ദിവ്യയെ അടിയന്തരമായി അറസ്റ്റു ചെയ്യണമെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പി.പി. ദിവ്യ രാജിവെച്ചതിനു പിന്നാലെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സരേന്ദ്രന്‍. രാജിക്കത്തിലും മുനവെച്ചാണ് ദിവ്യ സംസാരിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്‍റെ വിമർശനം. ദിവ്യയെ അടിയന്തരമായി അറസ്റ്റു ചെയ്യണമെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ദിവ്യയുടെ രാജിക്ക് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ക്ഷണിക്കപ്പെടാതെ എത്തി ഒരു മനുഷ്യ ജീവന്‍ അവസാനിപ്പിച്ചതിനു ശേഷം രാജി കൊണ്ട് പരിഹാരമാകുമോ എന്നായിരുന്നു സതീശന്‍റെ പ്രതികരണം.
എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റത്തിനു ദിവ്യക്കെതിരെ കേസെടുത്തതിനു പിന്നാലെയായിരുന്നു ജില്ലാ കമ്മിറ്റി സ്ഥാനത്തു നിന്നും നീക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. സെക്രട്ടേറിയറ്റിന്‍റെ തീരുമാനം അംഗീകരിച്ച ദിവ്യ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചു. ഈ മാസം 15നാണ് നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കളക്ടറേറ്റില്‍ വെച്ചു നടന്ന യാത്രയയപ്പ് പരിപാടിയില്‍ ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പൊലീസ് നിരീക്ഷണം.
Also Read: 'പാർട്ടി നിലപാട് ശരിവെയ്ക്കുന്നു'; രാജിക്കത്ത് നല്‍കി പി.പി. ദിവ്യ
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
രാജിക്കത്തിലും മുനവെച്ചാണ് ദിവ്യ സംസാരിക്കുന്നത്. വിമർശനം സദുദ്ദേശപരമായിരുന്നില്ല. നൂറു ശതമാനം ദുരുദ്ധേശപരം. സ്വന്തം കാര്യലാഭത്തിനുവേണ്ടി മാത്രം ഒരു മനുഷ്യനെ മനപ്പൂർവ്വം ആക്ഷേപിക്കുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് കാണാമെന്ന ഭീഷണിയും. മരണത്തിനുശേഷം വിജിലൻസിനു പരാതിയും. അറസ്റ്റുചെയ്യണം ശ്രീ. പിണറായി വിജയൻ അടിയന്തിരമായി.