കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ തനതു ഫണ്ട് ഉപയോഗിച്ച് ആശാ പ്രവർത്തകർക്ക് അധിക വേതനം നൽകണമെന്നാണ് നിർദേശം
ആശാ വർക്കർമാർക്ക് ഓണറേറിയം വർധിപ്പിക്കാൻ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കെപിസിസി നിർദേശം. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ തനതു ഫണ്ട് ഉപയോഗിച്ച് ആശാ പ്രവർത്തകർക്ക് അധിക വേതനം നൽകണമെന്നാണ് നിർദേശം. ഓരോ തദ്ദേശസ്ഥാപനത്തിന്റെയും സാമ്പത്തിക സ്ഥിതി പരിഗണിച്ചുള്ള തീരുമാനമെടുക്കാം. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സർക്കുലർ നൽകിയത്.
കോൺഗ്രസ് ഭരിക്കുന്ന പല തദ്ദേശ സ്ഥാപനങ്ങളും ഇതിനകം വേതന വർധന പ്രഖ്യാപിച്ച സാഹചര്യത്തിലാണു കെ.സുധാകരൻ പൊതുനിർദേശം നൽകിയത്. ആശമാർക്ക് ധനസഹായം നൽകാൻ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തും മണ്ണാർക്കാട് നഗരസഭയും നേരത്തെ തീരുമാനിച്ചിരുന്നു. കോന്നി പഞ്ചായത്തിലെ 19 ആശാ പ്രവർത്തകർക്ക് 2000 രൂപ വെച്ച് അധിക വേതനം നൽകും. മണ്ണാർക്കാട് നഗരസഭ മാസം തോറും 2100 രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപിച്ചത്. നേരത്തെ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയും ആശമാർക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു.
അതേസമയം സമരം തുടങ്ങി അമ്പതാം ദിവസമായ നാളെ ആശാ വർക്കർമാർ മുടിമുറിച്ച് പ്രതിഷേധിക്കും. സമരം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും സർക്കാർ സമരക്കാരെ പരിഗണിക്കാത്ത നിലയിലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനം. സമരത്തിലുള്ള ആശാ പ്രവര്‍ത്തകരും അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും മുടിമുറിച്ച് പ്രതിഷേധം അറിയിക്കും. ഉപരോധ സമരത്തില്‍ പങ്കെടുത്ത ആശാ വര്‍ക്കര്‍മാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞതിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.
ആശാ സമരത്തെ തള്ളിപ്പറയേണ്ട കാര്യമില്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നിലപാട്. ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കണം. പക്ഷേ ആശാ വർക്കർമാർക്ക് കൂടുതൽ ആനുകൂല്യം നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ വേതനം വർധിപ്പിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.