ഈ നിയമങ്ങൾ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ ഏകകണ്ഠേന പ്രമേയവും പാസാക്കി. ആദിവാസി ഭൂമി വാങ്ങുന്നതും വിൽക്കുന്നതും നിരോധിക്കുന്ന ഛോട്ടാ നാഗ്പൂർ ടെനൻസി, സന്താൾ പർഗാന ടെനൻസി നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതടക്കം 50 പ്രമേയങ്ങൾ ജെഎംഎം പാസാക്കി.
ഏക സിവിൽ കോഡിനും സിഎഎയ്ക്കും എൻആർസിയ്ക്കുമെതിരെ പ്രമേയം പാസാക്കി ഝാർഖണ്ഡ് മുക്തി മോർച്ച. പാർട്ടി സ്ഥാപക സമ്മേളനത്തിലാണ് പ്രമേയം. സമ്മേളനത്തിൽ കേന്ദ്രബജറ്റിനെ സംസ്ഥാന മുഖ്യമന്ത്രി ഹേമന്ത് സോറൻ രൂക്ഷമായി വിമർശിച്ചു. ഝാർഖണ്ഡ് ജനതയ്ക്ക് ഗുണം ചെയ്യുന്നതൊന്നും കേന്ദ്ര ബജറ്റിലില്ലെന്ന് ഹേമന്ത് സോറൻ പറഞ്ഞു.
ഝാർഖണ്ഡിലെ ദുംകയിൽ, ഗാന്ധി മൈതാനത്ത് നടന്ന ജെഎംഎം 46 മത് സ്ഥാപക സമ്മേളനത്തിലാണ് ഏകീകൃത സിവിൽ കോഡിനും പൗരത്വ ഭേദഗതിയ്ക്കും എൻആർസിയ്ക്കുമെതിരെ പാർട്ടി നിലപാടെടുത്തത്. ഈ നിയമങ്ങൾ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ ഏകകണ്ഠേന പ്രമേയവും പാസാക്കി. ആദിവാസി ഭൂമി വാങ്ങുന്നതും വിൽക്കുന്നതും നിരോധിക്കുന്ന ഛോട്ടാ നാഗ്പൂർ ടെനൻസി, സന്താൾ പർഗാന ടെനൻസി നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതടക്കം 50 പ്രമേയങ്ങൾ ജെഎംഎം പാസാക്കി.
ജെഎംഎം അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ഉൾപ്പെടെ മുതിർന്ന നേതാക്കളെല്ലാം പങ്കെടുത്ത സമ്മേളനത്തിൽ പാർട്ടി ദുംക ജില്ലാ അധ്യക്ഷൻ ശിവ് കുമാർ ബാസ്‌കിയാണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് പ്രമേയങ്ങൾ മുൻഗണനാക്രമത്തിൽ അംഗീകരിച്ചു.
കേന്ദ്ര സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനങ്ങളെ തുടർന്ന് സംസാരിച്ച ഹേമന്ത് സോറൻ രൂക്ഷമായി വിമർശിച്ചു. ഝാർഖണ്ഡിൽ നിന്ന് കേന്ദ്രത്തിന് വലിയ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തിന് ഒന്നും തിരിച്ച് നൽകുന്നില്ല. മുതലാളിമാരുടെ ക്ഷേമമാണ്, മോദി സർക്കാരിൻ്റെ പ്രധാന പരിഗണനയെന്നും സോറൻ വിമർശിച്ചു.