അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു
കാറോടിച്ചിരുന്ന അജ്മല്‍, അപകടം പറ്റിയ കാർ
കൊല്ലം മൈനാഗപ്പള്ളി ആനൂർ കാവിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന അജ്മല്‍ പിടിയില്‍. ശാസ്താംകോട്ടയില്‍ നിന്നാണ് അജ്മൽ പിടിയിലായത്. ഇടിച്ചു വീഴ്ത്തിയ ശേഷം റോഡിൽ വീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്.
ALSO READ: വണ്ടാനം മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ കയ്യേറ്റം
അപകടം നടന്ന ശേഷം അജ്മല്‍ ഒളിവില്‍ പോയി. അജ്മലിന്‍റെ കാറും അപകടസമയത്ത് കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ വൈകീട്ട് 5.30ഓടെ ആണ് അപകടം നടന്നത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സൈഡിൽ നിന്നും സ്കൂട്ടർ റോഡിലേക്ക് കയറുന്നതിനിടെയാണ് കാർ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുന്നത്.
ആളുകൾ ഓടിക്കൂടിയപ്പോഴേക്കും റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കാറിലുണ്ടായിരുന്നവർ രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം. ഗുരുതരമായി പരുക്കേറ്റ കുഞ്ഞുമോളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.