കാപ്പിസെറ്റ് എംഎംജിഎച്ച്എസ്, കാപ്പിസെറ്റ് ശ്രീനാരായണ എഎൽപി, ആടിക്കൊല്ലി ദേവമാതാ എഎൽപി എന്നീ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്
വയനാട് അമരക്കുനിയിൽ കടുവയുടെ സാന്നിധ്യം ഉറപ്പിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയ്ക്കായി വനം വകുപ്പിന്റെ ടീമുകൾ തെരച്ചിൽ ആരംഭിച്ചു. കുങ്കിയാനകളെ ഉപയോഗിച്ചും തെരച്ചിൽ നടത്തും. ഏഴാം തീയതി പുലർച്ചെയാണ് പ്രദേശത്ത് കടുവയിറങ്ങിയത്.
ALSO READ: പുല്‍പ്പള്ളിയിലെ കടുവയെ പിടികൂടാന്‍ രണ്ട് കുങ്കിയാനകൾ, വിക്രമും സുരേന്ദ്രനും; തെരച്ചിൽ തുടരുന്നു
അമരക്കുനിയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇന്ന് പുലർച്ചയും കടുവയുടെ ആക്രമണമുണ്ടായി. അമരക്കുനിക്കും ദേവർഗദ്ദക്കും സമീപം കൂട്ടിൽ കെട്ടിയ ആടിനെയാണ് കടുവ കൊന്നത്. കേശവൻ നെടിയകാലായിലെ ആടിനെയാണ് ഇന്ന് കൊന്നത്.
കടുവ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വയനാട് അമരക്കുനി, കാപ്പി സെറ്റ്, ദേവർഗദ്ദ മേഖലയിലെ സ്കൂളുകൾക്ക് പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാപ്പിസെറ്റ് എംഎംജിഎച്ച്എസ്, കാപ്പിസെറ്റ് ശ്രീനാരായണ എഎൽപി, ആടിക്കൊല്ലി ദേവമാതാ എഎൽപി എന്നീ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്.
കടുവയെ തെരയുന്നതിനായി കഴിഞ്ഞദിവസം മുത്തങ്ങയിൽ നിന്ന് കുങ്കിയാനകളെ എത്തിച്ചിരുന്നു. വിക്രം എന്ന ആനയെയാണ് എത്തിച്ചത്. സുരേന്ദ്രൻ എന്ന കൊമ്പനെയും എത്തിക്കും. ദൗത്യത്തിനായി തെർമൽ ഡ്രോൺ ക്യാമറയും ഉപയോഗിക്കും.