നാടകവേദികളിലൂടെ അരങ്ങിലെത്തി പിന്നീട് നീണ്ട ആറര പതിറ്റാണ്ട് കലാജീവിതത്തിനായി മാറ്റിവെച്ച പ്രിയതാരം, ഒടുവില്‍ തിരശീലയ്ക്ക് പിന്നിലേക്ക് മടങ്ങുകയാണ്
തലമുറകളായി മലയാള സിനിമയ്ക്ക് അമ്മയായിരുന്ന അനുഗ്രഹീത കലാകാരിയാണ് കവിയൂർ പൊന്നമ്മ. നാടകവേദികളിലൂടെ അരങ്ങിലെത്തി പിന്നീട് നീണ്ട ആറര പതിറ്റാണ്ട് കലാജീവിതത്തിനായി മാറ്റിവെച്ച പ്രിയതാരം, ഒടുവില്‍ തിരശീലയ്ക്ക് പിന്നിലേക്ക് മടങ്ങുകയാണ്.
മലയാളി സിനിമാ പ്രേക്ഷകർക്കെന്നും അമ്മ മുഖമാണ് കവിയൂർ പൊന്നമ്മ എന്ന അഭിനേത്രി. പതിനാലാം വയസിൽ കെപിഎസിയുടെ നാടകവേദികളിലൂടെ അഭിനയ രംഗത്തെത്തിയത് . തോപ്പില്‍ ഭാസിയുടെ മൂലധനമായിരുന്നു ആദ്യ നാടകം.
1962ല്‍ പ്രേംനസീറിന്‍റെ 'ശ്രീരാമപട്ടാഭിഷേകം' എന്ന ചിത്രത്തില്‍ രാവണനായ കൊട്ടാരക്കരയുടെ ഭാര്യ മണ്ഡോധരിയായി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. 1964ല്‍ റിലീസായ 'കുടുംബിനി' എന്ന ചിത്രത്തിലെ ഷീലയുടെ അമ്മ വേഷത്തിലൂടെയാണ് ലൈംലൈറ്റില്‍ ആദ്യമായി ശ്രദ്ധനേടുന്നത്. തുടർന്ന് കരിയറിന്‍റെ തുടക്കത്തില്‍ തന്നെ തേടിയത്തിയത് പലതും അമ്മ വേഷങ്ങൾ.
Also Read: കവിയൂര്‍ പൊന്നമ്മ അന്തരിച്ചു
പ്രേംനസീറും സത്യനും മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും അടക്കം മുന്‍നിര താരങ്ങളുടെയെല്ലാം അമ്മയായി. മോഹൻലാലിന്റെ അമ്മയായി മാത്രം പ്രത്യക്ഷപ്പെട്ടത് 50ഓളം ചിത്രങ്ങളില്‍. വാത്സല്യത്തിന്‍റെ പ്രതീകമായി കവിയൂർ പൊന്നമ്മ മാറിയ അമ്മ വേഷങ്ങളില്‍ പലതിലും മോഹന്‍ലാലായിരുന്നു മകന്‍. "താന്‍ പ്രസവിക്കാത്ത മകന്‍" എന്നാണ് മോഹന്‍ലാലിനെ കവിയൂർ പൊന്നമ്മ വിശേഷിപ്പിച്ചിരുന്നത്.
മാതൃദുഃഖം അനുഭവിപ്പിക്കാന്‍ 'ഹിസ് ഹൈനസ് അബ്ദുള്ള'യിലെ "ഉണ്ണീ..." എന്ന ഒരൊറ്റവിളി മാത്രം മതിയായിരുന്നു പൊന്നമ്മയ്ക്ക്. അങ്ങനെ പേറ്റുനോവറിയാതെ കിട്ടിയ മക്കളെ പോറ്റിയ യശോദയായി പലവട്ടമവർ. തേന്‍മാവിന്‍ കൊമ്പത്തും ബാബാ കല്ല്യാണിയുമെല്ലാം അതിന് ഉദാഹരണങ്ങള്‍. സ്നേഹ സമ്പന്നയും വാത്സല്യ നിധിയുമായ കവിയൂർ പൊന്നമ്മയുടെ അമ്മമാർ മക്കളെ തെറ്റിദ്ധരിക്കുകയും തള്ളിപ്പറയുകയും ചെയ്ത നിമിഷങ്ങളില്‍ മലയാളിയുടെ നെഞ്ചുതകർന്നു.
എന്നാലൊരു പക്ഷേ ഒരിക്കലും മറക്കാനാവാത്തവിധം മലയാളിയെ വേട്ടയാടിയ കവിയൂർ പൊന്നമ്മ കഥാപാത്രം തനിയാവർത്തനത്തിലെ ബാലന്‍റെ അമ്മയായിരിക്കും. വിഷമൊഴിച്ച അവസാനയുരുള മകന് വാരിക്കൊടുക്കുന്ന അമ്മ. മരണത്തിലൂടെ മകനെ മോചിപ്പിക്കുമ്പോള്‍ അവർ ഒരുതുള്ളി കണ്ണീർ പൊഴിക്കുന്നില്ല.
തന്നിലേക്കെത്തിയ എല്ലാ കഥാപാത്രങ്ങളെയും പൂർണ്ണതയിലെത്തിച്ചു എന്ന സാക്ഷാത്കാരം കൊണ്ടാണ് കവിയൂർ പൊന്നമ്മ അഭിനേത്രിയെന്ന നിലയില്‍ തിളങ്ങിയത്. അവിടെ അമ്മ വേഷങ്ങളിലൊതുങ്ങിപ്പോയി എന്ന പരാതിയോ, തന്നേക്കാള്‍ പ്രായമുള്ളവരുടെ അമ്മയായി അഭിനയിക്കുന്നതില്‍ നിരാസമോ ഉയർന്നില്ല. നെല്ലിലെ സാവിത്രിയും നിർമ്മാല്യത്തിലെ നാരായണിയും ടിപ്പിക്കല്‍ അമ്മവേഷത്തിന് പുറത്തെ കവിയൂർ പൊന്നമ്മയെ മലയാളത്തിന് കാണിച്ചുതന്നിട്ടുമുണ്ട്. 5ാം വയസുമുതല്‍ സംഗീതം പഠിച്ച കവിയൂർ പൊന്നമ്മ, നാടകഗാനങ്ങളും സിനിമാഗാനങ്ങളുമായി പന്ത്രണ്ടോളം പാട്ടുകള്‍ പാടിയ ഗായികയുമായിരുന്നു. ഒടുവില്‍ ആ വലിയ ചുവന്ന പൊട്ടും നിറപുഞ്ചിരിയും ഓർമ്മകളിലേക്ക് മറയുകയാണ്.