fbwpx
ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്ന് എം ഷാജര്‍ ഗൂഢാലോചന നടത്തി; മനു തോമസിന്റെ കത്ത് പുറത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Jun, 2024 04:08 PM

പാർട്ടി അണികളെ വഞ്ചിക്കുന്ന ഇത്തരം നിലപാടുകളുമായി സമരസപ്പെടാനാവാതെ മനം മടുത്താണ് പാർട്ടിയിൽ നിന്ന് അകലുന്നതെന്ന് മനു തോമസ് വ്യക്തമാക്കിയിരുന്നു

KERALA

യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് സിപിഐഎം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടില്ലെന്ന എം വി ജയരാജന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്. പരാതിയില്‍ ജില്ലാ കമ്മിറ്റി ഇടപെടുന്നതില്‍ വൈകി എന്ന് കാണിച്ച് സംസ്ഥാന സെക്രട്ടറിക്ക് മനു തോമസ് എഴുതിയ കത്താണ് പുറത്ത് വന്നത്. 

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും പാര്‍ട്ടി ഡി.സി അംഗവും ആയിരുന്ന തനിക്കെതിരെ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളുമായി ചേര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവും പാര്‍ട്ടി ഡിസി അംഗവും ആയ എം ഷാജര്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു ജില്ലാ കമ്മിറ്റിയിലെ പരാതിയിലെ ഉള്ളടക്കം എന്ന് മനു സംസ്ഥാന കമ്മിറ്റിക്ക് അയച്ച കത്തില്‍ പറയുന്നു. 

ഇതിന് തെളിവായി ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വന്ന ശബ്ദ രേഖ കൂടി ജില്ലാ കമ്മിറ്റിക്ക് മുമ്പില്‍ ലഭിച്ചിരുന്നു എന്നും കത്തില്‍ പറയുന്നുണ്ട്. പരാതി അന്വേഷിക്കാന്‍ ഒരു വര്‍ഷത്തോളം ജില്ലാ കമ്മിറ്റി തയ്യാറായില്ലെന്നും മൂന്ന് തവണ ജില്ലാ കമ്മിറ്റിയില്‍ വിഷയം ഉന്നയിച്ചെന്നും മനു തോമസ് സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

ചില നേതാക്കളുടെ ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം വെളിപ്പെടുത്തി പാര്‍ട്ടിയില്‍ നിന്ന് മനു തോമസ് പുറത്തുപോയത് അണികള്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന മനു തോമസ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയതോടെ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം വീണ്ടും ചര്‍ച്ചയാവുകയാണ്. പാര്‍ട്ടി അണികളെ വഞ്ചിക്കുന്ന ഇത്തരം നിലപാടുകളുമായി സമരസപ്പെടാനാവാതെ മനം മടുത്താണ് പാര്‍ട്ടിയില്‍ നിന്ന് അകലുന്നതെന്ന് മനു തോമസ് വ്യക്തമാക്കിയിരുന്നു.

യുവജന കമ്മീഷന്‍ അധ്യക്ഷന്‍ എം ഷാജറിനെതിരെ ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം പരാമര്‍ശിച്ച് നല്‍കിയ പരാതിയില്‍ നടപടി ഉണ്ടായില്ലെന്നും മനു തോമസ് പറഞ്ഞിരുന്നു. എന്നാല്‍ ഷാജറിനെതിരെ പരാതി നല്‍കിയെന്നത് തെറ്റാണെന്നും മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ വാദം. ജയരാജന്റെ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മനു തോമസിന്റെ കത്ത്.

എം ഷാജര്‍ ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും തെളിവായി ശബ്ദരേഖ ലഭിച്ചെന്നും ചൂണ്ടിക്കാണിച്ച് മനു തോമസ് ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. 2022 ഏപ്രില്‍ അവസാനം നല്‍കിയ പരാതി അന്വേഷിക്കുന്നത് വൈകിയെന്ന് സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. ഇത്തരം കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ശ്രദ്ധ വേണം എന്നെഴുതി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അവസാനിപ്പിച്ചെന്നും കത്തില്‍ പറയുന്നുണ്ട്.

പാര്‍ട്ടി വിട്ടതിന് പിന്നാലെ സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റികളുടെ വാട്‌സ്ആപ് ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലും മനു തോമസിന് പിന്തുണയുമായി നിരവധി പ്രതികരണങ്ങളാണ് വരുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തിരുത്തുമെന്ന് പറയുന്ന പാര്‍ട്ടി ഇങ്ങനെയാണോ തിരുത്തല്‍ നടത്തുന്നത് എന്നാണ് അവയില്‍ ഭൂരിഭാഗവും. മനു തോമസ് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നതിന്റെ സാങ്കേതിക കാരണങ്ങള്‍ക്കപ്പുറം പാര്‍ട്ടിയുമായി അകലാനുള്ള സാഹചര്യം വ്യക്തമായി പറയാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി തയ്യാറായിട്ടില്ല.

KERALA
മുണ്ടക്കൈ പുനരധിവാസം: ഇപ്പോള്‍ പുറത്തുവിട്ട ലിസ്റ്റ് അന്തിമമല്ല; എല്ലാ ദുരന്തബാധിതരെയും കാണുന്നത് ഒരുപോലെ: കെ. രാജന്‍
Also Read
user
Share This

Popular

KERALA
WORLD
സുനിതയെ കാണാം, പ്രസവാനന്തര ഉന്മാദത്തിന് മുമ്പും ശേഷവുമുള്ള സ്ത്രീ ജീവിതം