സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നുവെന്നാണ് എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രധാന വിമർശനം
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
മെക് സെവൻ വ്യായാമത്തിനെതിരെ വിവാദപ്രസ്താവനവുമായി വീണ്ടും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പുരുഷന്മാരും സ്ത്രീകളും ഇടകലർന്നുകൊണ്ടുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. സമുദായത്തെ പൊളിക്കാനുള്ളതാണ് അത്തരം പദ്ധതികളെന്നും വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നും കാന്തപുരം മുസ്ലിയാർ പറഞ്ഞു. മലബാറിൽ മെക് സെവൻ കൂട്ടായ്മക്ക് പ്രചാരം വർധിക്കുന്നതിനിടയിലാണ് കാന്തപുരത്തിന്റെ പരാമർശം.
സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നുവെന്നാണ് എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രധാന വിമർശനം. വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നു കാണിക്കുന്നു. സ്ത്രീ അന്യപുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുവെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞിരുന്നു. മെക് സെവനിലൂടെ മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നു. മതവിധി പറയുന്നവരെ വിമർശിക്കുന്നവർ സത്യമെന്തെന്ന് അന്വേഷിക്കാറില്ലെന്നും കാന്തപുരം മുസ്ലിയാർ പറഞ്ഞു. പുരുഷന്മാരെ കാണുന്നതിനും ഇടപഴുകുന്നതിനും സ്ത്രീകൾക്ക് ഇസ്ലാമിൽ നിബന്ധനകൾ ഉണ്ട്. പണ്ടുകാലത്ത് അത് സ്ത്രീകൾ കൃത്യമായി പാലിച്ചിരുന്നു. എന്നാൽ ഈ വ്യായാമമുറ അത്തരത്തിലുള്ള മറ എടുത്ത് കളഞ്ഞെന്നുമായിരുന്നു കാന്തപുരത്തിന്റെ ആരോപണം.
അന്യപുരുഷന്മാരുടെ മുമ്പിൽ സ്ത്രീകൾ വ്യായാമം ചെയ്യരുതെന്നും, ഇടകലർന്നുള്ള വ്യായാമം വേണ്ടെന്നും കഴിഞ്ഞ മുശാവറ യോഗത്തിന് പിന്നാലെയും കാന്തപുരം വിഭാഗം പറഞ്ഞിരുന്നു. വ്യായാമം മതനിയമങ്ങൾക്ക് അനുസരിച്ചായിരിക്കണം എന്നും മതത്തിന് ഹാനികരമാകുന്ന തരത്തിലുള്ള ഗാനങ്ങളും പ്രചരണങ്ങളും പാടില്ലെന്നുമാണ് കാന്തപുരം വിഭാഗത്തിന്റെ നിലപാട്.