കോളിളക്കം സൃഷ്ടിച്ച കേസിൽ സമാനതകളില്ലാത്ത പ്രതിഷേധങ്ങൾക്കാണ് പശ്ചിമ ബംഗാൾ സാക്ഷ്യം വഹിച്ചത്
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ്ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. പ്രതി കുറ്റക്കാരനെന്ന് സിയാല്‍ദാ സെഷൻസ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കോളിളക്കം സൃഷ്ടിച്ച കേസിൽ സമാനതകളില്ലാത്ത പ്രതിഷേധങ്ങൾക്കാണ് പശ്ചിമ ബംഗാൾ സാക്ഷ്യം വഹിച്ചത്.
സംസ്ഥാന പൊലീസും പിന്നീട് സിബിഐയും ഏറ്റെടുത്ത് അന്വേഷിച്ച കേസിൽ പ്രതി ഒറ്റയ്ക്കാണ് ക്രൂരകൃത്യം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. കേസിൽ 128 പേരാണ് സാക്ഷികൾ. ഒക്ടോബർ 7 നാണ് പ്രതി സഞ്ജയ് റോയിക്കെതിരെയുള്ള കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ ആരംഭിച്ച് 59 ദിവസങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. നവംബർ 12 ന് ആരംഭിച്ച രഹസ്യ വിചാരണയില്‍ ജനുവരി 9 നാണ് വാദം കേൾക്കൽ അവസാനിച്ചത്. സഞ്ജയ് റോയിക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64 (ബലാത്സംഗം), സെക്ഷൻ 66, സെക്ഷൻ 103 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
Also Read: "തൂക്കിലേറ്റാനാണ് വിധിയെങ്കിൽ എതിർക്കില്ല"; ആർജി കർ കേസിലെ പ്രതിയുടെ അമ്മ
പശ്ചിമ ബംഗാൾ സർക്കാരിന് കീഴിലുള്ള ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ നിന്ന് ഓഗസ്റ്റ് 9നാണ് 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഡോക്ടറുടെ ശരീരത്തിൽ 16 ബാഹ്യ മുറിവുകളും ഒമ്പത് ആന്തരിക മുറിവുകമാണ് കണ്ടെത്തിയത്. ഡോക്ടറുടേത് ആത്മഹത്യയാണെന്ന് ആശുപത്രി അധികൃതർ തുടക്കത്തിൽ പറഞ്ഞെങ്കിലും പിന്നീട് കൊലപാതകമാണെന്ന് തിരുത്തി. കൊൽക്കത്തയിലെ പൊലീസ് സിവിക് വളണ്ടിയർ സഞ്ജയ് റോയ് യാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഡിവൈസാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. വനിതാ ഡോക്ടർ മരിച്ചു കിടന്ന സ്ഥലത്ത് പ്രതിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
ഇതിനുപിന്നാലെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും നടത്തിയ രാജ്യവ്യാപക പ്രതിഷേധം ആശുപത്രി പ്രവർത്തനങ്ങളും തെരുവുകളും സ്തംഭിപ്പിച്ചു. ആരോഗ്യ പ്രവർത്തകരുടെയും സ്ത്രീകളുടെയും സുരക്ഷ സമൂഹത്തിൽ ചർച്ചാവിഷയമായി. പ്രതിയെ സഹായിക്കുന്നുവെന്ന ആരോപണത്തിൽ ബംഗാൾ സർക്കാരും പൊലീസും പ്രതിക്കൂട്ടിലായി. പ്രതിഷേധം കനത്തതോടെ ആശുപത്രി സൂപ്രണ്ടിനെ സ്ഥലംമാറ്റി. ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷനിലെ മുൻ ഓഫീസർ ഇൻ-ചാർജ് അഭിജിത് മൊണ്ടല്‍ എന്നിവർക്കെതിരെ തെളിവുകൾ നശിപ്പിച്ചതിനും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും കുറ്റം ചുമത്തിയിരുന്നു. ഇവരെ അറസ്റ്റും ചെയ്തിരുന്നു. എന്നാല്‍ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടതിനെത്തുടർന്ന് കോടതി സന്ദീപ് ഘോഷിനും അഭിജിത് മൊണ്ടലിനും ജാമ്യം അനുവദിക്കുകയായിരുന്നു.