ഈ മാസം 17നാണ് എലത്തൂർ സ്വദേശി വിഷ്ണുവിനെ കാണാതായത്
മലയാളി സൈനികനെ കാണാതായ സംഭവത്തിൽ പൂനെ മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മൊഴി കേരള പൊലീസ് രേഖപ്പെടുത്തി. ഈ മാസം 17നാണ് എലത്തൂർ സ്വദേശി വിഷ്ണുവിനെ കാണാതായത്. സൈനികനെ കാണാനില്ലെന്ന് കുടുംബക്കാർ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ഊർജിതമാക്കിയത്.
വിഷ്ണു അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വാഴ്ച അവസാനമായി വിളിച്ചപ്പോൾ കണ്ണൂരിൽ എത്തിയിട്ടുണ്ടെന്ന് ആയിരുന്നു വിഷ്ണു അമ്മയോട് പറഞ്ഞത്. രാത്രി വൈകിയും വീട്ടിലെത്താത്തതോടെയാണ് കുടുംബം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.