സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ വീട്ടുകാരുടെ നിലവിളി പോലും പരിസരവാസികള്‍ കേട്ടിരുന്നില്ല
കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ കുത്തിക്കൊന്നതിന് പിന്നില്‍ പ്രണയപ്പക തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജിന്റെ സഹോദരിയും തേജസ് രാജും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം നടത്താമെന്ന് ധാരണയുണ്ടായിരുന്നു.
ഫെബിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ പകയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് വിവരം. യുവതിയെ പെട്രോളൊഴിച്ച് കൊല്ലാനായിരുന്നു തേജസ് വീട്ടിലെത്തിയത്.
ഫെബിന്റെ സഹോദരിയും തേജസും എഞ്ചിനിയറിങ് കോളേജില്‍ സഹപാഠികളായിരുന്നു. ഇരു കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അടുപ്പമുണ്ട്. ഇരുവരും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവാഹം ഉറപ്പിച്ചു. തുടര്‍ന്ന് ബാങ്ക് പരീക്ഷാ പരിശീലനത്തിനും ഒന്നിച്ചുണ്ടായിരുന്നു. രണ്ടുപേരും പരീക്ഷയെഴുതിയെങ്കിലും യുവതിക്കു മാത്രമേ ബാങ്കില്‍ ജോലി കിട്ടിയുള്ളൂ. തേജസ് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ ജയിച്ചെങ്കിലും ഫിസിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെട്ടു.
പിന്നാലെ, പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറി. ഇതിനെ ചൊല്ലി പലപ്രാവശ്യം തേജസ് ഫെബിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നെന്ന് പോലിസ് പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് കാറില്‍ ഫെബിന്റെ വീട്ടില്‍ തേജസ് എത്തിയത്. രണ്ടു കുപ്പി പെട്രോളും കൈയ്യില്‍ കരുതിയിരുന്നു.
Also Read: കൊല്ലത്തെ കൊലപാതകത്തിനു പിന്നില്‍ പ്രണയപ്പക? ഫെബിന്‍ കുത്തേറ്റ് വീഴുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഈ സമയത്ത് യുവതി വീട്ടില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഫെബിനേയും പിതാവ് ഗോമസിനേയും അക്രമിച്ചു. പിതാവിനെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഫെബിന് കുത്തേറ്റത്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ വീട്ടുകാരുടെ നിലവിളി പോലും പരിസരവാസികള്‍ കേട്ടിരുന്നില്ല.
ആക്രമണത്തിന് ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ വാഹനം നിര്‍ത്തി കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി ജീവനൊടുക്കി.
ഫോറന്‍സിക് സംഘം സംഭവ സ്ഥലത്ത് നിന്ന് തെളിവ് ശേഖരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് തന്നെ വിട്ട് നല്‍കും.