രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചത്
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചത്. അപൂര്‍വമായാണ് ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രത്തലവന്മാരെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിക്കുന്നത്.
രണ്ടാം തവണയാണ് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഖത്തറിന്റെ അമീറിനെ സഹോദരന്‍ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാഷ്ട്രപതി ഭവനിലും ഖത്തര്‍ അമീറിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. അമീറിന്റെ സന്ദര്‍ശനത്തോടെ ഖത്തറുമായുള്ള ഇന്ത്യയുടെ സാമ്പത്തിക, നയതന്ത്ര ബന്ധം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാരം, ഊര്‍ജം, നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാകും.
ആരാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി
പ്രകൃതിവാതകത്താലും എണ്ണ ശേഖരത്താലും സമ്പന്നമായ ഖത്തര്‍ ലോകത്തിലെ തന്നെ സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ്. ഷെയ്ഖ് തമീം ഉള്‍പ്പെടുന്ന അല്‍-താനി കുടുംബമാണ് രണ്ട് നൂറ്റാണ്ടോളമായി ഖത്തറിലെ ഭരണാധികാരികള്‍. അതിനാല്‍ തന്നെ സമ്പന്നമായ രാജ്യത്തെ അതിസമ്പന്നമായ കുടുംബമാണ് അല്‍ത്താനി. രാജകുടുംബത്തിലെ എല്ലാ പുരുഷന്മാരേയും ഷെയ്ഖ് എന്നും സ്ത്രീകളെ ഷെയ്ഖ എന്നുമാണ് അഭിസംബോധന ചെയ്യുക. പിതാവ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍-താനിയുടെ പിന്‍ഗാമിയായാണ് ഷെയ്ഖ് തമീം ഖത്തറിന്റെ അമീറാകുന്നത്.
ALSO READ: ഡേവിഡ് ഫിഞ്ചർ: ഹോളിവുഡിലെ പെർഫെക്ഷനിസ്റ്റ്
അല്‍-താനി കുടുംബത്തിന്റെ ആസ്തി
ഏകദേശം 335 കോടി ഡോളറാണ് ഖത്തര്‍ രാജകുടുംബത്തിന്റെ ആകെ ആസ്തിയെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജവംശങ്ങളിലൊന്നാണ് ഖത്തറിലെ അല്‍-താനി രാജകുടുംബം. ഷെയ്ഖ് തമീമിന്റെ മാത്രം ആസ്തി 2 ബില്യണ്‍ ഡോളറിന് മുകളില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തറിലെ എണ്ണ ശേഖരത്തില്‍ നിന്നും പ്രകൃതി വാതകത്തില്‍ നിന്നുമുള്ള വരുമാനം മാത്രമല്ല, രാജകുടുംബത്തിന്റെ വരുമാനം ലഭിക്കുന്നത്. വിശാലമായ ആഗോള നിക്ഷേപവും രാജകുടുംബത്തിന് സമ്പത്ത് കൊണ്ടുവരുന്നു.
ഷെയ്ഖ് തമീമിന്റെ ആസ്തി
ദോഹയിലെ റോയല്‍ പാലസിലാണ് രാജകുടുംബത്തിന്റെ താമസം. 15 കൊട്ടാരങ്ങളും 500 കാറുകള്‍ക്ക് പാര്‍ക്കിങ് സൗകര്യവുമുള്ള 1 ബില്യണ്‍ ഡോളര്‍ (നൂറ് കോടിയോളം രൂപ) വിലമതിക്കുന്ന സ്വര്‍ണത്താല്‍ അലങ്കരിച്ച വാസ്തുവിദ്യാ അത്ഭുതമാണ് ദോഹയിലെ റോയല്‍ പാലസ്. ഒമാനിലും അമീറിന് കൊട്ടാരമുണ്ട്. മുന്‍ അമീറിന്റെ ഭാര്യമാരില്‍ ഒരാളായ ഷെയ്ഖ മോസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നെദ് ലണ്ടനില്‍ 2013 ല്‍ 140 മില്യണ്‍ ഡോളറിന് വാങ്ങിയ മൂന്ന് കോണ്‍വാള്‍ ടെറസ് സമന്വയിപ്പിച്ച് 17 കിടപ്പുമുറികളും 14 ലോഞ്ചുകളും സിനിമാ ഹാളും സ്വിമ്മിങ് പൂളും ജ്യൂസ് ബാറുമെല്ലാമുള്ള അത്യാഡംബര വസതിയാക്കി മാറ്റി.
ലോകത്തിലെ ഏറ്റവും ആഡംബരമേറിയതും വിലയേറിയതുമായ ഉല്ലാസ ബോട്ടിന്റെ ഉടമ കൂടിയാണ് ഇന്നത്തെ ഖത്തര്‍ അമീര്‍. 400 മില്യണ്‍ ഡോളര്‍ മൂല്യം ഷെയ്ഖ് തമീമിന്റെ ഉടമസ്ഥതയിലുള്ള ഉല്ലാസ ബോട്ടിന്റെ വില. ഹെലികോപ്റ്റര്‍ പാഡും വിനോദത്തിനായി ഒന്നിലധികം ഡെക്കുകളും അടങ്ങുന്ന ഈ നൗകയ്ക്ക് 124 മീറ്ററാണ് നീളം.
ALSO READ: ജുവാനിറ്റയുടെ കഥ അഥവാ സൂര്യന്റെ കന്യക
സ്വന്തമായി വിമാനക്കമ്പനിയുള്ള രാജകുടുംബമാണ് ഖത്തറിലേത്. 1977 ലാണ് ഖത്തര്‍ അമീറി ഫ്‌ളൈറ്റ് സ്ഥാപിതമാകുന്നത്. രാജകുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ തലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും യാത്ര ചെയ്യാന്‍ വേണ്ടി മാത്രമാണ് ഈ വിമാനക്കമ്പനി പ്രവര്‍ത്തിക്കുന്നത്. മൂന്ന് ബോയിങ് 747-8 ജെറ്റുകള്‍ ഉള്‍പ്പെടെ 14 വിമാനങ്ങളാണ് ഖത്തര്‍ അമീറി ഫ്‌ളൈറ്റില്‍ ഉള്ളത്. 400 മില്യണ്‍ ഡോളറാണ് ഒരു ബോയിങ് 747-8 ജെറ്റിന്റെ വില. ഇതുകൂടാതെ, 100 മില്യണും 500 മില്യണും വില വരുന്ന എയര്‍ ബസ് മോഡലുകളുമുണ്ട്.
ബുഗാട്ടി ഡിവോ, വെയ്റോണ്‍, ചിറോണ്‍, ലാഫെരാരി അപെര്‍ട്ട, ലംബോര്‍ഗിനി സെന്റിനാരിയോ, മെഴ്സിഡസ് എഎംജി 6ഃ6, റോള്‍സ് റോയ്സ് ഫാന്റം തുടങ്ങി ലോകത്തിലെ ഏറ്റവും മികച്ച കാറുകളുടെ വമ്പന്‍ ശേഖരവും ഷെയ്ഖ് തമീമിന് ഉണ്ട്.
ഇതിനെല്ലാം പുറമേയാണ്, രാജകുടുംബം സ്വന്തമാക്കിയ പെയിന്റിങ്ങുകളും ആര്‍ട്ട് വര്‍ക്കുകളും. മികച്ച കലാസൃഷ്ടികള്‍ക്കായി കോടികളാണ് രാജകുടുംബം ചെലഴിക്കുന്നത്.
കായിക മേഖലയിലും രാജകുടുംബത്തിന് നിക്ഷേപമുണ്ട്. 2004 ലാണ് ഷെയ്ഖ് തമീം ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് (QSI) സ്ഥാപിക്കുന്നത്. ഫുട്‌ബോള്‍ ക്ലബ്ബായ പിഎസ്ജിയടക്കമുള്ള ക്ലബ്ബുകള്‍ ക്യുഎസ്‌ഐയുടെ ഉടമസ്ഥതയിലുള്ളതാണ്. ബാര്‍ക്ലേസ്, ഫോക്‌സ്വാഗണ്‍, ഹീത്രോ വിമാനത്താവളം, എംപയര്‍ സ്റ്റേറ്റ് കെട്ടിടം എന്നിവയിലെല്ലാം ക്യുഎസ്‌ഐക്ക് നിക്ഷേപമുണ്ട്. 2022 ഫിഫ ഒളിമ്പിക്‌സിനായി 300 ബില്യണ്‍ ഡോളറാണ് ഖത്തര്‍ ചെലവഴിച്ചത്.