ഓം പ്രകാശിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളുടെയും പേരുകൾ
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളുടെയും പേരുകൾ. നടി പ്രയാഗ മാർട്ടിൻ്റേയും നടൻ ശ്രീനാഥ് ഭാസിയുടേയും പേരുകളാണ് റിമാൻ്റ് റിപ്പോർട്ടിൽ ഉള്ളത്. സിനിമാ താരങ്ങൾ അടക്കമുള്ളവർ ഓം പ്രകാശിനെ സന്ദർശിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇരുവരുടേയും പങ്ക് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. 13,63. 21 NDPS ആക്ട് പ്രകാരമാണ് കേസ്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്ന് പൊലീസ് കൊക്കെയ്ൻ പിടികൂടിയിരുന്നു.
Also Read: ലൈംഗികാതിക്രമ കേസ്: ജയസൂര്യക്ക് നോട്ടീസ്, ഈ മാസം 15ന് ഹാജരാകണം
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നാണ് ഓം പ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പിടികൂടിയത്. നാല് ലിറ്റർ വിദേശമദ്യവും കൊക്കെയ്ൻ പൗഡറും ഇവരില്‍ നിന്ന് കൊച്ചി ഡാൻസാഫ് ടീമും മരട് പോലീസും ചേർന്ന് പിടിച്ചെടുത്തിരുന്നു.
Also Read: ഓം പ്രകാശ് അറസ്റ്റിൽ: ആഡംബര ഹോട്ടലിൽ കൂടെ യുവ സിനിമാതാരങ്ങളും
ഓം പ്രകാശിനെ പിടികൂടിയ ആഡംബര ഹോട്ടലിൽ യുവസിനിമാതാരങ്ങളും ഉണ്ടായിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യുവതാരം പിടിയിലാവാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഓം പ്രകാശിൻ്റെ അറസ്റ്റിലൂടെ അന്വേഷണം സിനിമ മേഖലയിലേക്കും വ്യാപിച്ചേക്കും.