അശോകന്‍റെ നേതൃത്വത്തില്‍ തൃശൂർ കേന്ദ്രീകരിച്ച് 800 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായി ന്യൂസ് മലയാളമാണ് വാർത്ത പുറത്തുവിട്ടത്
കൈരളി അഗ്രികൾച്ചർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ് നിഷേധിച്ച് ചെയർമാനും മുൻ സിപിഎം നേതാവുമായ കെ.വി. അശോകൻ. തട്ടിപ്പ് ആരോപിച്ച് പരാതിയോ കേസോ ഇല്ലെന്നും കള്ളപ്പണം വെളുപ്പിക്കുന്നെന്ന ആരോപണം തെറ്റെന്നും അശോകൻ വ്യക്തമാക്കി. കേരളാ ബാങ്ക് സീനിയർ എക്‌സിക്യൂട്ടീവായി വിരമിച്ച അശോകന്‍റെ നേതൃത്വത്തില്‍ തൃശൂർ കേന്ദ്രീകരിച്ച് 800 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നതായി ന്യൂസ് മലയാളമാണ് വാർത്ത പുറത്തുവിട്ടത്.
എന്നാല്‍, സ്ഥാപനത്തിനെതിരെയുള്ള അരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിക്കുന്നത് ഡയറക്ടർ ബോർഡ് മുൻ അംഗമായ വനിതയും അനിൽ അക്കരയുമാണെന്ന് കെ.വി. അശോകൻ ആരോപിച്ചു. കൈരളി അഗ്രികൾച്ചർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയെ തകർക്കുകയാണ് ലക്ഷ്യമെന്നും അശോകൻ പറഞ്ഞു.
അതേസമയം, വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിച്ചും കള്ളപ്പണം വെളുപ്പിച്ച് നൽകിയുമാണ് തട്ടിപ്പ് നടത്തിയതെന്നാണ് ന്യൂസ് മലയാളത്തിന്‍റെ കണ്ടെത്തല്‍. പല തവണകളായി എഴോളം ധനകാര്യ സ്ഥാപനങ്ങൾ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഓൺലൈൻ ട്രേഡിങ്ങും മറ്റും ഉപയോഗിച്ചാണ് തട്ടിപ്പെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. അര ലക്ഷത്തോളം പേരാണ് നിക്ഷേപ തട്ടിപ്പിന് ഇരയായത്.
Also Read: EXCLUSIVE | തൃശൂർ കേന്ദ്രീകരിച്ച് 800 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; പിന്നിൽ സിപിഎം നേതാവ്
കള്ളപ്പണ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപമാണ് അശോകന്‍ കൈരളി മള്‍ട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി വഴി സ്വീകരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാനും വിദേശത്തേക്ക് കടത്താനുമുള്ള സഹായവും മന്ത്രിമാരുമായി ബന്ധങ്ങള്‍ ഉണ്ടാക്കി നല്‍കാമെന്ന വാഗ്ദാനവും അശോകന്‍ നല്‍കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
മന്ത്രിമാരുമായുള്ള ബന്ധങ്ങളും അവരോടൊപ്പമുള്ള ചിത്രങ്ങളും നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാന്‍ അശോകന്‍ ഉപയോഗിച്ചിരുന്നു. ഇയാളുമായി നടത്തിയ സംഭാഷണത്തിനിടെ ബാങ്കിങ് മേഖലയിലെ പ്രവൃത്തി പരിചയത്തെക്കുറിച്ചും കള്ളപ്പണം കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യവും വ്യക്തമായി. സ്വിസ് ബാങ്കില്‍ അക്കൗണ്ടുണ്ടെന്ന അവകാശവാദവും പണം വിദേശത്തേക്ക് കടത്തുന്നതിനുള്ള മാര്‍ഗങ്ങളും വിദേശത്തുള്ള ബിസിനസുകളെ കുറിച്ചും അശോകന്‍ പറഞ്ഞു. കൈരളി സൊസൈറ്റിയുടെ ബ്രാഞ്ചുകള്‍ കള്ളപ്പണം കൈകാര്യം ചെയ്യുന്നതിന് എങ്ങനെ ഉപയോഗിക്കുന്നുവെന്നും അശോകന്‍ വ്യക്തമാക്കി.