ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് 6 മാസത്തോളമായെന്നും പ്രതി ഷാലിഖ് മൊഴി നൽകി
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ വിദ്യാർഥികൾക്ക് മൊത്തകച്ചവടക്കാർ കഞ്ചാവ് കടമായി നൽകിയിരുന്നതായി മൊഴി. കേസിൽ അറസ്റ്റിലായ മുൻ വിദ്യാർഥി ഷാലിഖാണ് പൊലീസിന് മൊഴി നൽകിയത്. സ്ഥിരം കഞ്ചാവ് വാങ്ങുന്നതിനാൽ കടമായും നൽകിയിരുന്നെന്നും ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് 6 മാസത്തോളമായെന്നും പ്രതി മൊഴി നൽകി.
കഞ്ചാവ് വാങ്ങാൻ പ്രതി അനുരാജ് 16000 രൂപ ഗൂഗിൾ പേ വഴി കൈമാറിയതായാണ് മൊഴി. കുറച്ച് പണം നേരിട്ടും കൈമാറിയിരുന്നു. അനുരാജ് ഇനിയും പണം നൽകാൻ ഉണ്ടെന്നും ഷാലിഖ് മൊഴി നൽകി. അതേസമയം കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്. നാല് പേരിൽ നിന്ന് മാത്രം പണം പിരിച്ചെന്ന അനുരാജിന്റെ മൊഴി പൊലീസ് വിശ്വസത്തിലെടുത്തിട്ടില്ല. മൊത്ത കച്ചവടക്കാരനായ അന്യസംസ്ഥാനക്കാരനായുള്ള തെരച്ചിലും പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.
ALSO READ: കോഴിക്കോട് ഓടയിൽ വീണ മധ്യവയസ്കനെ കാണാതായി; തെരച്ചിൽ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും
കഴിഞ്ഞ ദിവസം രാത്രി കളമശേരി ഗവൺമെൻ്റ് പോളിടെക്നിക് കോളേജിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലിലെ രണ്ട് മുറികളിൽ നിന്നായാണ് കഞ്ചാവ് പിടികൂടിയത്. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് 1.97 കിലോഗ്രാം കഞ്ചാവും, അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.
ആലപ്പുഴ സ്വദേശി ആദിത്യന്‍,കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അഭിരാജ്, ആദിത്യൻ എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ആകാശിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനയ്ക്ക് വേണ്ടിയാണ് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ആകാശ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന ആളെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.