പ്രതിമാസ ചെലവിനായി 60,000 രൂപയും 15,000 രൂപ വസ്ത്രങ്ങൾ വാങ്ങാനും നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം
പ്രതീകാത്മക ചിത്രം
ജീവനാംശത്തിനായി ഭീമൻ തുക ആവശ്യപ്പെട്ട യുവതിക്ക് മറുപടിയുമായി കർണാടക ഹൈക്കോടതി. പ്രതിമാസം 6.16 ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടത്. പ്രതിമാസ ചെലവിനായി 60,000 രൂപയും നിയമപരമായ ഇനത്തിൽ 50,000 രൂപയും, 15,000 രൂപ വസ്ത്രങ്ങൾ വാങ്ങാനും നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. കോടതി നടപടി ക്രമത്തിനിടയിലാണ് ജഡ്‌ജി ലളിത കണ്ണഗന്തി യുവതിയോട് ഇത്രയും പണം ആവശ്യമാണെങ്കിൽ സ്വന്തമായി സമ്പാദിക്കാൻ ആവശ്യപ്പെട്ടത്. ഇപ്പോൾ ലഭിക്കുന്ന തുകയേക്കാൾ 50,000 രൂപ അധികമായി വേണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.
മുൻ ഭർത്താവ് വിലകൂടിയ വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും അതിനായി പ്രതിമാസം 10,000 രൂപ ചെലവഴിക്കാറുണ്ടെന്നുമാണ് യുവതി കോടതിൽ അറിയിച്ചത്. അതിനാൽ തനിക്ക് പണം ലഭിക്കണമെന്നും തൻ്റെ കൈവശമുള്ള വസ്ത്രങ്ങളൊക്കെ പഴകിയതാണെന്നും യുവതി കോടതിയെ അറിയിച്ചു. 4-5 ലക്ഷത്തോളം രൂപ മെഡിക്കൽ ആവശ്യത്തിനാണെന്നും മുട്ട് വേദനയ്ക്കുള്ള ഫിസിയോതെറാപ്പി ചെയ്യണമെന്നും യുവതി പറഞ്ഞു. ആവശ്യങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ ജഡ്‌ജി ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയ്ക്ക് ഇത്രയും പണത്തിൻ്റെ ആവശ്യമുണ്ടോയെന്നും ചോദ്യമുന്നയിച്ചു.
എന്നാലും ജീവനാംശം വേണമെന്ന യുവതിയുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞില്ല. ചെലവിനെ സംബന്ധിച്ചുള്ള വ്യക്തമായ കണക്ക് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ന്യായമായ കണക്കുകളാണ് കോടതിക്ക് ആവശ്യമെന്നും ജഡ്‌ജി വ്യക്തമാക്കി. നടപടികൾ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതിനെതിരെയും കോടതി മുന്നറിയിപ്പ് നൽകി.