സ്ത്രീകൾക്ക് സർക്കാർ നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അതിനാൽ പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സഹകരണ സംഘം വഴി വിതരണം ചെയ്യണമെന്ന് ജെഡിഎസ് എംഎൽഎ എം.ടി. കൃഷ്ണപ്പയാണ് നിയമസഭയിൽ ആവശ്യമുന്നയിച്ചത്
പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം നൽകണമെന്ന് കർണാടക നിയമസഭയിൽ ആവശ്യമുന്നയിച്ച് ജെഡിഎസ് എംഎൽഎ. സ്ത്രീകൾക്ക് സർക്കാർ നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. അതിനാൽ പുരുഷന്മാർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സഹകരണ സംഘം വഴി വിതരണം ചെയ്യണമെന്ന് ജെഡിഎസ് എംഎൽഎ എം.ടി. കൃഷ്ണപ്പയാണ് നിയമസഭയിൽ ആവശ്യമുന്നയിച്ചത്. 2025-26 ലെ ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സൈസ് വരുമാന ലക്ഷ്യം ₹40,000 കോടിയായി ഉയർത്തിയതിന് പിന്നാലെയാണ് കൃഷ്ണപ്പയുടെ ആവശ്യം.
"സ്ത്രീകൾക്ക് എല്ലാ മാസവും ധനസഹായം, സൗജന്യ വൈദ്യുതി, സൗജന്യ ബസ് യാത്ര തുടങ്ങിയവ ലഭിക്കുന്നുണ്ട്. അത് നമ്മളുടെ പണമാണ്. മദ്യപാനികൾക്ക് മദ്യവും വിതരണം ചെയ്യണം. ആഴ്ചയിൽ രണ്ട് കുപ്പി മദ്യം വീതം നൽകണം. അവർ കുടിക്കട്ടെ, എങ്ങനെയാണ് പുരുഷന്മാർക്ക് എല്ലാ മാസവും പണം നൽകാനാകുന്നത്. അതിന് പകരം കുപ്പി നൽകൂ, സർക്കാരിന് സഹകരണ സംഘം വഴി ഇത് നൽകാനാകും," എം.ടി. കൃഷ്ണപ്പ നിയമസഭയിൽ പറഞ്ഞു.
എന്നാൽ, കൃഷ്ണപ്പയുടെ ആവശ്യത്തെ കോൺഗ്രസ് ശക്തമായി എതിർത്തു. "നിങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ രൂപീകരിച്ച് നടപ്പിലാക്കിക്കോളൂ, ഞങ്ങൾ ജനങ്ങളെ മദ്യപിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത്," മന്ത്രി കെ.ജെ. ജോർജ് പ്രതികരിച്ചു. രണ്ട് കുപ്പി മദ്യം നൽകാതെ തന്നെ ഞങ്ങൾ കഷ്ടപ്പെടുന്നുണ്ട്, അപ്പോൾ നൽകിയാൽ ഉള്ള അവസ്ഥ എന്തായിരിക്കുമെന്നായിരുന്നു സ്പീക്കർ യു.ടി. ഖാദറിൻ്റെ പ്രതികരണം.