ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശം കവർന്നെടുക്കാനുള്ള ശ്രമമമാണിതെന്നും കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മഅദനി പറഞ്ഞു
മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കേരള നദ്‌വത്തുൾ മുജാഹിദ്ദീൻ (കെഎൻഎം). ന്യൂനപക്ഷ വിഭാഗങ്ങളോട് വിവേചനം കാണിക്കുന്ന കേന്ദ്രസർക്കാർ നീക്കം അപകടകരമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശം കവർന്നെടുക്കാനുള്ള ശ്രമമമാണിതെന്നും കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മഅദനി പറഞ്ഞു.
ഉത്തരേന്ത്യയിലെ മദ്രസകൾ അടച്ചുപൂട്ടി അവിടത്തെ വിദ്യാർഥികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കണമെന്ന നിർദേശം ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു നേതാവിൻ്റെ പ്രസ്താവന. എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ് പൂക്കോട്ടൂരും വിഷയത്തിൽ സമാന പ്രസ്താവനകൾ നടത്തിയിരുന്നു. ഉത്തരേന്ത്യയിലെ കുട്ടികളുടെ മൗലികാവകാശമാണ് മദ്രസ പഠനമെന്നും അത് നിർത്തലാക്കുന്നത് പ്രതിഷേധാർഹമാണെന്നുമായിരുന്നു അബ്ദുൾ സമദിൻ്റെ പ്രസ്താവന. ഇതൊരു മതപരമായ പ്രശ്നമായല്ല കാണേണ്ടതെന്നും മറിച്ച് ജനകീയ പ്രശ്നമായി കാണണമെന്നും എസ്‌വൈഎസ് വ്യക്തമാക്കി.
രാജ്യത്തെ മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ ശുപാര്‍ശ ചെയ്ത് സംസ്ഥാനങ്ങൾക്ക് കത്തയച്ചിരിക്കുകയാണ് കമ്മീഷന്‍ മേധാവി പ്രിയങ്ക് കനുങ്കോ. ദേശീയ ബാലാവകാശ കമ്മീഷന്‍റെ കത്തിനൊപ്പമുള്ള റിപ്പോർട്ടില്‍ മദ്രസ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവതരമായ പരാമർശങ്ങളുണ്ടായിരുന്നു. 'കുട്ടികളുടെ ഭരണഘടനാ അവകാശങ്ങള്‍ വേഴ്‌സസ് മദ്രസകള്‍' എന്ന റിപ്പോര്‍ട്ടാണ് കത്തിന് ഒപ്പം ചേർത്തിരിക്കുന്നത്.
മദ്രസകൾ മതേതര മൂല്യങ്ങൾ പാലിക്കുന്നില്ല, ഭരണഘടനാ ലംഘനമടക്കമുള്ള ഗുരുതരമായ കാര്യങ്ങൾ മദ്രസകളിൽ അരങ്ങേറുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. ദേശീയ ബാലാവകാശ കമ്മീഷൻ തയ്യാറാക്കിയ 71 പേജുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ചുവട് പിടിച്ചുള്ള നിർദേശങ്ങളാണ് കമ്മീഷൻ മുന്നോട്ട് വെക്കുന്നത്.