ആദ്യ ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത ആര്‍ച്ചര്‍ നാല് ഓവറിലായി വഴങ്ങിയത് 76 റണ്‍സ്
ഐപിഎല്ലില്‍ ഒരു സീസണ്‍ വിട്ടുനിന്ന ശേഷമായിരുന്നു ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ വീണ്ടും രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തിലെത്തിയത്. പക്ഷേ, വരവേറ്റത് സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ട്രാവിസ് ഹെഡായിരുന്നു എന്നു മാത്രം. നാലാം ഓവര്‍ എറിഞ്ഞ ആര്‍ച്ചറുടെ ആദ്യ പന്ത് ഹെഡ് അതിര്‍ത്തി കടത്തി. അടുത്തതൊരു സിക്സ് ആയിരുന്നു. മൂന്നാം പന്തില്‍ റണ്‍സില്ല. നാലാം പന്തില്‍ ഫോര്‍. അടുത്തത് വൈഡ്. അവസാന രണ്ട് പന്തും അതിര്‍ത്തി കടത്തിയാണ് ഹെഡ് ആര്‍ച്ചര്‍ക്ക് വരവേല്‍പ്പ് ഒരുക്കിയത്. പിന്നീടങ്ങോട്ട്, ആര്‍ച്ചറുടെ ഓവര്‍ തീരും വരെ ഇതൊക്കെ തന്നെയായിരുന്നു അവസ്ഥ. 18-ാം ഓവറില്‍ സ്പെല്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും എക്സ്പെന്‍സീവ് ആയ ഓവര്‍ എന്ന റെക്കോഡ് ആര്‍ച്ചര്‍ സ്വന്തം പേരിലാക്കിയിരുന്നു.
ആദ്യ ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത ആര്‍ച്ചര്‍ നാല് ഓവറിലായി വഴങ്ങിയത് 76 റണ്‍സ്. ഒരു നോബോളും രണ്ട് വൈഡും എറിഞ്ഞു. ഒരു വിക്കറ്റ് പോലും നേടാനായതുമില്ല. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റൺ വഴങ്ങിയ ബൗളിംഗ് പ്രകടനമായി അത് മാറി. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റലിനെതിരെ 73 റണ്‍സ് വഴങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് താരം മോഹിത് ശര്‍മയുടെ ചീത്തപ്പേരാണ് ആര്‍ച്ചര്‍ ഏറ്റുവാങ്ങിയത്. ഹൈദരാബാദിന്റെ മലയാളി താരം ബേസില്‍ തമ്പി (ബംഗളൂരുവിനെതിരെ 70, 2018), ഗുജറാത്തിന്റെ യാഷ് ദയാല്‍ (കൊല്‍ക്കത്തയ്ക്കെതിരെ 69, 2023), ബംഗളൂരുവിന്റെ റീസ് ടോപ്‌ലി (ഹൈദരാബാദിനെതിരെ 1/68, 2024), മുംബൈയുടെ ലൂക്ക് വുഡ് (ഡല്‍ഹിക്കെതിരെ 1/68, 2024) എന്നിവരാണ് എക്സ്പെന്‍സീവ് ഓവര്‍ എറിഞ്ഞ പട്ടികയിലെ ആദ്യ സ്ഥാനക്കാര്‍.
രാജസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് സ്വന്തമാക്കിയത്. ഐപിഎല്ലിലെ കന്നി സെഞ്ചുറിയുമായി (106*) ഇഷാന്‍ കിഷന്‍ തിളങ്ങിയ മത്സരത്തില്‍, ഹെഡും (67) നിതീഷ് റെഡ്ഡിയും (30), ക്ലാസെനും (34), അഭിഭേഷ് ശര്‍മയും (24) അവരവരുടെ റോളുകള്‍ ഭംഗിയാക്കി. 15 ഓവറില്‍ 200 കടന്ന ഹൈദരാബാദ് 300 റണ്‍സ് എടുക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും, അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. അതോടെ, 300ന് 14 റണ്‍സ് അകലെ ഹൈദരാബാദ് ഇന്നിങ്സ് പൂര്‍ത്തിയായി.