മുണ്ടക്കൈ-ചൂരൽമല ദുരന്തം ബാധിച്ച വെള്ളാർമല സ്‌കൂളിലെ കുട്ടികളുടെ സംഘനൃത്തവും ഉദ്ഘാടന വേദിയിൽ അരങ്ങേറിയിരുന്നു
63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിലൊരുക്കിയ ഒന്നാം വേദിയായ എം.ടി-നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം കൊളുത്തി കലോത്സവത്തിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ ജി.ആര്‍. അനില്‍, കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, കളക്ടര്‍ അനുകുമാരി, എംഎല്‍എമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുണ്ടക്കൈ-ചൂരൽമല ദുരന്തം ബാധിച്ച വെള്ളാർമല സ്‌കൂളിലെ കുട്ടികളുടെ സംഘനൃത്തവും ഉദ്ഘാടന വേദിയിൽ അരങ്ങേറിയിരുന്നു. അതിനാൽ ഇത്തവണത്തെ കലോത്സവം അതിജീവനത്തിൻ്റെ നേർസാക്ഷ്യമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. വയനാട് ദുരന്തമേഖലയിലെ കുട്ടികളെ നമ്മൾ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു. കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും വേദിയാകാതെ, നന്മ കൂടി ഉയർത്തുന്നതാകണം കലോത്സവമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. കലോത്സവം കലാധ്യാപകരുടേയോ, രക്ഷിതാക്കളുടേയോ അല്ല മറിച്ച് വിദ്യാർഥികളുടേതാണെന്ന് ഓർമ വേണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവന.
ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടമാകും ഒന്നാം വേദിയിൽ ആദ്യം നടക്കുക. പതിനയ്യായിരത്തോളം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതിനോടനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്ത രൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം എന്നിവയാണ് ഉൾപ്പെടുത്തിയത്. മത്സരങ്ങളിൽ എ ഗ്രേഡ് നേടുന്നവർക്ക് ഒറ്റത്തവണ സാംസ്കാരിക സ്‌കോളർഷിപ്പ് ആയി 1000 രൂപ നൽകും. ഇത്തവണ കലോത്സവത്തിലെ മുഖ്യ ആകർഷണവും ഇതാകും.
കലോത്സവം ഹൈടെക്ക് ആക്കാൻ മൊബൈൽ ആപ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനം വരെ മുഴുവൻ പ്രക്രിയകളും ഓൺലൈനാക്കി. വേദികളിലും ഓഫീസുകളിലും വേഗത്തിൽ എത്താൻ ഡിജിറ്റൽ മാപ്പും മൊബൈൽ ആപ്പിൽ ഉണ്ടാകും.
25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പതിനൊന്നായിരത്തോളം പ്രതിഭകളാണ് അഞ്ച് ദിവസം നീണ്ട മേളയില്‍ മാറ്റുരയ്ക്കുക. 10,024 കുട്ടികളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അപ്പീലുകൾ കൂടി പരിഗണിക്കുമ്പോൾ ഈ സംഖ്യ ഇനിയും വർധിക്കുമെന്നാണ് കലോത്സവം രജിസ്‌ട്രേഷനും വളണ്ടിയര്‍ പരിശീലനവും ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞത്.
എൻഎസ്എസ്, എൻസിസി ഉൾപ്പടെ 5,000 ത്തോളം വളണ്ടിയര്‍മാരെയാണ് കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നിയോഗിച്ചിട്ടുള്ളത്. ഇത്തവണ എല്ലാ വളണ്ടിയര്‍മാർക്കും വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഒപ്പിട്ട സർട്ടിഫിക്കറ്റ് ലഭ്യമാകും. അടിയന്തര വൈദ്യസഹായത്തിനായി പ്രധാന വേദികളിൽ മെഡിക്കൽ സംഘവും സജ്ജമാണ്. മറ്റ് വേദികളിൽ ഫസ്റ്റ് എയ്ഡ് ടീമും കനിവ് 108 ആംബുലൻസ് സേവനവുമുണ്ടാകും. മെഡിക്കൽ ടീമിൽ ഡോക്ടർ, നഴ്സിങ് ഓഫീസർ, നഴ്സിങ് അസിസ്റ്റന്റ്/ ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് 1 എന്നിവരുണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ വർക്കർ എന്നിവരാണുള്ളത്.
ALSO READ: ആളൊരുങ്ങി, അരങ്ങൊരുങ്ങി; 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം
സ്കൂൾ കലോത്സവത്തിൻ്റെ പാചകപ്പുരയും സജീവമായിട്ടുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണം തയ്യാറാക്കുന്നത്. 20 വരികളിലായി ഒരേ സമയം 4000 പേർക്ക് ഭക്ഷണം വിളമ്പുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ. കഴിഞ്ഞ ദിവസം രാത്രി 3000 ത്തോളം പേർക്കാണ് പാചകപ്പുരയിൽ അത്താഴമൊരുക്കിയത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് വിദ്യാർഥികൾ അടക്കം സംഭാവന ചെയ്ത വിഭവങ്ങളാണ് കലവറയുടെ മുതൽക്കൂട്ട്.