മൊബൈൽ, ടി.വി എന്നിവയിൽ നിന്നും കുട്ടികളെ മോചിപ്പിച്ച് കലാകായിക അനുഭവങ്ങളുടെ പുതുവെളിച്ചത്തിലേക്ക് കൈപിടിച്ച് ആനയിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
'ഈ വീട്ടിൽ ആരെങ്കിലും ലഹരി ഉപയോഗിക്കുമോ" - മകളുടെ പ്രായമുള്ള എൻ.എസ്.എസ് വോളണ്ടിയറിൻ്റെ ചോദ്യത്തിന് മുന്നിൽ ഗൃഹനാഥ ഒന്നു പതറി. പിന്നെ ഉത്തരം പറഞ്ഞു. സാരമില്ല. നമുക്കൊന്നിച്ച് ലഹരിക്കെതിരെ പോരാടാം എന്നു പറഞ്ഞ് വിദ്യാർത്ഥികൾ അവരെ ചേർത്തുപിടിച്ചു. വീടിനുള്ളിൽ മൊബൈലിൽ നോക്കിയിരുന്ന കുട്ടികളെ പുറത്തേക്ക് വിളിച്ച് അവർ പറഞ്ഞു. "നമുക്ക് കൂട്ടുകൂടി ജീവിതം ആസ്വദിക്കാമെന്ന്'. കളിച്ചും ചിരിച്ചും ഒറ്റക്കെട്ടായി കൈകോർത്ത് പിടിച്ച് അവർ അടുത്ത വീട്ടിലേക്ക് നീങ്ങി.
നാടിനാകെ മാതൃകയാകുന്നൊരു മാസ് ക്യാമ്പെയിന് സാക്ഷ്യം വഹിക്കുകയാണ് കാട്ടാക്കട. വിരുന്നുകാരായെത്തിയ കുട്ടികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ആതിഥേയത്വത്തിൻ്റെ മധുരം നൽകുകയാണ് കാട്ടാക്കട നിവാസികൾ.ലഹരിക്കെതിരെ വിദ്യാർത്ഥികളെയും യുവാക്കളെയും അണിനിരത്തുന്ന കൂട്ട് എന്ന പദ്ധതി ഇപ്പോൾ മാസ്ക്യാമ്പെയിനായി മാറിയിരിക്കുന്നു. മലയിൻകീഴ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വോളണ്ടിയർമാർ കാട്ടാക്കട മണ്ഡലത്തിലെ ഓരോ വാർഡുകളിലും കയറിയിറങ്ങി ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നു. ഒപ്പം സർവേയും നടത്തുന്നുണ്ട്. ഓരോ വാർഡിലും 10 എൻ.എസ്.എസ് വോളണ്ടിയർമാർ വീതം മൂന്നു ദിവസം താമസിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ കൊമ്പാടിക്കൽ വാർഡ്, എട്ടുരുത്തി വാർഡ്, പള്ളിച്ചൽ പഞ്ചായത്തിലെ വെടിവച്ചാംകോവിൽ വാർഡ് എന്നിവിടങ്ങളിലാണ് ഇന്നലെ ക്യാമ്പെയിന് തുടക്കമിട്ടത്. ഓരോ ദിവസവും നൂറുവീടുകൾ സന്ദർശിച്ച് ലഹരിക്കെതിരെ ബോധവത്കരണം നടത്തും. വാർഡിലെ വിദ്യാർത്ഥികളടക്കമുള്ള കുട്ടികളെ സംഘടിപ്പിച്ച് വൈകുന്നേരങ്ങളിൽ കലാപരിപാടികളും അന്നത്തെ വീടുസന്ദർശനത്തിൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യും. മൊബൈൽ, ടി.വി എന്നിവയിൽ നിന്നും കുട്ടികളെ മോചിപ്പിച്ച് കലാകായിക അനുഭവങ്ങളുടെ പുതുവെളിച്ചത്തിലേക്ക് കൈപിടിച്ച് ആനയിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
ലഹരി ഉപയോഗത്തിനെതിരെ മത രാഷ്ട്രീയ ഭേദമന്യേയാണ് കാട്ടാക്കട ഒരുമിക്കുന്നത്. മണ്ഡലത്തിലെ 120 വാർഡുകളിലായി 2000ത്തോളം വോളണ്ടിയർമാരാണ് ലഹരിവിരുദ്ധ സന്ദേശവുമായെത്തുന്നത്. വിദ്യാർത്ഥികൾ മണ്ഡലത്തിലെ ഓരോ വാർഡുകളിലും താമസിച്ച് ക്യാമ്പെയിൻ നടത്തുന്നുവെന്നതാണ് ഈ ക്യാമ്പെയിൻ്റെ പ്രത്യേകത. വീടുകളിലെ സാഹചര്യം മനസിലാക്കി, അവിടുത്തെ കുട്ടികളെ ജീവിതത്തിലേക്ക് കൂടുതൽ ദിശാബോധം പകർന്നു നൽകാനും ലഹരിയിൽ നിന്ന് അകറ്റി നേർവഴിക്ക് നയിക്കാനും ഇത് സഹായകമാകുമെന്ന് കാട്ടാക്കട എംഎൽഎ ഐ.ബി. സതീഷ് പറഞ്ഞു. 28നാണ് "മയക്കുമരുന്നിനെതിരെ കാട്ടാക്കട' ക്യാമ്പെയിൻ്റെ ഔദ്യോഗിക ഉദ്ഘാടനം. മേയ് 10ന് വൈകിട്ട് നാലിന് കുണ്ടമൺകടവ് മുതൽ മണ്ഡപത്തിൻകടവ് വരെ നീളുന്ന മാനവശ്യംഖല സംഘടിപ്പിക്കും.