ജാമ്യം റദ്ദാക്കിയതിനെതിരായ കെജ്‌രിവാളിൻ്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ കോടതിയിൽ ഹാജരാക്കിയത്
മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. ജാമ്യം റദ്ദാക്കിയതിനെതിരായ കെജ്‌രിവാളിന്‍റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു അറസ്റ്റ്.
അതേസമയം, ജാമ്യത്തിനുള്ള സ്റ്റേ ചോദ്യം ചെയ്തുള്ള ഹര്‍ജി കെജ്‍രിവാള്‍ സുപ്രീംകോടതിയില്‍ നിന്ന് പിന്‍വലിച്ചു. സിബിഐ ചുമത്തിയ കേസും ഉള്‍പ്പെടുത്തി പുതിയ ഹര്‍ജി സമര്‍പ്പിക്കാനാണെന്ന് അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി സുപ്രീം കോടതിയിൽ അറിയിച്ചു. ഇ ഡി കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐ തിരക്കിട്ട നീക്കം നടത്തി ഇന്നലെ രാത്രി ജയിലിലെത്തി കെജ്‍രിവാളിനെ ചോദ്യം ചെയ്തത്.
വിചാരണ കോടതിയിൽ നിന്നും പ്രൊഡക്ഷൻ വാറൻ്റ് വാങ്ങിയാണ് ഇന്ന് രാവിലെ കെജ്‍രിവാളിനെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് സിബിഐ ആവശ്യപ്പെട്ടു. മദ്യനയ രൂപീകരണത്തില്‍ എക്സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. എതിര്‍പ്പറിയിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റി. മദ്യനയ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് ഡൽഹി മുഖ്യമന്ത്രിയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.
അതേസമയം, കസ്റ്റഡിയിൽ വിടുന്നതിനെ കെജ്‍രിവാളിന്‍റെ അഭിഭാഷകൻ എതിർത്തു. പക്ഷപാതപരമായാണ് അന്വേഷണ ഏജന്‍സികള്‍ പെരുമാറുന്നത്. ചോദ്യം ചെയ്യാൻ നൽകിയ അപേക്ഷയുടെ പകർപ്പ് സിബിഐ നൽകിയില്ല. കെജ്‍രിവാളിനെ ചോദ്യം ചെയ്തത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സാക്ഷിയെന്ന രീതിയിൽ ചോദ്യം ചെയ്ത ശേഷം സിബിഐ പ്രതിയാക്കുകയായിരുന്നു. അറസ്റ്റ് നിയമപരമായി രേഖപെടുത്തിയില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
തുടർന്ന് അറസ്റ്റിന് വേണ്ടിയുള്ള രേഖകൾ ഹാജരാക്കാൻ കോടതി സിബിഐയോട് നിർദ്ദേശിച്ചു. ഇതിനിടെ ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ കെജ്‍രിവാള്‍ നൽകിയ ഹർജി ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ്.വി.എന്‍.ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു. ഡൽഹി ഹൈക്കോടതി ജാമ്യം സ്റ്റേ ചെയ്ത് വാക്കാൽ ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെയാണ് ഹർജി നൽകിയിരുന്നത്. കഴിഞ്ഞ ദിവസം സ്റ്റേ നീട്ടി ഉത്തരവിറക്കിയതിനാൽ ഹർജി പിൻവലിക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.