യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനാണ് ദിവ്യക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പ്രകീർത്തിച്ച സംഭവത്തിൽ ഐഎഎസ് ദിവ്യ എസ്. അയ്യർക്കെതിരെ പരാതി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനാണ് ദിവ്യക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്. ദിവ്യ ഐഎഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്ന് പരാതിയിൽ പറയുന്നു. കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കും വിജിൽ മോഹൻ പരാതി നൽകിയിട്ടുണ്ട്.
ദിവ്യ എസ് അയ്യറുടെ പോസ്റ്റിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. കെ.കെ. രാഗേഷിന് ആശംസ നേര്‍ന്നുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍, 'കര്‍ണനെ തോല്‍പ്പിക്കുന്ന കവചം' എന്നായിരുന്നു ദിവ്യ കുറിച്ചത്. കെ.കെ രാഗേഷ് വിശ്വസ്തതയുടെ പാഠപുസ്തകമാണെന്നും കഠിനാധ്വാനത്തിന്റെ മഷിക്കൂട്ടാണെന്നും ദിവ്യ പ്രകീര്‍ത്തിച്ചിരുന്നു.
കെ.കെ. രാഗേഷിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിട്ടതില്‍ കെ. മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ദിവ്യക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ദിവ്യ മുഖ്യമന്ത്രിക്ക് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണെന്നായിരുന്നു കെ. മുരളീധരന്റെ വിമര്‍ശനം. സോപ്പിട്ടോളൂ, പക്ഷെ പതപ്പിക്കരുതെന്നും അത് ദിവ്യക്ക് തന്നെ ഭാവിയില്‍ ദോഷം ചെയ്യുമെന്നുമായിരുന്നു മുരളീധരന്‍ പറഞ്ഞത്. ഇതില്‍ മറുപടിയെന്നോണമാണ് പുതിയ പോസ്റ്റ്.
വിമർശനത്തിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ വീണ്ടും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു. 'അതു പതയല്ല, ജീവിത പാതയാണ്' എന്നായിരുന്നു ദിവ്യയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ്. 'മഴ പെയ്തു കഴിഞ്ഞു മരം പെയ്യുന്നു എന്ന പോലെ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ എവിടൊക്കെയോ ചിലമ്പുന്നതും, പുലമ്പുന്നതും കേള്‍ക്കുന്നുണ്ട്. എന്റെ ഔദ്യോഗിക കുടുംബത്തിലെ അംഗങ്ങള്‍ വിട്ടു പോകുമ്പോള്‍, അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അഭിമാനം തോന്നി എന്നു എനിക്കു ബോധ്യമുള്ളപ്പോള്‍ സ്‌നേഹാദരവു അര്‍പ്പിക്കുക അന്നും ഇന്നും എന്റെ ഒരു പതിവു ആണ്. അതു പത അല്ല, ഞാന്‍ നടക്കുന്ന എന്റെ ജീവിത പാത ആണ്. ഇനിയും തുടരും. ഏവരോടും, സസ്‌നേഹം,'- ദിവ്യ എസ്. അയ്യര്‍ കുറിച്ചു.
ALSO READ: ഡാന്‍സാഫിനെ വെട്ടിച്ച് ഓട്ടം; നാളെ ഹാജരാകാന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് പൊലീസ് നോട്ടീസ്
വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സമാനമായ രീതിയില്‍ നേരത്തെയും ദിവ്യ മറുപടി നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞത് നന്മയുള്ളവരെക്കുറിച്ച് നല്ല വാക്ക് പറയുന്നതിന് വലിയ പ്രയാസം വേണ്ടെന്നുമായിരുന്നു ദിവ്യ പറഞ്ഞത്.