കോടതി വിധിക്കനുസരിച്ച് തന്റെ സര്‍ക്കാര്‍ വീണ്ടും നിയമന പ്രക്രിയ നടത്തുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി
ബംഗാൾ വിദ്യാഭ്യാസവകുപ്പിലെ നിയമന വിവാദത്തിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സുപ്രീംകോടതി വിധി വ്യക്തിപരമായി അംഗീകരിക്കാനാവില്ലെന്നായിരുന്നു മമതയുടെ ആദ്യ പ്രസ്താവന. എന്നാല്‍, കോടതി വിധിക്കനുസരിച്ച് തന്റെ സര്‍ക്കാര്‍ വീണ്ടും നിയമന പ്രക്രിയ നടത്തുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. പശ്ചിമ ബംഗാൾ സ്കൂൾ സർവീസ് കമ്മീഷന്റെ കീഴിലുള്ള 25,000 ത്തിലധികം അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി ശരിവെച്ചത്.
ബംഗാളിലെ വിദ്യാഭ്യാസ വ്യവസ്ഥയെ തകർക്കാൻ ബിജെപി ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു മമതയുടെ ചോദ്യം. "ഈ രാജ്യത്തെ ഒരു പൗരനെന്ന നിലയിൽ ജഡ്ജിമാരോട് പൂര്‍ണബഹുമാനം പുലര്‍ത്തികൊണ്ട് പറയുകയാണ്, ഈ വിധിയെ സ്വീകരിക്കാന്‍ എനിക്ക് കഴിയില്ല. മാനുഷികമായ വീക്ഷണകോണില്‍നിന്നാണ് ഞാന്‍ ഈ അഭിപ്രായം പറയുന്നത്. ഇത് വളച്ചൊടിച്ച് ആശയക്കുഴപ്പമുണ്ടാക്കരുത്," മാധ്യമങ്ങളോട് സംസാരിക്കവെ മമതാ ബാനർജി പറഞ്ഞു. സുപ്രീംകോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നും നിയമന പ്രക്രിയ വീണ്ടും നടത്താന്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനോട് ആവശ്യപ്പെട്ടുവെന്നും മമത പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ALSO READ: മമതാ സർക്കാരിന് വൻ തിരിച്ചടി; ബംഗാളിൽ 25,000 അധ്യാപകരുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി
കൊൽക്കത്ത ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ യാതൊരു കാരണവും കാണുന്നില്ലെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധി അംഗീകരിച്ചത്. നിയമനങ്ങൾ വഞ്ചനയിലൂടെ ഉണ്ടായതാണെന്നും അതിനാൽ അവ വഞ്ചനാപരമാണെന്നും കോടതി പറഞ്ഞു.
ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2016-ൽ നിയമനം ലഭിച്ചതുമുതൽ ജീവനക്കാർക്ക് ലഭിച്ച ശമ്പളം തിരികെ നൽകണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. ശമ്പളം തിരികെ നൽകേണ്ടതില്ലെന്നും എന്നാൽ അതിനുശേഷം ഒന്നും വേണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.
2024 ഏപ്രിലാണ് 25നാണ്, 573 അധ്യാപക-അനധ്യാപക നിയമനങ്ങള്‍ റദ്ദാക്കിക്കൊണ്ട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. നിയമനം കിട്ടിയവര്‍ ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും മടക്കി നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാര്‍ഥയുടെ സഹായിയായിരുന്ന അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് ഇഡി 21 കോടി രൂപയുടെ നോട്ടുകെട്ടുകളും ഒരു കോടി സ്വര്‍ണവും കണ്ടെടുത്തിരുന്നു.