പിണറായി കൈതോലപ്പായയില്‍ പണം കടത്തി എന്ന ശക്തിധരന്റെ ആരോപണം വിവാദമായിരുന്നു
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആരോപണവുമായി ജനശക്തി വാരിക എഡിറ്റർ ജി. ശക്തിധരന്‍. വി.ഡി. സതീശന്റെ മുഖചിത്രവുമായി പുറത്തിറക്കിയ ജനശക്തി മാസികയുടെ പ്രത്യേക പതിപ്പിന് വാങ്ങിത്തരാമെന്നേറ്റ പണം നല്‍കിയില്ലെന്നാണ് ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലാണ് ശക്തിധരന്‍ പ്രതിപക്ഷ നേതാവിന് എതിരായ ആരോപണം ഉന്നയിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രത്യേക പതിപ്പിന് പരസ്യം വാങ്ങി നല്‍കാമെന്ന് വി.ഡി. സതീശന്‍റെ സഹായി അനീഷ് പറഞ്ഞതായി ശക്തിധരന്‍ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഈ പരസ്യത്തുക മറ്റാരോ കൈക്കലാക്കിയെന്നും ഇക്കാര്യം സതീശനെ അറിയിച്ചിട്ടും ഇടപെടുന്നില്ലെന്നും ശക്തിധരന്‍ അറിയിച്ചു. സതീശന്റെ നിയമസഭാ പ്രസംഗത്തിന്റെ പൂര്‍ണ രൂപമാണ് മാസികയില്‍ കൊടുത്തിരുന്നത്.
ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരനെ സിപിഎം പുറത്താക്കിയതാണ്. പിണറായി കൈതോലപ്പായയില്‍ പണം കടത്തി എന്ന ശക്തിധരന്റെ ആരോപണം വിവാദമായിരുന്നു. എന്നാൽ പൊലീസിന് മൊഴി നൽകാൻ തയ്യാറായില്ല.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഇല മുള്ളിൽ വീണാലും
മറിച്ചായാലും .....
പ്രതിപക്ഷ നേതാവ് ചിന്തിക്കുക ........
സോഷ്യൽ മീഡിയയിൽ കുറച്ച് നാളായി എഴുതാത്തത് എന്തുകൊണ്ടാണെന്ന് ,ഒട്ടേറെ സുഹൃത്തുക്കൾ ചോദിച്ചു കൊണ്ടേയിരിക്കുന്നു. മറുപടി എന്ത് എഴുതിയാലും അത് ഇലയ്ക്കാണോ മുള്ളിനാണോ കേട് ഉണ്ടാക്കുക എന്ന ആശങ്ക കൊണ്ടാണ് ഇത്രയും നാൾ മൌനം ദീക്ഷിച്ചത് എന്ന് തുറന്ന് പറയട്ടെ. എന്റെ ക്ഷമ ഇപ്പോൾ നെല്ലിപ്പടിയിലെത്തി.
ഞാൻ ശാന്തമായി ഉറങ്ങിയിട്ട് എത്രയോ നാളുകളായി എന്നറിയമോ? ഉറക്കം നഷ്ടപ്പെടുത്തിയത് ആരാണെന്ന് ഇത് വായിക്കുമ്പോൾ മനസാക്ഷി ഉള്ളവർക്ക് മനസിലാകും.
ശ്രീ വി ഡി സതീശന്റെ “അഹന്തതയെ” കുറിച്ച് ആ പാർട്ടിയിലെ നേതാക്കൾ പരസ്യമായി വിമർശിക്കുന്നത് കാണുമ്പോൾ ഇത്രത്തോളം അത് മൂത്തിട്ടുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല. “അഹന്ത” എന്ന വിഷസൂചി എത്ര ആഴത്തിൽ കയറ്റിയാലാണ് ഒരാളെ ഇത്രയ്ക്ക് വേദനിപ്പിക്കാൻ കഴിയുക എന്നത് അനുഭവിച്ചു തന്നെ അറിയണം. ശ്രീ വി ഡി സതീശന്റെ സ്വഭാവത്തെ ക്ഷുദ്ര പ്രയോഗത്തിലൂടെ മാറ്റിമറിച്ച് ഈ പരുവത്തിലാക്കിയവർ അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷി ആണെന്ന് ഞാൻ കരുതുന്നില്ല.
കോൺഗ്രസിലെ നേതാക്കൾ തന്നെ പ്രചരിപ്പിക്കുന്നത് പിണറായി വിജയന്റെ നേർ പകുതിയാണ് ശ്രീ വി ഡി സതീശൻ എന്നാണ്. എന്നാൽ അത് പാർട്ടിയിലെ കുശുമ്പും കുന്നായ്മകളും മറ്റും കൊണ്ട് കെട്ടിച്ചമയ്ക്കുന്ന ആരോപണമായിരിക്കാം. അതിന്റെ തെറ്റിലും ശരികളിലേക്കും ഞാൻ കടക്കുന്നില്ല. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് കേന്ദ്രീകരിച്ച് അധികാര പ്രമത്തതയിൽ അർമാദിക്കുന്ന ഒരു ചെറിയ കോക്കസ് പ്രവർത്തിക്കുന്നു എന്നത് എന്റെ അനുഭവമാണ്. പ്രതിപക്ഷ നേതാവും ആ കെണിയിൽ പെട്ട് പോയിരിക്കുന്നു എന്നതാണ് എന്റെ ബോദ്ധ്യം.
ഈ പ്രതിസന്ധി അറിയിക്കാൻ ഫോണിൽ സംസാരിച്ചു തുടങ്ങുന്നയാളോട് വിഷയം വിഷയം മാറ്റി തടിതപ്പിയാൽ എത്രനാൾ അദ്ദേഹത്തിന് മറ്റുള്ളവരെ കബളിപ്പിക്കാൻ പറ്റും?
കോൺഗ്രസിലെ നേതാക്കൾ തന്നെ പ്രചരിപ്പിക്കുന്നത് പിണറായി വിജയന്റെ നേർ പകുതിയാണ് സതീശൻ എന്നാണ്.എന്നാൽ അത് പാർട്ടിയിലെ കുശുമ്പും കുന്നായ്മകളും മറ്റും കൊണ്ട് കെട്ടിച്ചമയ്ക്കുന്ന ആരോപണമായിരിക്കാം. അതിന്റെ തെറ്റിലും ശരികളിലേക്കും ഞാൻ കടക്കുന്നില്ല. ഞാൻ ഒരു കോൺഗ്രസ് കാരനോ മറ്റേതെങ്കിലും വിശ്വാസ പ്രമാണങ്ങളിൽ ആകൃഷ്ടനായി ജീവിക്കുന്നയാളോ അല്ല.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് കാഴ്ചവെച്ച പോരാട്ടം നിസ്തുലമാണ്. അതിന് ചരിത്രത്തിൽ പ്രത്യേക ഇടം കിട്ടണം എന്ന ലക്ഷ്യം വെച്ച് ജനശക്തി പ്രത്യേക പതിപ്പ് അസൂത്രണം ചെയ്തിരുന്നു. അതിന് ജനശക്തിയുടെ സാധാരണ ലക്കത്തിന്റ്റെ ചെലവ് മാത്രമാണ് വേണ്ടിവന്നത്. ചില്ലികാശ് പോലും പ്രതിപക്ഷ നേതാവിന്റെ കീശയിൽ നിന്ന് എടുത്തിട്ടില്ല. അതിന്റെ അണ പൈസ കണക്ക് വരെ തൽസമയം തുണ്ട് കടലാസുകളിൽ എഴുതി പ്രതിപക്ഷ നേതാവിന്റെ കയ്യിലും അദ്ദേഹത്തിന്റെ കീഴാളൻ അനീഷിന്റെ കയ്യിലും എൽപ്പിച്ചിട്ടുണ്ട്. അതാണ് ജനശക്തിയുടെ മഹത്വം. ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്നവരുടെ പ്രസ്ഥാനം എന്ന ആശയം അന്വർഥമാക്കിയാണ് അതിന് കഴിഞ്ഞത്. അത് വിജയിച്ചു.
അതിനിടെ പ്രതിപക്ഷ നേതാവിന്റെ കീഴാൾ പണി ചെയ്യുന്ന അനീഷ് ഒരു പ്രഖ്യാപനം നടത്തി. ഈ സ്പെഷലിന് നിംസ് ആശുപത്രി ഒരു പരസ്യം നല്കുമെന്ന്.
രാഷ്ട്രീയത്തിൽ പരിചിതമായ വഞ്ചന ഇവിടെയും അരങ്ങേറി. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ സമ്പർക്കം മൂലം എനിക്ക് അവിടത്തെ തമ്മിൽ കുത്തും ഒറ്റും ഏറെ പരിചിതമായെങ്കിലും ഞാനാ ലോകത്തേക്ക് തിരിഞ്ഞതേയില്ല. അവിടത്തെ മൂപ്പിളമാ തർക്കങ്ങൾ ആർക്കും പരിഹരിക്കാവുന്നതല്ല. ആ പരസ്യത്തിന്റെ താരിഫ് അയച്ചുകൊടുത്തു എന്നല്ലാതെ നിംസ് അധികൃതരോട് സംസാരിച്ചതും മറ്റുമെല്ലാം ചെയ്തത് അനീഷ് ആയിരുന്നു. ഒരു തവണപോലും ഞാൻ നിംസ് അധികൃതരുമായി സംസാരിക്കേണ്ടിവന്നില്ല പക്ഷെ ഈ ഘട്ടം കഴിഞ്ഞപ്പോൾ എല്ലാം ജനശക്തിയുടെ കയ്യിൽ നിന്ന് പോയി. ദുരൂഹതകൾ ഏറി.
പറഞ്ഞിരുന്ന പരസ്യം എത്തിയില്ല. അവസാനം, പ്രതിപക്ഷ നേതാവിന്റെ യശസ് ഉയർത്തുന്ന പരസ്യം എത്തുമോ എന്ന സന്നിഗ്ദതയിലെത്തി. പക്ഷെ പരസ്യപ്പെടുത്തി കഴിഞ്ഞ സ്പെഷലിൽ നിന്ന് പിന്മാറാനാകാതെ പണം കടം വാങ്ങി ജനശക്തി സ്പെഷൽ ഇറക്കി. അച്ചടി നടത്തുന്ന ഒരു പ്രസിലും ഒരു പൈസപോലും കടം വെക്കാതിരിക്കുക എന്നത് ജനശക്തി എക്കാലവും മുറുകെ പിടിക്കുന്ന നയമാണ്. ഇവിടെയും അത് പാലിച്ചു.
പക്ഷെ അച്ചടിക്കുള്ള പണം എത്താൻ വൈകുമെന്നായപ്പോൾ പ്രതിപക്ഷ നേതാവിന്റെ പോരാട്ടത്തിന്റെ യശസ് വിശദീകരിക്കുന്ന ലക്കം ഇറക്കാൻ ആവശ്യമായ തുക കടമായി എന്ടെ ഭാര്യ നൽകി. എന്റെ ജീവിതത്തിലെ ആദ്യ സംഭവം ആയിരുന്നു ഇത് .അതല്ലെങ്കിൽ ഈ സ്പെഷൽ ഇറക്കാൻ കഴിയില്ലായിരുന്നു. ഇതെഴുതുന്ന ഈ നിമിഷം വരെ പ്രതിപക്ഷ നേതാവോ കീഴാളൻ അനീഷോ മറ്റാരെങ്കിലുമോ ഈ പണം ജനശക്തിക്ക് തിരിച്ചു തന്നിട്ടില്ല.
ഞാൻ ഈ ദുരവസ്ഥ നേരിട്ട് പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടും അദ്ദേഹം കനിഞ്ഞില്ല. ഇപ്പോൾ വിളിച്ചാൽ അനീഷ് ഫോൺ എടുക്കുന്നില്ല. ആരൊക്കെയോ ചേർന്നു ഈ പണം നിംസ് ആശുപത്രിയിൽ നിന്ന് കൈക്കലാക്കിയെന്നാണ് അവിടെനിന്ന് അറിയുന്നത്. ഞാനും മറ്റൊരു നവീൻ ബാബുവായി തീരട്ടെ എന്നാണോ അധികാര പ്രമത്തതയിൽ പ്രതിപക്ഷ നേതാവും ആഗ്രഹിക്കുന്നത്?.