അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്ങും യുപിഎ അധ്യക്ഷയായിരുന്ന സോണിയാഗാന്ധിയുമടക്കമുള്ളവർ സന്നിഹിതരായിരുന്ന വേദിയിൽ വെച്ചാണ് രഞ്ജന സോനാവണെയ്ക്ക് രാജ്യത്തെ ആദ്യ ആധാർ കാർഡ് സമ്മാനിച്ചത്
രാജ്യത്തെ ആദ്യ ആധാർ കാർഡ് ഉടമയായി 2010ൽ വാർത്തകളിൽ ഇടം പിടിച്ച ഒരു സ്ത്രീയുണ്ട്. മഹാരാഷ്ട്രയിലെ തുംബ്ലി ഗ്രാമക്കാരി. മൻമോഹൻസിങ്ങും സോണിയാഗാന്ധിയും ചേർന്ന് ആധാർ കാർഡ് സമ്മാനിച്ച രഞ്ജന സോനാവണെ. എന്നാൽ 15 വർഷത്തിനിപ്പുറം ഒരു ക്ഷേമപദ്ധതി ആനുകൂല്യം പോലും തനിക്ക് ലഭിച്ചില്ലെന്നാണ് രഞ്ജനയ്ക്ക് പറയാനുള്ളത്.
2010 സെപ്തംബർ 29ന് സ്വന്തം ഗ്രാമത്തിലെ വിഐപി ചടങ്ങ്. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്ങും യുപിഎ അധ്യക്ഷയായിരുന്ന സോണിയാഗാന്ധിയുമടക്കമുള്ളവർ സന്നിഹിതരായിരുന്ന ആ വേദിയിൽ വെച്ച് രഞ്ജന സോനാവണെയ്ക്ക് രാജ്യത്തെ ആദ്യ ആധാർ കാർഡ് സമ്മാനിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിലെ തെംബ്ലി ഗ്രാമത്തിലെ ആ ചടങ്ങോടെയാണ് രാജ്യത്തെ ആധാർ വിപ്ലവത്തിന് തുടക്കം കുറിക്കപ്പെട്ടത്. അതോടെ രഞ്ജന സോനാവണെ എന്ന പേര് രാജ്യം ശ്രദ്ധിച്ചു. ആളുകൾ തിരിച്ചറിഞ്ഞു. ഈ കാർഡോടെ തന്റെ ജീവിതം മാറുകയാണെന്നും ക്ഷേമപദ്ധതികളിൽ തനിക്ക് വലിയ പരിഗണന കിട്ടുമെന്നുമെല്ലാം രഞ്ജന കരുതി. എന്നാൽ ഒന്നും സംഭവിച്ചില്ല. 15 വർഷം മുൻപ് ലഭിച്ച ആധാർ കാർഡ് കൊണ്ട് ഒരു ക്ഷേമവും തനിക്കുണ്ടായില്ലെന്നാണ് ഇപ്പോൾ 54 വയസുള്ള രഞ്ജന പറയുന്നത്.
Also Read: മാംസാഹാരികളെ 'വൃത്തികെട്ടവർ' എന്ന് വിളിച്ചു; മുംബൈ അപ്പാർട്ട്മെൻ്റിൽ സംഘർഷം
മഹാരാഷ്ട്രാ സർക്കാരിന്റെ മയ്യ ലഡ്കി ബഹിൻ യോജനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രതിമാസം 1,500 രൂപ ലഭിക്കുന്ന പദ്ധതി. പക്ഷേ പണം വന്നു, മറ്റാരുടേയോ അക്കൗണ്ടിലേക്കാണെന്ന് മാത്രം. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വേറെയെന്ന് കണ്ടെത്താൻ തന്നെ ഏറെനാൾ നടന്നു. പണം പോയത് ആരുടെ അക്കൗണ്ട് എന്ന് രഞ്ജനയ്ക്കുമറിയില്ല. വേണ്ടത്ര പഠിപ്പില്ലാത്തതിനാൽ ബാങ്ക് അക്കൗണ്ട് ശരിയാക്കിയതും ആധാർ ലിങ്ക് ചെയ്തതിനും മറ്റാരുടേയോ സഹായം തേടിയിരുന്നു. അവർക്ക് സംഭവിച്ച പിഴവോ അവർ നടത്തിയ തട്ടിപ്പോ ആകാം ഇതിന് കാരണമെന്നാണ് സംശയം. നിരവധി ഗ്രാമീണർക്ക് ഇതേ അവസ്ഥയുണ്ടെന്നും രഞ്ജന പറയുന്നു.
Also Read: നടു റോഡില്‍ കസേരയിട്ടിരുന്ന് ചായ കുടിക്കുന്നത് റീലാക്കി; ബെംഗളൂരുവില്‍ യുവാവ് അറസ്റ്റില്‍
പണം അക്കൗണ്ടിലേക്ക് പോയതിനാൽ ഇനി തിരിച്ചെടുക്കാനാകില്ലെന്നാണ് ബാങ്കിന്റെ വാദം. എംഎൽഎയ്ക്ക് പരാതി നൽകി. നടപടിയുണ്ടായില്ല. വിളിച്ചാൽ ഫോണും എടുക്കുന്നില്ല. തൊഴിലുറപ്പ് പണിക്ക് പോയി കിട്ടുന്ന പൈസ കൊണ്ടാണ് രഞ്ജന ജീവിതം മുന്നോട്ട് നീക്കുന്നത്. മൂന്ന് മക്കളുണ്ട്. എന്തിനാണീ കാർഡ് - 2010 ലെ ആ ചടങ്ങിന്റെ ഫോട്ടോ തൂക്കിയിട്ട വീട്ടു ചുവരിന് താഴെയിരുന്ന് രഞ്ജന ചോദിച്ചു. രാജ്യത്തെ ഡിജിറ്റൽ ശക്തീകരണത്തിന്‍റെ ചരിത്രസാക്ഷ്യമായി മാറിയ ആധാറിന്റെ ആദ്യ ഉടമയുടെ അവസ്ഥയാണിത്.