ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ നിന്ന് ഓഗസ്റ്റ് 9നാണ് 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ പ്രതി സഞ്ജയ് റോയെ (31) മരണം വരെ തടവിന് ശിക്ഷിച്ചു. 50,000 രൂപ പിഴയും വിധിച്ചു. സിയാല്‍ദാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിർബൻ ദാസാണ് വിധി പ്രസ്താവിച്ചത്.
അതേസമയം പ്രതിക്ക് മാനസാന്തരത്തനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമല്ല. ഇരയുടെ കുടുംബത്തിന് 17 ലക്ഷം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്ന് ഇരയുടെ കുടുംബം അറിയിച്ചു.
ഒക്ടോബർ 7നാണ് പ്രതി സഞ്ജയ് റോയ്‌ക്കെതിരെയുള്ള കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ ആരംഭിച്ച് 59 ദിവസങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. നവംബർ 12ന് ആരംഭിച്ച രഹസ്യ വിചാരണയില്‍ ജനുവരി 9നാണ് വാദം കേൾക്കൽ അവസാനിച്ചത്. 128 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ജനുവരി 18ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
രാവിലെ 10.30നാണ് സഞ്ജയ് റോയ്‌യെ ജയിലില്‍ നിന്നും കോടതിയില്‍ എത്തിച്ചത്. അനിഷ്ട സംഭവങ്ങള്‍ തടയാനായി 500ഓളം പൊലീസുകാരെയാണ് സിയാല്‍ദാ കോടതി പരിസരത്ത് വിന്യസിച്ചിരുന്നത്. സുരക്ഷ കണക്കിലെടുത്ത് അടച്ച കോടതിയിലാണ് വിധി പറഞ്ഞത്. പ്രതിക്ക് പറയാനുള്ളത് ശിക്ഷ വിധിക്കുന്നതിന് മുന്‍പ് കേള്‍ക്കാമെന്ന് കോടതി പറഞ്ഞിരുന്നു. അതിന് അനുമതിയും നല്‍കി. ബലാത്സംഗമോ കൊലപാതകമോ ചെയ്തിട്ടില്ലെന്നും നിരപരാധിയെന്നും സഞ്ജയ് റോയ് കോടതിയെ അറിയിച്ചു. തന്നെ മര്‍ദ്ദിച്ചാണ് മൊഴിയെടുത്തത്. ആവശ്യമുള്ളിടത്തെല്ലാം ഒപ്പിടുവിച്ചു. കാരണമില്ലാതെയാണ് പ്രതി ചേര്‍ത്തതെന്നും തന്നെ കേള്‍ക്കാന്‍ സിബിഐ തയ്യാറായില്ലെന്നും പ്രതി പറഞ്ഞു. എന്നാല്‍, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും വധശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
അതേസമയം, നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ സിബിഐ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്നും അവരെ കണ്ടെത്തിയില്ലെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.
സംസ്ഥാന പൊലീസും പിന്നീട് സിബിഐയും ഏറ്റെടുത്ത് അന്വേഷിച്ച കേസിൽ പ്രതി ഒറ്റയ്ക്കാണ് ക്രൂരകൃത്യം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. പൊലീസിന്റെ സിവിക് വോളണ്ടിയറായിരുന്ന സഞ്ജയ് റോയിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64 (ബലാത്സംഗം), സെക്ഷൻ 66, സെക്ഷൻ 103 (1) (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷനിലെ മുൻ ഓഫീസർ ഇൻ-ചാർജ് അഭിജിത് മൊണ്ടല്‍ എന്നിവർക്കെതിരെ തെളിവുകൾ നശിപ്പിച്ചതിനും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും കുറ്റം ചുമത്തിയിരുന്നു. ഇവരെ അറസ്റ്റും ചെയ്തിരുന്നു. എന്നാല്‍ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടതിനെത്തുടർന്ന് കോടതി സന്ദീപ് ഘോഷിനും അഭിജിത് മൊണ്ടലിനും ജാമ്യം അനുവദിക്കുകയായിരുന്നു.
Also Read: നാടിനെ നടുക്കിയ ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; കേസിന്‍റെ നാള്‍വഴികള്‍
പശ്ചിമ ബംഗാൾ സർക്കാരിന് കീഴിലുള്ള ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ നിന്ന് ഓഗസ്റ്റ് 9നാണ് 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടറുടെ ശരീരത്തിൽ 16 ബാഹ്യ മുറിവുകളും ഒമ്പത് ആന്തരിക മുറിവുകളുമാണ് കണ്ടെത്തിയത്. ഡോക്ടറുടേത് ആത്മഹത്യയാണെന്ന് ആശുപത്രി അധികൃതർ തുടക്കത്തിൽ പറഞ്ഞെങ്കിലും പിന്നീട് കൊലപാതകമാണെന്ന് തിരുത്തി.
Also Read: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു; പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്
സംഭവം നടന്ന് പിറ്റേന്ന് (ഓഗസ്റ്റ് 10) പ്രതി സഞ്ജയ് റോയ്‌യെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് സഹായമായത്. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഇയാള്‍ ഈ ഹെഡ്സെറ്റുമായി സെമിനാർ ഹാളിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തിയിരുന്നു. ജൂനിയർ ഡോക്ടറുടെ കൊലപാതകം പശ്ചിമ ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയെപ്പറ്റി വലിയ ചോദ്യങ്ങൾക്ക് കാരണമായിരുന്നു. മാത്രമല്ല ആർജി കർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് വലിയ തോതിൽ അഴിമതികളും കൊലപാതകത്തിനൊപ്പം ഉയർന്നുവന്നു.
ജൂനിയർ ഡോക്ടർമാരുടെ നീണ്ടകാലത്തെ നിരാഹാര സമരത്തിനൊപ്പം വനിതാ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മമതാ ബാർജി സർക്കാർ പ്രതിരോധത്തിലായി. പ്രതിഷേധങ്ങളെ തുടർന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണറെയും പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായി. സ്ത്രീകൾ നടത്തിയ 'റീക്ലെയിം ദി നൈറ്റ്' മാർച്ചുകളായിരുന്നു പ്രതിഷേധങ്ങളുടെ പ്രധാന ആകർഷണം.