കരവലിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിലാണ്. ഇതിന്‍റെ ഭാഗമായി തൃശൂർ അഴീക്കോട് കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നു
നിരോധിത പെലാജിക് വലകൾ ഉപയോഗിച്ച് നടക്കുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ പ്രതിഷേധവുമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധനം ഏർപ്പെടുത്തിയെങ്കിലും അനധികൃത മീൻ പിടുത്തം നടക്കുന്നതായും ഫിഷറീസ് വകുപ്പിന്‍റെ ഭാഗത്ത് നിന്നും നടപടികളില്ലെന്നുമാണ് പരമ്പരാഗത തൊഴിലാളികളുടെ പരാതി.
കേരള തീരത്തെ മത്സ്യ സമ്പത്തിന് തന്നെ തിരിച്ചടിയാകും വിധം അനധികൃത മത്സ്യബന്ധനം വ്യാപകമാണെന്നാണ് പരമ്പാരഗത മത്സ്യത്തൊഴിലാളികളുടെ ആരോപണം. സംസ്ഥാന വ്യാപകമായി തന്നെ വലിയ ബോട്ടുകളിലെത്തി പെലാജിക് വലകൾ ഉപയോഗിച്ച് ഇത്തരം അനധികൃത മീൻ പിടുത്തം നടക്കുന്നുണ്ട്. എന്നാൽ വേണ്ട വിധത്തിൽ ഫിഷറീസ് വകുപ്പിന്‍റെ ഇടപെടലുണ്ടാകുന്നില്ലെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികൾ പരാതിപ്പെടുന്നത്.
ALSO READ: കൈവെട്ട് കേസ്: കണ്ണൂർ ഇരിട്ടി സ്വദേശി എൻഐഎ കസ്റ്റഡിയിൽ
വൻ സംഘങ്ങളുമായെത്തുന്ന ബോട്ടുകൾ രണ്ട് ഭാഗത്ത് നിന്നും പെലാജിക് വലകൾ ഉപയോഗിച്ച് അടിത്തട്ട് മുതൽ കോരിയെടുക്കുന്ന മത്സ്യബന്ധന രീതിക്ക് കരവലിയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഫിഷറീസ് വകുപ്പിന്‍റെയും കോസ്റ്റൽ പൊലീസിന്‍റെയും കണ്ണ് വെട്ടിച്ചാണ് പലപ്പോഴും ഇത് നടക്കുന്നത്. പരമ്പരാഗത മത്സ്യ തൊഴിലാളികൾ വിവരം അറിയിച്ചാൽ മാത്രം ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തും. എന്നാൽ ഉദ്യോഗസ്ഥർ ചുമത്തുന്ന വൻ പിഴ നിമിഷ നേരം കൊണ്ട് അടച്ച് തീർത്ത് ഇത്തരം സംഘങ്ങൾ നിർബാധം മത്സ്യക്കൊള്ള തുടരുകയാണെന്നും പരമ്പരാഗത തൊഴിലാളികൾ പറയുന്നു.
കരവലിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിലാണ്. ഇതിന്‍റെ ഭാഗമായി തൃശൂർ അഴീക്കോട് കഴിഞ്ഞ ദിവസം പ്രതിഷേധം നടന്നു. ഫിഷറീസ് വകുപ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ തൊഴിലാളികളും പൊലീസും തമ്മിൽ നേരിയ സംഘർഷവുമുണ്ടായി. സംസ്ഥാന സർക്കാർ തന്നെ ഇടപെട്ട് കരവലി അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നടപടികളുണ്ടാകുന്നില്ലെങ്കിൽ വിവിധ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് സമരം ശക്തമാക്കാനും സംഘടനകൾ തീരുമാനം എടുത്തിട്ടുണ്ട്.