പല രാജ്യങ്ങളിലും പെൺകുട്ടികളുടെ വിദ്യാഭ്യാസം അപകടത്തിലാണെന്ന് യൂസഫ്‌സായി പറഞ്ഞു
താലിബാൻ, സ്ത്രീകളെ മനുഷ്യരായി കാണുന്നില്ലെന്ന് നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. സ്ത്രീകളുടെ അവകാശങ്ങളെ താലിബാൻ അടിച്ചമർത്തുകയാണെന്നും മലാല പറഞ്ഞു. മുസ്ലീം രാജ്യങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആഗോള ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു താലിബാനെതിരായ മലാലയുടെ പ്രതികരണം.
സ്ത്രീകളെ മനുഷ്യരായി പോലും കാണാത്ത താലിബാൻ, അഫ്ഗാനിസ്ഥാനിലെ മുഴുവൻ പെൺകുട്ടികളുടെയും ഭാവി കവർന്നെടുക്കുകയാണ്. സാംസ്കാരികവും മതപരവുമായ ന്യായീകരണം കൊണ്ട് താലിബാൻ തങ്ങളുടെ കുറ്റകൃതൃങ്ങളെ മറയ്ക്കുകയാണെന്നും മലാല വിമർശിച്ചു. കൗമാരക്കാരായ പെൺകുട്ടികളെ സ്‌കൂളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും വിലക്കിയ താലിബാൻ്റെ നയങ്ങൾക്കെതിരെ ശബ്ദമുയർത്താൻ മുസ്ലീം നേതാക്കളോട് മലാല ആഹ്വാനം ചെയ്തു.
താലിബാൻ സർക്കാർ വീണ്ടും "ലിംഗ വർണ്ണവിവേചന സംവിധാനം" സൃഷ്ടിച്ചതായി മലാല പറഞ്ഞു. അവർ സ്ത്രീകളെയും പെൺകുട്ടികളെയും തല്ലുകയും, തടങ്കലിൽ വെച്ചും ഉപദ്രവിച്ചും ശിക്ഷിക്കുകയാണെന്നും മലാല പറഞ്ഞു. "സാംസ്കാരികവും മതപരവുമായ ന്യായീകരണം നടത്തിക്കൊണ്ട് അവർ അവരുടെ കുറ്റകൃത്യങ്ങളെ മറയ്ക്കുന്നു. എന്നാൽ നമ്മളുടെ വിശ്വാസത്തിന് എതിരായ കാര്യങ്ങളാണ് നടക്കുന്നത്", മലാല ചൂണ്ടിക്കാട്ടി.
ALSO READ: ക്രൂരത കുഞ്ഞുങ്ങളോടും; ഗാസയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 70 കുട്ടികള്‍
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (ഒഐസി), പാകിസ്ഥാൻ സർക്കാരും മുസ്ലീം വേൾഡ് ലീഗും നടത്തുന്ന ഉച്ചകോടിയിലേക്ക് താലിബാൻ സർക്കാർ നേതാക്കളെ ക്ഷണിച്ചിരുന്നുവെങ്കിലും ഒറ്റ പ്രതിനിധി പോലും പങ്കെടുത്തില്ല. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നും കോൺഫറൻസിൽ പങ്കെടുത്ത നിരവധി പേരാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആവശ്യമിന്നയിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് ഉച്ചകോടിയിൽ സംസാരിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അതേസമയം അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കാൻ ഇടപെടലുകൾ ഉണ്ടാകാത്തതിൽ മലാലയുടെ പിതാവ് സിയാവുദ്ദീൻ യൂസഫ്‌സായി നിരാശ അറിയിച്ചു.
സെക്കൻഡറി,ഉന്നത വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് സ്ത്രീകളെയും പെൺകുട്ടികളെയും തടയുന്ന ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്ഥാൻ. ഏകദേശം ഒന്നര ദശലക്ഷത്തോളം പേർക്ക് സ്‌കൂൾ വിദ്യാഭ്യാസം ബോധപൂർവം നിഷേധിക്കപ്പെട്ടുവെന്നാണ് ലഭ്യമാകുന്ന വിവരം."ആറാം ക്ലാസിന് ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പൂർണ്ണമായും നിരോധിച്ചിരിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്ഥാൻ", മലാല പറഞ്ഞു. ഡിസംബറോടെ, സ്ത്രീകൾക്ക് മിഡ്‌വൈഫുകളായും നഴ്‌സുമാരായും പരിശീലനം നൽകുന്നതിൽ വിലക്കേർപ്പെടുത്തി. രാജ്യത്ത് തുടർ വിദ്യാഭ്യാസത്തിലേക്കുള്ള അവസാന വഴിയും അടച്ചു കൊണ്ടുള്ള നീക്കമാണ് ഇത്. പല രാജ്യങ്ങളിലും പെൺകുട്ടികളുടെ വിദ്യാഭ്യാസം അപകടത്തിലാണെന്ന് യൂസഫ്‌സായി പറഞ്ഞു.
അഫ്ഗാൻ പെൺകുട്ടികളെ പിന്തുണയ്ക്കുന്നതിനായി സ്കോളർഷിപ്പുകൾ, ഓൺലൈൻ പ്രോഗ്രാമുകൾ, മറ്റ് വിദ്യാഭ്യാസ സംരംഭങ്ങൾ ആരംഭിക്കുവാൻ അഫ്ഗാനിസ്ഥാനിലെ യുണൈറ്റഡ് നേഷൻസ് അസിസ്റ്റൻസ് മിഷൻ മേധാവി റോസ ഒതുൻബയേവ അഭ്യർഥിച്ചു. 2012ൽ താലിബാൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതോടെയാണ് മലാല യൂസഫ്‌സായിയുടെ പേര് ലോകം ശ്രദ്ധിച്ച് തുടങ്ങുന്നത്.2014ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരവും മലാലയ്ക്ക് ലഭിച്ചിരുന്നു.