക്ക് സാധിക്കില്ല. അവർ തോക്കിൻ മുമ്പിലും സിനിമ സംസാരിക്കും. സിനിമയ്ക്കായി സംസാരിക്കും. സ്വന്തം ആവിഷ്കാര സ്വാതന്ത്ര്യത്തിന് സൈലൻസർ ഘടിപ്പിച്ച് സുരക്ഷിത ഇടങ്ങളിലേക്ക് മാറുമ്പോൾ നിങ്ങൾ സിനിമ എന്ന മാധ്യമത്തെ വഞ്ചിക്കുകയാണ്, ജീവൻ പണയപ്പെടുത്തി പടമെടുക്കുന്ന പനാഹിയെപ്പോലുള്ളവരെ ഒറ്റുകൊടുക്കുകയാണ്.